ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേശവൻകുഞ്ഞ്: “പാലാഴിമഥനത്തിൽ, വാസുകിയുടെ വാൽച്ചുഴറ്റു തട്ടി, കടന്നുപോയി.”

കേശവപിള്ള കൊണ്ടുപോയിരുന്ന അംഗുലീയക്കൂട്ടത്തെ എടുത്തു കേശവൻകുഞ്ഞിനെ കാണിച്ചു. അയാൾ സംഭ്രമത്തോട് എഴുന്നേറ്റ്, ദൂരത്തു മാറിനിന്ന്, വിദ്വേഷവും പരിതാപവുംകൊണ്ട്, “കഷ്ടം! ശ്രീപത്മനാഭാ! ഇനി എന്തു തെളിവു വേണം? അന്ന് അദ്ദേഹത്തോടുകൂടി സഞ്ചരിച്ച്, കൊലചെയ്ത രാക്ഷസൻ ഇതാ കാര്യസ്ഥനായി കാര്യമെടുക്കാൻ നടക്കുന്നു. ഞാൻ ബന്ധനത്തിലും വലയുന്നു. ഇതാണു ധർമ്മരാജ്യം! എട്ടുവീട്ടിൽപ്പിള്ളമാർ ഈ നരകത്തിനെ സമുദ്രത്തിൽ മുക്കാത്തതുകഷ്ടമായിപ്പോയി. തീണ്ടാതെ എണിറ്റു നടക്കൂ. എല്ലാം ഈശ്വരനറിയട്ടേ! എന്നു ഗർജ്ജിച്ചു. കേശവൻകുഞ്ഞ് തന്നെ കൊലപാതകക്കാരനായി സംശയിച്ച് സംഭാഷണത്തിൽ കുതാർക്കിതത്വത്തെ അവലംബിച്ചതാണെന്നും, അത്ര പൊടുന്നനവെ ആ മോതിരക്കൂട്ടത്തെ പുറത്തെടുത്ത് അന്ധത്വമായി എന്നും കേശവപിള്ളയ്ക്കു മനസ്സിലായി. എന്നാൽ തന്റെ യാത്ര കേവലം നിഷ്ഫലമായില്ലെന്നും അയാൾ ആശ്വസിച്ചു. കേശവൻകുഞ്ഞിന്റെ കൗശലവിഹീനമായ ഭാവഭേദവും ശോകസംരംഭവും കണ്ടപ്പോൾ അണ്ണാവയ്യന്റെ വധത്തെ സംബന്ധിച്ചിടത്തോളം അയാൾ നിരപരാധി എന്നും ആ മോതിരക്കൂട്ടം മീനാക്ഷിക്കുവേണ്ടി അയാളാൽ ഉണ്ടാക്കിക്കപ്പെട്ടതെന്നും ആ പരമതന്ത്രജ്ഞനു ബോദ്ധ്യമായി. കേശവൻകുഞ്ഞിന്റെ പ്രലാപഘോഷം കേട്ട് ഓടിവന്ന കാവൽക്കാരെ ദൂരത്തു മാറ്റീട്ട്, ഇങ്ങനെ ഒരു വാഗുപായത്തെ പ്രയോഗിച്ചു: “നിങ്ങളെ രക്ഷിപ്പാനായി നിങ്ങടെ മീനാക്ഷിക്കുട്ടി തിരുവനന്തപുരത്തു വന്നിരുന്നു.”

കേശവൻകുഞ്ഞിന്റെ മുഖം ചെമ്പരുത്തിപ്പൂപോലെ ചുവന്ന് അയാളുടെ ഗാത്രമാസകലം ഒന്നു വിറച്ചു. കൈ രണ്ടും കൊണ്ടു കർണ്ണങ്ങളെ പൊത്തി, മീനാക്ഷിയല്ല ഹരിണാക്ഷിപരം ആയാലും കേശവപിള്ളയുടെ പിന്നീടുണ്ടായ ഭാഷണങ്ങൾക്കു മറുപടിപറയാതെ നിലകൊണ്ടു. ഹരിപഞ്ചാനനന്റെ നേർക്കുപോലും ജയത്തെ പ്രാപിച്ചുവരുന്ന കേശവപിള്ളയുടെ സാമർത്ഥ്യം ശുദ്ധമനസ്കനും അകൗശലനുമായ ഈ യുവാവിന്റെ സംഗതിയിൽ വിപരീതഫലകമായി ഭവിച്ചു. മോതിരവിക്രയത്തേയും മീനാക്ഷിയുടെ പരമാർത്ഥത്തേയും കുറിച്ചു കേശവൻകുഞ്ഞിന്റെ അന്തർഗ്ഗതം അറിവാൻ കഴിഞ്ഞില്ല. എന്നുമാത്രമല്ല, താൻ അയാളുടെ വിദ്വേഷസാധനവും ആയിത്തീർന്നു പോയതുകൊണ്ട്, കേശവപിള്ള ശേഷിച്ചിടത്തോളം പ്രാഗ്ത്ഭ്യവും കൊണ്ടു മടങ്ങുകതന്നെ എന്നു നിശ്ചയിച്ചു. എങ്കിലും, പോകുന്നതിനുമുമ്പായി ഇങ്ങനെ ഒരു പ്രശ്നം കൂടി ചെയ്തു: “ഹേ! ഈ പുനത്തിൽ കിടന്നു കുടുങ്ങാതെ പുറത്തു ചാടാൻ കള്ളി കാട്ടിത്തന്നാലോ?”


കേശവൻകുഞ്ഞ്: “ആ ചോദ്യം വരുമെന്ന്, നിങ്ങൾ വന്നപ്പോൾ ഞാൻ കരുതി. അതിനുത്തരം തയ്യാറുണ്ട്. തമ്പുരാന്റെ പള്ളിയാന്ദോളത്തിൽ കയറ്റി, പുള്ളിപ്പട്ടാളവും, കൊടി കുടതഴ ആലവട്ടം വെഞ്ചാമരം ഭണ്ഡാരം—ഈ പരിവാരങ്ങളോടുകൂടി എന്നെ യാത്രയാക്കാമെങ്കിൽ, ഞാൻ ചാടിയല്ല , പറന്നുതന്നെ പോരാം.”

ഈ വാചകം പൂർത്തിയാകുന്നതിനുമുമ്പിൽ, തനിക്കു കിട്ടിയടത്തോളം ലക്ഷ്യവുംകൊണ്ട്, എല്ലാം അടുത്തദിവസം ശരിയാക്കിക്കൊള്ളാം എന്നുള്ള അന്തർഗ്ഗതത്തോടുകൂടി, കേശവപിള്ള അവിടെ നിന്നും തിരിച്ചു. ഈ രണ്ടു യുവാക്കന്മാരുടേയും ഒടുവിലത്തെ ചിന്തകൾക്കു വിപരീതമായി ‘ദൈവം അന്യത്ര ചിന്തയേൽ’ എന്നു പരിണമിച്ചതും ആ രാത്രിയിലെ ഒരു സംഭവംതന്നെ ആയിരുന്നു. കേശവപിള്ള ആ ഭവനത്തിൽനിന്നു പുറത്തേക്കുള്ള പടിക്കലെത്തിയപ്പോൾ, അർദ്ധനിദ്രയിൽ തല മാറോടു കുനിച്ചും, കാൽ നീട്ടിയും ‘ല’കാരരൂപമായി, ഇരുട്ടുകൊണ്ടു തിരിച്ചറിവാൻ പാടില്ലാത്തതായ ഒരു കൃഷ്ണസത്വം ഇരിക്കുന്നതു കണ്ടു. അയാൾ അതിനെ ഗണ്യമാക്കാതെ തന്റെ വാസസ്ഥലം നോക്കി നടന്നുതുടങ്ങിയപ്പോൾ ആ സത്വം അയാളെത്തുടർന്ന്, “വവറും വയിച്ചോണ്ട്, കണ്ട പെണ്ണുങ്ങൾക്കുവേണ്ടി, അവരെ നായമ്മാർക്ക് ഒതവാൻ നടന്നാ, മറ്റൊള്ളവര്, ഉയിരുമടക്കി, എങ്ങനെ വീട്ടിക്കെടക്കും? കാലമോ പൊല്ലാക്കാലം— ഒള്ള അലവറയെല്ലാം കെടന്ന് ഇന്നലെ അട്ട്റാസിച്ചത് ആരും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/124&oldid=158388" എന്ന താളിൽനിന്ന് ശേഖരിച്ചത്