ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആത്മാണുക്കൾ ശങ്കാവേശംകൊണ്ട് അസ്വസ്ഥങ്ങളായിച്ചമഞ്ഞു. ഈ യുവാവിന്റെ ദർശനത്തിൽ അസംഗതമായ ഒരു മനസ്തമസ്സ് അവിടത്തെ ബാധിച്ചു. തന്റെ അന്വേഷണാരംഭം ധർമ്മലോപോന്മുഖമായ നീതിയുടെ വ്യതിയാനമോ എന്നുള്ള ഭയം അവിടത്തെ സത്യാനുവർത്തിയായ ആശയത്തെ ചലിപ്പിച്ചു. അപരാധകന്റെ സന്നിധിയിൽ ന്യായാധിപൻ പരുങ്ങുക എന്നുള്ള നിലയിൽ തന്റെ ഉദ്യമം പര്യവസാനിക്കുന്നതിനെ വിചാരിച്ച് അവിടന്ന് ആശ്ചര്യപ്പെട്ടു. ഈ സ്തോഭങ്ങൾ മഹരാജാവിന്റെ അന്തരംഗത്തിൽ വ്യാപരിച്ചു എങ്കിലും, അവിടത്തെ വദനത്തിന്റെ നിരുപമനിശ്ചലതയ്ക്കു യാതൊരു ഭംഗവും ഉണ്ടായില്ല. അവിടത്തെ പ്രജാപ്രധാനന്മാരിൽ അഗ്രഗണ്യനായുള്ള ഒരു പുരുഷോത്തംസത്തിന്റെ സന്താനമായ ആ യുവാവ് തിരുമുമ്പിൽ പ്രവേശിച്ച് ആചാരാനുസൃതമായി താണുതൊഴുത രീതിയിലും വിദ്യാപരിഷ്കൃതികൊണ്ടുള്ള ഒരു അഭിനവത്വമുണ്ടെന്ന് മഹാരാജാവിന്റെ മഹാമനസ്സു പ്രസാദിച്ചു.

ആ യുവാവ് ആ സന്നിധാനത്തിൽ ‘തന്മാത്രശേഷം ബല’നായി പ്രവേശിച്ചപ്പോൾ, അയാളുടെ ഹൃദയം ക്ഷീരസാഗരതരംഗതാണ്ഡവം തുടങ്ങി. രാജപാദാരാധനത്തെ അയാളുടെ കരങ്ങൾ എങ്ങനയോ നിവർത്തിച്ചു. അയാളുടെ നേത്രങ്ങൾ തൃപ്പാദലക്ഷ്യമായി മാത്രം ചേഷ്ടിച്ചു. ആ സൗധത്തിലെ ഭിത്തികളിലും തട്ടിലും തളിമത്തിലും ഉള്ള രാജസാലങ്കാരങ്ങളുടെ സൗഭാഗ്യത്തെ ആ നേത്രങ്ങൾ അനുഭവിച്ചില്ല. സമീപത്ത് ‘കൂജന്തം രാമരാമേതി’ എന്ന് ഒരു ശുകഗായകി കർണ്ണാമൃതത്തെ വർഷിച്ചതിന് ആ ശ്രവണപുടങ്ങൾ മുകുളിതങ്ങളായും ഇരുന്നു. കേശവൻകുഞ്ഞ് ഇങ്ങനെ നിസ്സീമമായ രാജഭക്തിയിൽ മുങ്ങി ഭ്രമിക്കുന്നതിനിടയിൽ, മഹാരാജാവ്, കേവലം വാണിജ്യവിഷയമെന്നപോലെ, “നിനക്കു കാര്യമെല്ലാം മനസ്സിലായിരിക്കുമല്ലോ? എന്താണു സമാധാനം പറയുവാനുള്ളത്?” എന്നു വളരെ ഞെരുങ്ങി അരുളിച്ചെയ്തു. അധികാരരസപ്രധാനമായുള്ള ഈ ചോദ്യം കേശവൻകുഞ്ഞിന്റെ പൈതൃകമായ പ്രഭുവീര്യത്തെ പൂർണ്ണമായി വികസിപ്പിച്ചു. മഹാരാജാവിന്റെ അരുളപ്പാടിനു മുമ്പുതന്നെ, അവിടത്തെ അതിവിഖ്യാതമായ ധർമ്മതൽപരതയുടെ സ്ഥിതിക്ക് അവസാനത്തിൽ തനിക്ക് അഭയസിദ്ധി ഉണ്ടാകുമെന്ന് ആ യുവാവു ധൈര്യപ്പെട്ടിരുന്നുവെങ്കിലും തന്റേതായും, താൻ ധരിച്ചിട്ടുള്ളതായും ഉള്ള പരമാർത്ഥങ്ങളെ മുഴുവൻ തിരുമനസ്സറിയിച്ചാൽ നിരപരാധികളായ മറ്റു ജനങ്ങൾകൂടി ആപദ്വലയത്തിൽ അകപ്പെടുമെന്നു ഭയപ്പെട്ട് അയാൾ രഹസ്യമായിവയ്ക്കാൻ നിശ്ചയിക്കാത്തതായ പരമാർത്ഥങ്ങളെ മാത്രം ധരിപ്പിച്ചുതീർത്ത് അവിടെനിന്നും വിടകൊണ്ടു രക്ഷപ്പെടാൻ ഇങ്ങനെ തുടങ്ങി: “അടിയൻ ആ—കല്പിച്ച് അടിയൻ—”

മഹാരാജാവ്: (അത്യന്തം ശാന്തതയോട്) “പരിഭ്രമിക്കേണ്ട. നിന്റെ അച്ഛനോടു പറയുമ്പോലെ വിചാരിച്ച്, പേടികൂടാതെ സത്യമെല്ലാം പറക.”

കേശവൻകുഞ്ഞ്: “അടിയൻ ആരെയും ഉപദ്രവിക്കാൻ ആലോചിക്കുന്നവനല്ല; അത് അച്ഛനറിയാം. തിരുവുള്ളത്തിലും അങ്ങനെ വിശ്വസിക്കണം. അണ്ണാവയ്യൻ നന്തിയത്തു കുട്ടിപ്പട്ടരായിരുന്ന് അച്ഛന്റെ സഹായംകൊണ്ടു നാണയവാണിഭം തുടങ്ങിയ ആളാണ്. സത്യത്തെ ഭയന്നു നടന്നതിനാൽ വ്യാപാരം അഭിവൃദ്ധമായി. അദ്ദേഹത്തിന്റെ സൂക്ഷിപ്പിലാണ് അടിയനെ തിരുവനന്തപുരത്തു പഠിപ്പിക്കാൻ അച്ഛൻ അയച്ചത്. പത്തുപതിനായിരം രാശിയിൽ കൂടുതൽ അച്ഛൻ അദ്ദേഹത്തിന്റെ കച്ചവടത്തിൽ മുടക്കീട്ടുണ്ട്. അടിയന്റെ ചെലവുകൾ വേണ്ടപോലെ നടത്തി, അപ്പഴപ്പോൾ കണക്കുകൾ അയച്ച്, ആണ്ടറുതിക്ക് ഉഭയശിഷ്ടം നന്തിയത്ത് അയച്ചുകൊടുക്കും. മുതൽ ഇന്നും അദ്ദേഹത്തിന്റെ കണക്കിൽ നിൽപാണ്. അടിയൻ അങ്ങോട്ട് കാശിനുപോലും കടപ്പെട്ടിട്ടില്ല. തൃപ്പാദങ്ങളുടെ നേർക്ക് അടിയൻ ദ്രോഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തെ കൊന്നവൻ അടിയൻതന്നെ. അടിയന്റെമേൽ ഇങ്ങനെ ഒരപരാധം ആരോപിപ്പെട്ടിരിക്കുന്നു എന്നു മാത്രവുംകേട്ടാൽ, അച്ഛനും പരമസാധു അമ്മയും പ്രാണങ്ങളെ ത്യജിക്കും. തിരുവുള്ളമുണ്ടായി രക്ഷിക്കണം. തൃപ്പാദത്തിൽ ഉണർത്തിപ്പാൻ ഇത്രയല്ലാതെ അടിയനു മറ്റൊന്നുമില്ല.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/101&oldid=158363" എന്ന താളിൽനിന്ന് ശേഖരിച്ചത്