ധീനമെന്നു സൂചിപ്പിക്കുമാറ്, "നമ്മുടെ മഹമ്മദീയപ്രജകളും നിന്റെ മതത്തെ അനുവർത്തിക്കുമോ?" എന്നു കേശവപിള്ളയ്ക്ക് അസംഗതമെന്നു തോന്നിയ ഒരു പ്രശ്നമുണ്ടായി.
കേശവപിള്ള: "ഇല്ലെങ്കിൽ, കമ്പനിയാരെയും മറ്റും നോക്കാതെ ഇതിനുമുമ്പുതന്നെ ഇങ്ങോട്ട് ആക്രമിക്കുന്നതിന് ഹൈദർ രാജാവിനെ ധൈര്യപ്പെടുത്താൻ ഒരു കക്ഷി ഇവിടെ ഉണ്ടാകുമായിരുന്നു."
മഹാരാജാവ്: "നിന്റെ ഹരിപഞ്ചാനനമാർഗ്ഗക്കാരോ?"
കേശവപിള്ള: "ആ മാർഗ്ഗക്കാരും നേരുമാർഗ്ഗമറിയുമ്പോൾ നേർവഴിക്ക് നിൽക്കും!"
മഹാരാജാവ്: "അവരുടെ ഇപ്പോഴത്തെ ഗമനം നേർവഴിവിട്ടാണെന്ന് ഇനിയും നീ വിചാരിക്കുന്നോ?"
മഹാരാജാവിന്റെ പരിപൂർണ്ണവിശ്വാസംകൊണ്ട് അനുഗ്രഹിക്കപ്പെട്ടിരുന്ന കാലത്തും, അവിടന്ന് ഈവിധമുള്ള വിതർക്കിത ചോദ്യങ്ങൾ കേശവപിള്ളയോടു ചോദിക്കാറുണ്ടായിരുന്നു. തിരുവുള്ളം സന്ദിഗ്ദ്ധമായുള്ള അന്നത്തെ സ്ഥിതിയിലും, രാജ്യത്തിൽനിന്നു ഭ്രംശമുണ്ടായാലും, അസത്യവും അപഥ്യവുമായുള്ളതിനെ, സ്വാത്മവഞ്ചനം ചെയ്ത്, രാജസന്നിധിയിൽ ധരിപ്പിപ്പാൻ അശക്തനായ കേശവപിള്ള അച്ഛത്മകൃത്യനിഷ്ഠനായി ഇങ്ങനെ അറിവിച്ചു: "ആ സ്വാമിയാർ തെക്കും വടക്കും, ഇവിടങ്ങളിലും എല്ലായിടത്തുമുള്ളവരെ തലതെറ്റിക്കുന്നു എന്ന് അടിയൻ ഇപ്പോഴും തിരുമനസ്സറിയിച്ചുകൊള്ളുന്നതിനെ കല്പിച്ചു ക്ഷമിച്ചു രക്ഷിക്കണം. പുറ നാട്ടുകാരും പല പല ജനങ്ങൾ വന്ന്, അദ്ദേഹത്തോടു ചേരുന്നു. ഇന്നലെ രാത്രിയിലും ഒരു വലിയ സഹായി ആരോ വന്നുചേർന്നിട്ടുണ്ട്."
മഹാരാജാവ്: "നിന്നെ കാണാൻ വന്നതുപോലെ വല്ല ദേവകന്യകയും അങ്ങോട്ടും പുറപ്പെട്ടതായിരിക്കാം."
സന്മാർഗ്ഗചാരിയും യുവാവുമായ തന്റെ വിശ്വസ്തഭൃത്യനിൽ അർജ്ജുനനെപ്പോലെ അപഹാസത്താൽ ഉൽബുദ്ധവീര്യനാവുക എന്നൊരു സ്വഭാവവൈശിഷ്ട്യം ഉണ്ടെന്നു മനസ്സിലാക്കിയിരുന്ന മഹാരാജാവ്, അയാളുടെ പൗരുഷത്തെ അല്പം ഉജ്ജ്വലിപ്പുക്കുന്നതിനായി ഈ വിനോദവാർത്തയെ പ്രയോഗിച്ചതായിരുന്നു. എന്നാൽ ആ വിരസൻ അതിനെ ഗൗരവമായി ധരിച്ച്, ഇങ്ങനെ അറിയിച്ചു: "അടിയൻ എല്ലാം ആപത്തിന്റെ ഇറക്കുമതികൾതന്നെ. തൃപ്പാദത്തിലെ അനുഗ്രഹംകൊണ്ട് കണ്ണിനു വരുന്നതു പുരികംവഴി പോകുന്നു. അടിയൻ അറിയിക്കാതെ പരമാർത്ഥമെല്ലാം തിരുമനസ്സറിഞ്ഞിട്ടുണ്ട്. ഹൈദരുടെ കാര്യത്തിൽ ആപത്തില്ലാത്തവിധത്തിൽ തിരുമനസ്സിലെ ബുദ്ധിപ്രഭാവം ബഹളമൊന്നും കൂടാതെ എല്ലാം ഒതുക്കുന്നു. എന്നാൽ, ഇവിടത്തെ സ്ഥിതികൾ-അടിയന്റെ പഴമനസ്സിൽ കൊണ്ടിട്ടുള്ളത് കുറച്ചുദിവസം കഴിഞ്ഞ്, എല്ലാം തൃപ്പാദത്തിൽ വിടകൊണ്ടുകൊള്ളാൻ കൽപനയുണ്ടാകണം."
മഹാരാജാവ്: "നന്തിയത്തുണ്ണിത്താന്റെ മകനെ കണ്ടിട്ട് വല്ല കാര്യവുമുണ്ടെങ്കിൽ, അങ്ങനെ ചെയ്തുകൊള്ളാം. വിരോധമില്ല. അവൻ നമ്മുടെ കൈയിൽനിന്നൊഴിഞ്ഞെങ്കിലേ ശുഭം ഉണ്ടാവൂ."
സാഭിപ്രായമായ ഈ അനുമതിയെ അരുളിച്ചെയ്ത്, മഹാരാജാവു നടകൊണ്ടു. രാമയ്യൻ മുഖേനയുണ്ടായ തന്റെ അപേക്ഷയ്ക്ക് രാജാനുവാദം ഇത്ര ലാഘവത്തിൽ ലഭിച്ചതുകൊണ്ട് തന്റെ പ്രത്യക്ഷവൈകുണ്ഠപ്രഭുവാൽ സവിശേഷം താൻ അനുഗ്രഹിക്കപ്പെട്ടു എന്നും, മീനാക്ഷിയെ സംബന്ധിച്ചുള്ള തന്റെ ശ്രമോദ്ദേശ്യത്തെ അടിടന്ന് ദുർവ്യാഖ്യാനം ചെയ്യാതെ സൂക്ഷ്മബുദ്ധ്യാ ധരിച്ചിരിക്കുന്നു എന്നും കേശവപിള്ള മോദിച്ചു.
മദ്ധ്യാഹ്നഭക്ഷണത്തിനായി കേശവപിള്ള തന്റെ ഭവനത്തിൽ ചെന്നപ്പോൾ അവിടേയും മോദകരമായ ഒരു വിശേഷസംഭവമുണ്ടായി: തന്റെ നവസുഹൃത്തായ പക്കീർസായും, അണ്ണാവയ്യന്റെ കണക്കുകളോടുകൂടി ആ ബ്രാഹ്മണന്റെ കാര്യസ്ഥന്മാരും അവിടെ കാത്തുനിന്നിരുന്നു. അയാളോട് ഇടപാടുകൾ ഉള്ളതിൽ ഒരു പ്രമാണിക്ക് കേശവപിള്ളയെ മാത്രമേ