ന്ത്രികപ്രവർത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്രതന്നെയെന്നു മാത്രമല്ല അതിലേറെ എത്രയോ നന്നായി ചെയ്യാവുന്ന പ്രവർത്തിയാണിത്. അങ്ങനെ നൂൽനൂല്പു-നെയ്ത്തു വ്യവസായത്തെപോലെതന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിൻ കീഴിലായി. എന്നാൽ അതുവഴി അവയെല്ലാം വൻകിടമുതലാളിമാരുടെ കൈകളിൽ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികൾക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിർമ്മാണത്തൊഴിലിനു (മാനുഫാക്ചർ) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികൾക്കിടയിൽ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകൾ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാർ ചെറിയ കൈവേലക്കാരെ കൂടുതൽ കൂടുതൽ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളിൽ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിൻ കീഴിൽ നടത്തിവരാനും ആ ശാഖകളിൽ ഒട്ടുമിക്കതിലും വൻകിട വ്യവസായം കൈത്തൊഴിലിനേയും നിർമ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വർഗ്ഗങ്ങൾ, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാർ, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വർഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വർഗ്ഗങ്ങൾ നിലവിൽ വന്നിരിക്കുന്നു. അതായത്: 1.വലിയ മുതലാളിമാരുടെ വർഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികൾ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാർത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങൾ, ഫാക്ടറികൾ മുതലായവ) ഏതാണ്ട് പൂർണ്ണമായും അവരുടെ വകയാണ്. ഈ വർഗ്ഗമാണ് ബൂർഷ്വാവർഗ്ഗം അഥവാ ബൂർഷ്വാസി. 2.യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികൾ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂർഷ്വാകൾക്കു വിൽക്കുവാൻ നിർബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വർഗ്ഗം. ഈ വർഗ്ഗത്തെ തൊഴിലാളി വർഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.
താൾ:Communist Manifesto (ml) appendix.djvu/3
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു