ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം.”

എന്നുള്ള മന്ത്രസമാപ്തിയായിരുന്നു. അതു കേട്ട് അത്യന്തം പ്രസാദത്തോടുകൂടി പ്രഭു തന്റെ കാര്യസ്ഥനോട് ഇങ്ങനെ പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു: “അവൻ ജപിച്ചുവന്ന മന്ത്രത്തേക്കാൾ ഉത്തമമായ ശകുനം എന്താണുള്ളത്? ഭയപ്പെടേണ്ട, എല്ലാം ശുഭമായ് വരും.”

നായർ: (ബാലനെ സൂക്ഷിച്ചുനോക്കി, വർദ്ധിച്ച പരിഭവത്തോടുകൂടി) “ചോര എറപ്പിച്ചോണ്ടു വരുന്നവൻ നല്ല ശകുനമെന്നു വല്യോരു പറഞ്ഞോണ്ടാൽ—”

പ്രഭു: (ബാലനോട്) “നീ എങ്ങോട്ടു പോകുന്നു അപ്പൻ?” പ്രഭുവിന്റെ കരുണാപൂരിതസ്വരത്തിലുള്ള ചോദ്യം കേട്ട് ബാലൻ തിരിഞ്ഞുനിന്നു. ശകുന്തളാപുത്രനായ ഭരതകുമാരൻ പ്രഥമദർശനത്തിൽ സ്വപിതാവിന്റെ അംഗവിലോകനം ഗംഭീരനായി ചെയ്തതുപോലെ ബാലൻ പ്രഭുവിനേയും അശ്വത്തേയും ലക്ഷണശാസ്ത്രജ്ഞന്റെ ഭാവത്തിൽ നോക്കിത്തുടങ്ങി. ബാലന്റെ അംഗസൗഷ്‌ഠവവും പ്രഭയും പ്രായവും തന്റെ മൃതനായ ഒരു പുത്രനെ ഓർമ്മിപ്പിക്കയാൽ അവന്റെനേർക്കു പ്രത്യേകമായ ഒരു വാത്സല്യം പ്രഭുവിൽ അങ്കുരിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിനെ മൃദുലമായ സ്വരത്തിൽ ഒന്നുകൂടി ആവർത്തിച്ച് പ്രഭു യോഗീശ്വരനെക്കാൾ സൗന്ദര്യസമ്പന്നനും സ്വസമ്പർക്കയോഗ്യനും എന്നു ബാലന്റെ നേത്രിങ്ങൾക്കു തോന്നുകയാൽ, അദ്ദേഹത്തിന്റെ പ്രശ്നത്തിനു പ്രാതരാശാകാംക്ഷയ്ക്കിടയിലും അവൻ കനിഞ്ഞു— “പുള്ളിപ്പട്ടാളത്തിൽ ചേരാൻ പോണു. പൊന്നുതമ്പുരാനെ സേവിച്ചാൽ കണ്ടോരുടെ കാലുപിടിക്കേണ്ടല്ലൊ.” പ്രഭുവിന്റെ പുരികങ്ങളും ഓഷ്‌ഠസന്ധികളും ഈ വാക്കുകൾ കേട്ടുണ്ടായ ചിന്തകൾക്കിടയിൽ അർത്ഥവത്തായി ചലിച്ചുപോയി. അങ്ങനെ സംഭവിച്ചത് പുള്ളിപ്പട്ടാളത്തിൽ ചേരുന്നതിനു പ്രായം ഒട്ടുംതന്നെ അടുത്തിട്ടില്ലാത്തവനായ ബാലന്റെ പുറപ്പാടുകൊണ്ടെന്നു പ്രത്യേകമായി നടിച്ച്, അവന്റെ മനസ്സിൽ ഉദിച്ച് മുഖത്തു പ്രസരിച്ചുതുടങ്ങിയ നീരസത്തെ ബുദ്ധിമാനായ പ്രഭു നീക്കി, രാജസേവനത്തെക്കുറിച്ച് അഭിപ്രായമൊന്നും പുറപ്പെടുവിക്കാതെ, “ഈ മുറിവ് നിനക്കെങ്ങനെ കിട്ടി?” എന്നു ചോദ്യം ചെയ്തു.

ബാലൻ: “നാക്കിന്റെ നെറികേടുകൊണ്ടു കിട്ടി.”

പ്രഭു: “കൊണ്ടതിന് അങ്ങോട്ടു കൊടുക്കാതെ നീ പോന്നോ? നിന്നെ കണ്ടിട്ട് ഒരു റൊക്കപ്പുള്ളിയാണെന്നു തോന്നുന്നല്ലോ.”

ബാലൻ: (നിലത്തു നോക്കി ആത്മഗതമായിട്ടാണെങ്കിലും, ഉറക്കെ) ”എന്തുചെയ്യാം! തന്നത് പെറ്റമ്മയെപ്പോലെ ഒരു പെൺ‌പിറന്നവരായിപ്പോയി!”

ബാലന്റെ സങ്കോചങ്ങൾകൂടാതുള്ള മറുപടികളും ഒടുവിലത്തെ ആത്മഗതവും കേട്ടപ്പോൾ പ്രഭുവിന് അവനിൽ കാഴ്ചയിൽത്തന്നെ ജനിച്ച പ്രസാദം വളരെ വർദ്ധിച്ചു. പ്രഭുവിന്റെ അടുത്തു പുറകിലായി വേറൊരു അശ്വത്തിൽ ആരോഹണംചെയ്തു പുറപ്പെട്ടിരുന്ന ആലി ഹസൻകുഞ്ഞ് പോക്കുമൂസ് മരക്കായർ നൂഹുക്കണ്ണു എന്ന പേരോടുകൂടിയവനും പോക്കുമൂസാ മുതലാളി എന്ന പ്രസിദ്ധവർത്തകന്റെ കുടുംബത്തിൽ ഒരു പ്രധാനാംഗവുമായ യുവാവ് തന്റെ വാഹനത്തിൽനിന്നും താഴ്ത്തുചാടി, ബാലന്റെ ആത്മഗതത്തെ അനുമോദിച്ച്, “സബാഷ്! നീ ബഹദൂർ! നമുക്കു തമ്പി! തലവർക്കുപിള്ളൈ” എന്നു പലതടവും പറഞ്ഞുകൊണ്ട്, അവന്റെ ബഹുജാലകങ്ങളോടുകൂടിയും മലിനമായുമുള്ള വസ്ത്രത്തിന് ആ സംഘത്തിന്റെ ആഡംബരങ്ങളോടുള്ള വൈപരീത്യത്തെ ഗണിക്കാതെ അവനെ എടുത്ത് തന്റെ കുതിരപ്പുറത്തിരുത്തി താനും കയറി. തന്റെ ആത്മമിത്രമായ മഹമ്മദീയവർത്തകകുമാരന്റെ മഹാമനസ്കതയോടുകൂടിയ ഉചിതക്രിയകൊണ്ട് ബാലൻ തന്റെ സംഘത്തോട് സഹയാത്രക്കാരനാക്കപ്പെട്ടതിനാൽ, ദുശ്ശകുനഭയം ദൈവഗത്യാ ദൂരീകരിക്കപ്പെട്ടു എന്നുള്ള സന്തോഷത്തോടുകൂടി സ്ഥാനാപതി ആ ക്രിയയുടെ മഹത്വത്തെ സ്തുതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/12&oldid=158383" എന്ന താളിൽനിന്ന് ശേഖരിച്ചത്