ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവന്റെ പല്ലു പറിക്കേണ്ടയോ?” ആദ്യമായി മുറ്റത്ത് ആഗമിച്ച കുപ്പശ്ശാർ “ഛ്ണീ! ഛ്ണീ! എല്ലും ഫല്ലും ഫണിക്കണതു ഫിന്നെ. കുഞ്ഞെവിണേന്നു ണോക്കിൻ!” (ഭഗവതിയമ്മയെ ചൂണ്ടിക്കാണിച്ച്) “ഇപ്പെമ്പണന്നവര്—”

ഭഗവതിഅമ്മ: “ഛീ! മൂക്കറമാടൻ തുള്ളാണ്ടു നിയ്ക്കു കൂവാ. തന്റെ ‘പെമ്പറന്നവരൊ’ ഞാൻ? എടാ നെട്ടപ്പനയാ! തന്നെപ്പെറ്റടിച്ചത് ആമ്പറന്നവരൊ?”

കുപ്പശ്ശാർ ഈ വാഗ്വിഷമേറ്റു പൊട്ടിച്ചിരിച്ചതേയുള്ളു. അതിന്റെ കൂർത്ത ശ്രുതിയും വക്താവിന്റെ ആട്ടുകളും കൂടിയാട്ടവും കണ്ട് ചന്ത്രക്കാറനും അണഞ്ഞ ദീപംപോലെ സ്വല്പം ഒന്നു പുകഞ്ഞുനിന്നു. ഭഗവതിഅമ്മ മാമാവെങ്കിടനേയും കേശവപിള്ളയേയും ഞെരിച്ചു കൊണ്ട് അകത്തു കയറി. ചന്ത്രക്കാറൻ മാമാവെങ്കിടനോടു കയർത്ത് കാര്യമെടുത്ത്, ചില ചോദ്യങ്ങൾചെയ്തു.

മാമാവെങ്കിടൻ: “ചന്ത്രക്കാറങ്ങുന്നെ, ‘സാ’എന്നു തുടങ്ങണം. ‘നീ’യിൽ എടുത്താൽ അങ്ങുവരെ നിൽക്കൂല്ല. ഈ അപ്പനു കുറ്റമൊന്നുമില്ല. ആ ഉമ്മിണിപ്പിള്ള ശുദ്ധ വിദ്യുജ്ജിഹ്വൻ! ഹ! എന്തെല്ലാമാണു പറഞ്ഞത്? പല്ലു പറിക്കയോ? പല്ലിനു കൊതിയുണ്ടെങ്കിൽ, പുത്തൻകോട്ട ശ്മശാനത്തിൽ പോയിപ്പെറുക്കണം. അതിന്റെ ഗ്രഹപ്പിഴ ഇക്കുഞ്ഞിനെ ഇവിടെക്കിഴുത്തു, അതിലേക്ക് കേശവപിള്ളയാണോ കുറ്റക്കാരനായത്? ചന്ത്രക്കാറനങ്ങുന്ന് നല്ലതിന്മണ്ണം ബുദ്ധി ഉറപ്പിച്ചാലോചിക്കണം. നിങ്ങടെ കുഞ്ഞുപോലെതന്നെ, മാമന്റെ കുഞ്ഞുമാണ്. പുറകോട്ടേക്കഥകളിൽ കേറിയാൽ മുള്ളു ചവിട്ടും. അങ്ങനെ അല്ലേ അങ്ങുന്നേ? മിണ്ടാതെ കുഞ്ഞിനെ കൊണ്ടുപൊയ്ക്കൊള്ളിൻ! അതാണുത്തമം.”

ഉമ്മിണിപിള്ള: “താൻ വയ്പടവെട്ടാൻ വലിയ കട്ടിയക്കാറൻതന്നെ—”

മാമാവെങ്കിടൻ: “നിന്റെ ‘ഗ്വാഗ്വാ’യ്ക്ക് ആരെങ്കിലും ക്ഷണത്തിൽ പൊലിക്കും. ഞാൻ വായ്പടയനാണല്ലേ? നല്ലകാലത്ത് ആ ഊട്ടുപുരയിലെ എരിശ്ശേരിവാർപ്പ് ഒരുതല പൊക്കുന്ന കയ്യായിരുന്നു ഇത്. അന്നായിരുന്നുവെങ്കിൽ, നീ ഒരു കശക്കിന്റെ കഷണത്തിന്നുണ്ടോ? ഇന്നു തരത്തിന് തരം ഇതാ വിട്ടിരിക്കുണു. അതാ നില്ക്കുന്നു കേശവപിള്ള–പയറ്റുകാണട്ടെ–അക്കൈയ്യ് ഒന്നു മടക്ക്— കാണിക്ക്—പ്രാഗ്ത്ഭ്യം—‘കിന്തു ഭോ ചൊന്നതും വാസുദേവ!’ എന്ന്. ഏറെക്കുതിക്കേണ്ട. കൈവിലാസങ്ങൾ അങ്ങു ദൂരത്തു വച്ചേക്ക്. ഈന്തപ്പനച്ചീന്തലിലാണ് നിന്റെ ധനാശി എന്നു കണ്ടോ.”

ഇങ്ങനെ തന്റെ വത്സനുവേണ്ടി തലകൊടുത്ത് മാമൻ കലശൽ മുറുക്കുന്നതിനിടയിൽ, ഭഗവതിഅമ്മ മീനാക്ഷിക്കുട്ടിയെ പുറത്തിറക്കിക്കൊണ്ടുവന്നു. അവളെ കണ്ട ഉടനെതന്നെ ചന്ത്രക്കാറൻ “നുമ്പേ നട” എന്ന് ഉത്തരവുകൊടുത്തു.

മീനാക്ഷി : “ഞാൻ വരുന്നില്ലാ.”

ചന്ത്രക്കാറൻ: “വരുണില്ലയോ? എ! ഇവിടെ പൊറുതിക്കൊണ്ടേച്ചോ? പിള്ളേടെ കണ്ണെന്ത്? ചെമ്പിടാംകുഴിയിലോ ചെന്ന് ഇരിക്കുന്നത്?”

മീനാക്ഷി: (കേശവപിള്ളയോടും മാമനോടും) “ഇദ്ദേഹത്തിന് എന്റെമേൽ ഒരവകാശവുമില്ല. ശാസിപ്പാനും കൊണ്ടുപോകാനും ഒരധികാരവുമില്ല. എന്നെ ആരും തൊടാതെ നിങ്ങളെങ്കിലും രക്ഷിക്കണം.”

ചന്ത്രക്കാറൻ: (ദ്വേഷ്യത്തോട്) “പെണ്ണേ! എന്തു ചലമ്പുണു നീ? ആരെന്നു കണ്ടാണീഹവങ്കാരങ്ങള്?”

അധികം വാക്കുകൾക്ക് ഇടകൊടുക്കാതെ കുപ്പശ്ശാർ മുമ്പോട്ടുകടന്ന് മീനാക്ഷിക്കുട്ടിയോടു സ്നേഹപുരസ്സരമായി ചില കർണ്ണമന്ത്രങ്ങൾ ജപിച്ച്, അവളെ വശത്താക്കിക്കൊണ്ട് അവിടെനിന്നു തിരിച്ചു. ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും അനുഗാമികളും കേശവപിള്ളയുടെ നേർക്ക് ഒരു ലഹളയ്ക്കൊരുമ്പെട്ടു. കൂട്ടത്തിനിടയിൽ കാഴ്ചക്കാരനായി പ്രവേശിച്ചു നിന്നിരുന്ന പക്കീർസാ മുമ്പോട്ടു കടന്നു. അയാളുടെയും ചന്ത്രക്കാറന്റെയും നേത്രങ്ങളിടഞ്ഞു.


"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/112&oldid=158375" എന്ന താളിൽനിന്ന് ശേഖരിച്ചത്