ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഭൂകമ്പിനി, ഗർഭധ്വംസിനി എന്ന നാമങ്ങളെ ധരിച്ച് രക്ഷിതാക്കളായി നില്ക്കുന്നതുപോലെ കാണപ്പെടുന്ന വലിയ പീരങ്കികളും, ദുർഗ്ഗത്തെ ആവരണംചെയ്യുന്ന ഉന്നതമായ ഛിദ്രപ്രാകാരവും, ദിഗ്ഗജങ്ങൾപോലെ എട്ടു ദിശാഭാഗങ്ങളിലും ഉറപ്പിക്കപ്പെട്ടിട്ടുള്ള കൊത്തളങ്ങളൂം, ആ സ്ഥലങ്ങളിലെ ഛിദ്രദ്വാരങ്ങളിൽക്കൂടി വൈരിവാരങ്ങൾക്കു ഭയപ്രദമായി വദനരന്ധ്രങ്ങളെ കാണിക്കുന്ന ചെറുതരം പീരങ്കികളും, അവിടെ സഞ്ചരിക്കുന്ന ഭടജനങ്ങളുടെ കരങ്ങളിൽ ലസിക്കുന്നവയും സൂര്യപ്രഭതട്ടി വജ്രശാലകൾപോലെ ശോഭിക്കുന്നവയുമായ ആയുധങ്ങളും ആ സ്ഥലത്തെ സ്കന്ദക്രീഡാസങ്കേതേമെന്ന് ഉച്ചൈസ്തരം ഘോഷിച്ചുകൊണ്ടിരുന്നു. രാജപഥത്തിനരികിലുള്ള കൊത്തളത്തിന്റെ സമീപത്തു ബാലൻ എത്തിയപ്പോൾ കോട്ടയ്ക്കകത്തുനിന്ന് ഉച്ചസ്വരത്തിലുള്ള ചില സൈനികാജ്ഞകളും, പട്ടാളങ്ങളുടെ പടഹകാഹളശബ്‌ദങ്ങളും, അതുകളെ തുടർന്ന് ദുർഗ്ഗഭേദനംചെയ്യുമാറുള്ള ആർപ്പുകളും കേൾക്കുമാറായി. നിർജ്ജീവരാശികൾക്കും ജീവചൈതന്യത്തെ ദാനംചെയ്യുന്നതായ യോഗീശ്വരസംഗീതത്തിൽ വിരസനായ ബാലന് ഗംഭീരമായ സൈനികവാദ്യാരവം സ്വാരസ്യഭൂയിഷ്ഠമായ സരളസംഗീതമെന്നു തോന്നി; അവന്റെ ഉന്മേഷം വളർന്ന്, ‘സന്താപനാശകരായ നമോ നമഃ’ എന്ന് പാരായണത്തെ മുറുക്കിക്കൊണ്ട് ബാലൻ കോട്ടയുടെ പശ്ചിമദ്വാരത്തിലേക്കു സന്ദർഭയുക്തമായ ഗാംഭീര്യത്തോടും ഉത്സാഹത്തോടും നടന്നുതുടങ്ങി.

പാന്ഥനായ കുമാരന്റെ ശ്രവണങ്ങളിൽ പീയൂഷസേചനംചെയ്ത കാഹളാദിരവങ്ങൾ രാജശാസനത്തോടുകൂടി പുറപ്പെടുന്ന സ്ഥാനാപതിക്കു നല്കപ്പെട്ട സൈനികാചാരഘോഷങ്ങളായിരുന്നു. സ്ഥാനാപതിയായ പ്രഭുവും സഹകാരികളും അവരുടെ പരിചാരകവൃന്ദവും ഉൾപ്പെടെയുള്ള ആ സംഘത്തിന്റെ യാത്ര കാണുന്നതിനായി വിശാലമായ രാജപാതയിൽ അസംഖ്യം ജനങ്ങൾ പാർശ്വങ്ങളിൽ ഒതുങ്ങി അത്യാദരത്തോടുകൂടി നിന്നിരുന്നു. കാഴ്ചയിൽ ഒരു വ്യാപാരസംഘമെന്നു തോന്നിക്കുന്നതിനുള്ള ഒരുക്കങ്ങളോടുകൂടിയാണ് ആ സംഘം പുറപ്പെട്ടത്. എന്നാൽ, നടുക്കെട്ടുകളും ഭാണ്ഡക്കെട്ടുകളും ശരീരരക്ഷയ്ക്കുള്ള ആയുധനിക്ഷേപസ്ഥാനങ്ങളെന്നു സൂക്ഷ്മദൃക്കുകൾക്കു കാണാമായിരുന്നു. സംഘത്തലവനായ പ്രഭു ചെമ്പഴുക്കാവർണ്ണത്തിലുള്ള ഒരു അറബിക്കുതിരപ്പുറത്ത് ആരോഹണംചെയ്ത് അതിനെ ദൃഢമായി നടത്തി പുറപ്പെടുംവഴിയിൽ ജനതതി ആനന്ദഭരിതരായി ആർപ്പുകൾകൊൾണ്ട് വിജയത്തെ ആശംസിച്ചു. അദ്ദേഹത്തിന് അനുയാത്രയായി കുതിരയുടെ അടുത്തുകൂടി നടന്നിരുന്ന സ്വന്തം കാര്യസ്ഥനായ ഒരു നായർ, ബാലന്റെ അഭിമുഖമായുള്ള ആഗമനം കണ്ടപ്പോൾ ദുശ്ശകുനശങ്കകൊണ്ട് “അങ്ങുന്നേ, പൊല്ലാശകുനമല്ലയോ കാണുന്നത്?” എന്നു മന്ത്രിച്ചു.

പ്രഭു: “എത്ര ശകുനങ്ങൾ കണ്ടു; എന്തെല്ലാം ശകുനപ്പിഴകൾ അനുഭവിച്ചു! നീ തിരിച്ചുപോ. മുന്നോട്ടുവച്ച കാൽ പിൻവലിക്കാൻ മടിയുണ്ട്.”

നായർ: “വേലുത്തമ്പി അങ്ങത്തെ അന്വേഷിപ്പാൻകൂടിഅല്ലയോ അങ്ങുന്നു പോണത്? അതുകൊണ്ട്, ശകുനം കൂട്ടാക്കതെ പോയാലോ?”

തന്റെ രണ്ടാമത്തെ പുത്രിയുടെ ഭർത്താവ് ചില സംഗതികളാൽ സ്വഭാര്യയേയും ഗൃഹത്തേയും നാട്ടിനേയും ത്യജിച്ചു പോയിരിക്കുന്ന സംഗതിയേ അപ്പോഴത്തെ യാത്രാരംഭത്തിലും തന്റെ ഭക്തനായ ഗൃഹകാര്യസ്ഥൻ ഇതിന്മണ്ണം തന്നെ ഓർമ്മിപ്പിച്ചപ്പോൾ പുത്രിയെക്കുറിച്ചുള്ള വാത്സല്യംകൊണ്ട് അദ്ദേഹത്തിനു ക്ലേശാവർത്തനമുണ്ടായി. എന്നാൽ, മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: “സ്വന്തം കാര്യം കിടക്കട്ടെ, രാജകല്പനയെ ലംഘിച്ചുകൂടാ. ബാല്യം മുതൽക്കേ ജീവൻ തൃപ്പാദത്തിൽ പണയപ്പെട്ടുപോയി. അച്ഛന്റെ ചരമാജ്ഞയും ആ പണയപ്പാടിനെ ഭേദപ്പെടുത്തരുതെന്നാണ്; ഞാൻ കൂലിക്കാരനല്ല അതുകൊണ്ട് കല്പന തന്ന സമയത്തെ ശുഭാശുഭത്തെ മാത്രമേ നോക്കാനുള്ളു. അവിടുത്തെ കാത്തുരക്ഷിക്കുന്ന ശ്രീപത്മനാഭൻതന്നെ നമുക്കു തുണ.”

പ്രഭുവിന്റെ വാക്കുകൾക്കുണ്ടായ ഉപശ്രുതി അദ്ദേഹത്തിന്റെ അടുത്തെത്തിയ ബാലന്റെ,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/11&oldid=158372" എന്ന താളിൽനിന്ന് ശേഖരിച്ചത്