കൂലി കുറച്ചുകൊണ്ടുവരികയും അങ്ങിനെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി കൂടുതൽ കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വശത്ത് തൊഴിലാളി വർഗ്ഗത്തിന്റെ അസംതൃപ്തി വർദ്ധിച്ചു വരുന്നതിനാലും മറുവശത്ത് അതിന്റെ ശക്തി വർദ്ധിച്ചു വരുന്നതിനാലും വ്യാവസായികവിപ്ലവം തൊഴിലാളിവർഗ്ഗത്താൽ നടത്തപ്പെടുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെ കളമൊരുക്കുന്നു.
ചോദ്യം 12: വ്യാവസായികവിപ്ലവത്തിന്റെ മറ്റു് അനന്തര ഫലങ്ങൾ എന്തെല്ലാമായിരുന്നു ?
ഉത്തരം: ആവിയന്ത്രത്തിന്റെയും മറ്റ് യന്ത്രങ്ങളുടെയും രൂപത്തിൽ വൻകിടവ്യവസായം, ചെറിയൊരു കാലയളവിലേക്കും ചുരുങ്ങിയ ചെലവിലും വ്യാവസായികോല്പാദനം അളവറ്റ തോതിൽ വർദ്ധിപ്പിക്കുവാൻ കഴിയത്തക്ക ഉപാധികൾ സൃഷ്ടിച്ചു. ഉല്പാദനം എളുപ്പമായതുകൊണ്ട് വൻകിടവ്യവസായത്തിന്റെ ആവശ്യഫലമായ സ്വതന്ത്രമത്സരം താമസിയാതെ അങ്ങേയറ്റം മൂർച്ഛിച്ചു. വളരെയേറെ മുതലാളിമാർ വ്യവസായത്തിലേക്കിറങ്ങി. ഉപയോഗിക്കാവുന്നതിൽ കൂടുതൽ സാധനങ്ങൾ വളരെ വേഗം തന്നെ ഉല്പാദിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി, നിർമ്മിത സാമഗ്രികൾ വിറ്റഴിക്കുവാൻ കഴിയാതെയായി. വാണിജ്യപ്രതിസന്ധി എന്നു പറയുന്ന സ്ഥിതി സംജാതമായി. ഫാക്ടറികൾക്ക് പ്രവർത്തനം നിർത്തേണ്ടി വന്നു. ഫാക്ടറി ഉടമകൾ പാപ്പരായി. തൊഴിലാളികൾക്ക് പിഴപ്പു മുട്ടി. കൊടിയ ദുരിതം സർവ്വത്ര നടമാടി. കുറേക്കഴിഞ്ഞ് മിച്ചോൽപ്പനങ്ങൾ വിറ്റഴിക്കപ്പെട്ടു. ഫാക്ടറികൾ വീണ്ടും പ്രവർത്തനനിരതമായി. കൂലി വർദ്ധിച്ചു. ക്രമേണ വ്യാപാരം പൂർവ്വാധികം ഊർജ്ജിതമായി നടക്കുവാൻ തുടങ്ങി. എന്നാൽ അധികം താമസിയാതെ ചരക്കുകൾ വീണ്ടും ക്രമത്തിലേറെ ഉല്പാദിപ്പിക്കപ്പെട്ടു. മറ്റൊരു പ്രതിസന്ധി ആരംഭിച്ചു. അത് മുമ്പത്തേതിന്റെ ഗതി തന്നെ പിന്തുടർന്നു. ഇങ്ങനെ ഈ നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് വ്യവസായത്തിന്റെ സ്ഥിതി സമൃദ്ധിയുടെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങൾക്കിടയിൽ ആടിക്കളിച്ചുക്കൊണ്ടിരിക്കുകയാണ്. ഒട്ടുമുക്കാലും കൃത്യമായി അഞ്ചു മുതൽ ഏഴു വരെ കൊല്ലങ്ങളിടവിട്ട് ഇത്തരം പ്രതിസന്ധി ആവർത്തിച്ചുവരികയാണ്. ഓരോ തവണയും അത് തൊഴിലാളികൾക്ക് കൂടുതൽ ദുസ്സഹമായ ദുരിതം വരുത്തിവയ്ക്കുന്നു, പൊതുവിപ്ലവവിക്ഷോഭവും നിലവിലുള്ള വ്യവസ്ഥിതിക്കൊട്ടാകെ ഏറ്റവും വലിയ അപകടവും ഉളവാക്കുന്നു.