ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഷമായ ഒരു ദ്രവ്യം കുണ്ഡങ്ങളിൽ അർപ്പിക്കപ്പെടുന്നു. കുണ്ഡങ്ങളിൽനിന്നെഴുന്ന ധൂമം ചുറ്റും വ്യാപിച്ച് ഭക്തതതിയെ പരമാനന്ദാധീനരാക്കുന്നു. ധൂമത്തിന്റെ വിശേഷഗന്ധം ബാലന്റെ അപക്വമായും, ആ രാത്രിയിലെ ശ്രമങ്ങൾകൊണ്ടു ക്ഷീണമായുമുള്ള സ്‌നായുക്കളെത്തളർത്തി ബുദ്ധിയെ മന്ദിപ്പിക്കുന്നു; ഭൂസ്പർശം വെടിഞ്ഞ് ശരീരം ആകാശസഞ്ചാരവും ആരംഭിച്ചതുപോലുള്ള ഒരു ഭ്രമത്തെ ഉദിപ്പിക്കുന്നു; മൈതാനവും മണ്ഡപവും യോഗീശ്വരനും ഭക്തന്മാരും സ്വകീയരൂപങ്ങളെ ത്യജിച്ച് കാനൽജലമായതുപോലെ തോന്നിക്കുന്നു; ബ്രഹ്മാണ്ഡഭ്രമണത്തിനിടയിൽ സ്വശരീരം ശിഥിലീകരിപ്പെട്ട് പരമാണുക്കളായിത്തീർന്നതുപോലെയും, അനശ്വരമായ ആത്മാവ് അനന്തമായി സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതുപോലെയും ഒരാത്മാനുഭൂതി അവനു സഞ്ജാതമാകുന്നു.

ഇങ്ങനെയുള്ള മനോവികാരങ്ങൾക്കധീനനായി ബാലൻ സംഭ്രമിക്കുന്നതിനിടയിൽ ഡോലക്ക്, സാരന്ദ മുതലായ സംഗീതമഗ്രികളോടുകൂടി യോഗീശ്വരൻ ഒരു ശിവസ്തവഗാനം ആരംഭിച്ചു. മധ്യമശ്രുതിയിൽ ത്രിസ്ഥാനത്തെ അവലംബിച്ച് സൂക്ഷ്മമായും, സ്ഫുടമായും, സ്വരഭ്രമണചാതുരികളോടും, അനുഭവരസത്തോടും, ബ്രഹ്മാണ്ഡവും നിശാദേവിയും പരാശക്തിയും ദ്രവിച്ചുപോകും വണ്ണം ഒരു വിദേശീയകീർത്തനത്തെ സിദ്ധൻ ഗാനംചെയ്തു. അംഗവിക്ഷേപഗോഷ്ടികളൊന്നും കൂടാതെ സ്വരമാധുര്യംകൊണ്ടു ജീവലോകത്തെ വശീകരിച്ച് നിർജ്ജീവസാധനങ്ങളാക്കുന്ന യോഗീശ്വരൻ ഒരു ഗന്ധർവനെന്നപോലെ സദസ്യർക്ക് അപ്പോൾ കാണപ്പെട്ടു. സങ്കീർത്തനശ്രവണത്തിന്റെ ദിവ്യാനന്ദലഹരിയെ അനുഭവിക്കുന്ന ഇവരുടെ മനസ്സിൽ ആ പ്രദേശം ദേവവനിതമാരുടെ നൃത്തമണ്ഡപംതന്നെ എന്നുള്ള ഒരു മായാവിഭ്രമം ഉദിച്ചു. അവരുടെ ഉള്ളിലുണ്ടായ ക്ഷോഭങ്ങളുടെ തിരക്കുകൊണ്ടു പലതും ഉച്ചരിച്ച് ആ അവധൂതനെ അവതാരപുരുഷനാക്കിക്കല്പിച്ച് അവർ ആരാധനചെയ്തു.

പ്രഭു മുതലായ സദസ്യർക്കു സ്വർഗ്ഗാനുഭൂതിയെ ഉണ്ടാക്കിയ ആ സംഗീതം ബാലന്റെ ആത്മാവ് അനുഭവിച്ചുകൊണ്ടിരുന്ന ബ്രഹ്മാനന്ദനിർവ്വിശേഷമായ നിർവൃതിയെ ഭഞ്ജിച്ചു. രാജ്യങ്ങൾക്കു വില പോരുന്നതായ ആ സംഗീതത്തിന്റെ ആരംഭത്തിൽത്തന്നെ ബാലൻ അവനെ ഗ്രസിച്ചിരുന്ന സംഭ്രമണത്തിൽനിന്നു വിമുക്തനായി. ശിരോമാംസഭേദനം ചെയ്യപ്പെട്ട സന്ദർഭത്തിലും ആത്മപ്രൗഢിയെ പ്രദർശിപ്പിച്ച ബാലൻ സംഗീതവർഷമേറ്റപ്പോൾ പ്രാണഭയംകൊണ്ടെന്നപോലെ ഗാരുഡമായ വേഗത്തോടുകൂടി ആ ഭൂമിയിൽ നിന്നും പലായനംചെയ്തു. മാർഗ്ഗനിശ്ചയമില്ലായിരുന്നുവെങ്കിലും നക്ഷത്രങ്ങളുടെ ഗതിയെക്കുറിച്ചുള്ള ജ്ഞാനം അവൻ സമ്പാദിച്ചിരുന്നതിനാൽ രാത്രി എന്തായി എന്നും താൻ ഏതു ദിക്കിലേക്കു പോകുന്നുവെന്നും, നിർണ്ണയിക്കാൻ അവനു സാധിച്ചു. ചില വനപ്രദേശങ്ങൾ, കർഷകന്മാരാൽ സുരക്ഷിതമായ പറമ്പുകൾ, ജലശൂന്യമായ സരസ്സുകൾ, വിളവെടുത്തു വെയിൽകൊണ്ടു വരണ്ടുവിണ്ടതായ പാടങ്ങൾ, നിലംപറ്റി വളരുന്ന മുൾച്ചെടികളുടെ നിബിഡതകൊണ്ടു പാന്ഥവർജ്ജിതമായ മരുഭൂമികൾ, ഇതുകളെല്ലാം കടന്ന് അരുണപ്രഭ കണ്ടുതുടങ്ങിയപ്പോൾ തിരുവനന്തപുരത്തുനിന്നും ആരുവാമൊഴികോട്ടയ്ക്കുള്ള രാജപഥത്തിൽ ‘വില്ലിക്കിറി ’ എന്ന സ്ഥലത്തെത്തി, നേരെ പടിഞ്ഞാറു നോക്കി നടന്നു. കുറച്ചുദൂരം നടന്നതിന്റെശേഷം തന്റെ അഭീഷ്ടസിധിക്കായി അഗസ്ത്യോപദേശമായ ആദിത്യഹൃദയമന്ത്രത്തെ—

‘അഭ്യുദയം നിനക്കാശൂ വരുത്തുവാ–
നിപ്പോളിവിടേയ്ക്കു വന്നിതു ഞാനെടൊ.

എന്നുള്ള പ്രാരംഭഭാഗംമുതൽ ഉറക്കെയും ശബ്ദപദവ്യക്തികളോടും പാരായണംതുടങ്ങി. ഏകാഗ്രചിത്തനായി മന്ത്രജപത്തോടുകൂടി ബാലൻ നടക്കുന്നതിനിടയിൽ ശ്രീബാഹുലേയന്റെ വിവാഹസൗധമെന്നു പേർകൊണ്ടിരിക്കുന്ന വേളിമലയുടെ സാന്ദ്രമായ മരതകച്ഛവി കണ്ടുതുടങ്ങി. ശ്രീസമ്പൂർണ്ണമായ ആ വിശുദ്ധഹർമ്മ്യത്തിന്റെ മുഖമണ്ഡപംപോലെ ഉദയഗിരി എന്ന ദുർഗ്ഗവും അതിനു മകുടഭൂഷാസ്തംഭമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ധ്വജവും, ഉദയവാതപോതത്താൽ മന്ദമായി ചലിക്കപ്പെടുന്ന ശംഖമുദ്രാങ്കിതപതാകയും, കേതുവിന്റെ ഇരുഭാഗത്തും ദുർഗ്ഗത്തിന്റെ പാർശ്വവർത്തിയായ ക്ഷേത്രത്തിൽ വസിക്കുന്ന ദുർഗ്ഗായുഗളംതന്നെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/10&oldid=158361" എന്ന താളിൽനിന്ന് ശേഖരിച്ചത്