- “കാഞ്ജനേർമിഴിയുടെ കാന്തിയാം പീയൂഷംകൊ–
- ണ്ടശ്ചസാ സംപൂർണ്ണമായ് വന്നിതു സഭാതലം.”
അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ —കേശവൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെപേരിൽ പരന്ന അപഖ്യാതിയും ധരിച്ചപ്പോൾ കേശവപിള്ള മന്ത്രക്കൂടത്തു വസിച്ചിരുന്ന ബാലികയുടെ തത്വത്തെ ആരാഞ്ഞുവരുവാനുണ്ടായ നിയോഗത്തെ തൽക്കാലത്തേക്കു വിളംബനംചെയ്തു. കേശവൻകുഞ്ഞിന്റെനേർക്കു വിധിക്കപ്പെട്ട കാരാവാസം നീതിനിർവഹണത്തിൽ ഒരു അപഥഗതിയായി കേശവപിള്ളയുടെ മനസ്സിൽ പതിഞ്ഞു. സ്വാർത്ഥമാത്രബുദ്ധികളായ ശത്രുക്കളുടെ കപടതന്ത്രങ്ങളാൽ ബ്രാഹ്മണനിഗ്രഹാപരാധം തന്റെമേൽ ആരോപിതമായേക്കാമെന്ന് ഒരു വ്യാകുലതയും അയാളുടെ മനസ്സിൽ ജനിച്ചു. അതിനാൽ തന്റെ പക്ഷത്തിലും മതിയായ മിത്രങ്ങളെ സംഭരിച്ചിരിക്കണമെന്നുള്ള താൽപര്യത്തോടുകൂടി അയാൾ രാമവർമ്മത്തു പടത്തലവരേയും പോക്കുമൂസ്സാമരയ്ക്കായർ എന്ന വർത്തകനേയും തന്റെ തൽക്കാലസ്ഥിതിസംബന്ധമായുള്ള യാഥാർത്ഥ്യങ്ങളെ ലേഖനംമൂലം ധരിപ്പിച്ച് ബലസജ്ജീകരണംചെയ്ത് രണ്ടുമൂന്നു ദിവസം കഴിഞ്ഞതിന്റെശേഷം കേശവപിള്ള ഭഗവതിഅമ്മയെ കഴക്കൂട്ടത്തേക്കു യാത്രയാക്കി.
രാജവിശ്വസ്തനും സുയശസ്കനും ആയ കേശവപിള്ളയുടെമേൽ ഹരിപഞ്ചാനനൻ അപവാദാരോപണംചെയ്ത പൈശൂന്യത്തെ, വധപരമാർത്ഥങ്ങളെ അറിഞ്ഞിരുന്ന വൃദ്ധസിദ്ധൻ ശാസനംചെയ്തു. അവർ തമ്മിലുള്ള ബന്ധവിശേഷംകൊണ്ടു ഹരിപഞ്ചാനന് വൃദ്ധസിദ്ധനെ പ്രതിശാസിക്കയെന്നല്ല, അയാളോട് അൽപമായ ദുർമ്മുഖത ഭാവിക്കപോലും ശക്യമായിരുന്നില്ല. ഇങ്ങനെ ഉത്ഭവിച്ച അസ്വരസം ദിവസേന വർദ്ധിച്ചുവന്നു. ഇക്കാലത്തിനിടയിലും ചന്ത്രക്കാറൻ യോഗീശ്വരന്റെ ആജ്ഞാനുസാരമായി തിരുവനന്തപുരത്തു താമസിച്ച് ദളവ മുതലായവരെക്കണ്ട് നിയമവ്യാളിയുടെ ദംഷ്ട്രകൾക്കുള്ളിൽ അകപ്പെട്ടുപോയ തന്റെ ഭാഗിനേയനെ മോചിപ്പാനുള്ള ശ്രമങ്ങൾ ചെയ്തുകൊണ്ടിരുന്നു.
തനിക്ക് ഒരു വല്ലായ്മ എന്നുള്ള വ്യാജകാരണം പറഞ്ഞ് തിരുമുമ്പിൽ പോകാതെ കഴിക്കുന്ന കേശവപിള്ളയ്ക്കു പകരം അടുത്ത ഊദ്യാഗസ്ഥാനികനായ ഉമ്മിണിപ്പിള്ള തിരുമുമ്പിൽ ഹാജരായിത്തുടങ്ങി. ചന്ത്രക്കാറന്റെ കരതലംകൊണ്ട് തന്റെ ഗളത്തിൽ ചാർത്തപ്പെട്ട അർദ്ധചന്ദ്രാലംകൃതിക്കു യുക്തരൂപമായ ഒരു സമ്മാനത്തെ ഗർവിഷ്ഠനായ ആ മഹാപ്രഭുവിനു പ്രത്യർപ്പണംചെയ്‌വാൻ ഉൽക്കണ്ഠിതനായും, കേശവൻകുഞ്ഞുനിമിത്തം തന്റെ പ്രണയസിദ്ധിക്കു നേരിട്ടിരിക്കുന്ന പ്രതിബന്ധത്തെ ഉന്മൂലനം ചെയ്‌വാൻ ജാഗരൂകനായും ഇരിക്കുന്ന ആ വീണാധരൻ അണ്ണാവയ്യന്റെ വധകാര്യത്തിൽ ചന്ത്രക്കാറനും കേശവൻകുഞ്ഞിനും പ്രത്യക്ഷബന്ധമുള്ളതായി തനിക്കു ചില അറിവുകൾ ഉണ്ടെന്ന്, ഒരു ഏഷണി തിരുമനസ്സിൽ കൊള്ളിക്കാൻ ഒന്നു ശ്രമിച്ചു. എന്നാൽ അയാളുടെ കണ്ഠതന്ത്രി പ്രയോഗാരംഭത്തിൽത്തന്നെ നാദശൂന്യമാക്കപ്പെട്ടു. “രേ രേ രാവണ” എന്ന അംഗദപ്രത്യവസ്കന്ദനത്തിന്റെ അവഹേളനത്തെ സ്ഫുരിക്കുന്നതായ ഒരു നോട്ടംകൊണ്ട്, ഉമ്മിണിപ്പിള്ളയും കേശവൻകുഞ്ഞും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്ന് മഹാരാജാവ് ആ വികൃതസൃഷ്ടിയെ ധരിപ്പിച്ചു. തന്റെ ഭസ്മചന്ദനക്കുറികളും ശരീരപാംസുക്കളും വിയർത്തൊഴുകി കഷായിച്ച്, ചന്ത്രക്കാറന്റെ ‘മച്ചമ്പി’ ആയിരുന്ന ‘ഉമ്മിണിശ്ശവം’ ശേഷിച്ച പ്രാണനുംകൊണ്ട് തിരുമുമ്പിൽനിന്നു വിടവാങ്ങി.
ഹരിപഞ്ചാനനയോഗീശ്വരന്റെ ഘോഷയാത്രയെത്തുടർന്നുണ്ടായ ഭഗവതീയോഗീശ്വരിയുടെ ആഗമനത്തിൽ കഴക്കൂട്ടത്തു സൽക്കാരോത്സവാഡംബരങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും, ആ സ്ഥലം അവരുടെ വാസസൗഭാഗ്യത്തെ രണ്ടുമൂന്നു ദിവസത്തോളം വിഘ്നരഹിതമായി അനുഭവിച്ചു. ആ ചിത്രലേഖയുടെ മടക്കത്തിനു താമസം വന്നപ്പോൾ അവരുടെ ദൗത്യം അതിസാമർത്ഥ്യപ്രകടനത്താൽ ദുർഘടത്തിൽ പരിണമിച്ചേക്കുമോ എന്നു ശങ്കിച്ച് ആറേഴു