ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


പ്രഭു: (കാര്യസ്ഥനോട്) “ഇപ്പാൾ ദുശ്ശകുനദോഷം തീർന്നല്ലോ. ഇനി നിൽക്കൂ. ഞങ്ങൾ പോയി വരുന്നതുവരെ വീട്ടിലുള്ളവരെ അസഹ്യപ്പെടുത്താതിരിക്കുന്നതിൽ തന്റെ സാമർത്ഥ്യം കാണിക്കണം. കൊച്ചുമ്മിണിയുടെ കാര്യം—”

തന്റെ അന്തർഗതത്തെ ഉച്ചരിപ്പാൻ ശക്തനല്ലാതെ ഹസ്തംകൊണ്ടു മാറത്തു തട്ടി പുത്രിക്കു സന്തോഷംവരുത്തേണ്ട ഭാരം താൻ വിസ്മരിക്കയില്ലെന്ന് പ്രഭു കാര്യസ്ഥനെ ധരിപ്പിച്ചു. വിപരീതചേഷ്ടകളൊന്നുംകൂടാതെ അശ്വത്തിന്റെ പുറത്തു ഞെളിഞ്ഞ് വീരനായി സ്ഥിതിചെയ്യുന്ന ബാലൻ ദൈവേച്ഛയാ ലബ്ധമായ സോപാനാരോഹണത്തെ ‘അവിഘ്നപരിസമാപ്ത്യർത്ഥം’ ഗാഢമായ പ്രാർത്ഥനയോടെ ആരംഭിച്ചു.


അദ്ധ്യായം രണ്ട്


“അക്കാലങ്ങളിലതിഭുജവിക്രമ–
ധിക്കൃതശക്രപരാക്രമനാകിയ
നക്തഞ്ചരപതി രാവണനെന്നൊരു
ശക്തൻ വന്നു പിറന്നു ധരായാം”


എട്ടുവീട്ടിൽപിള്ളമാരുടെ ജീവനാഡിയായിരുന്ന കഴക്കൂട്ടത്തു കുടുംബത്തിന്റെ അധിവാസദേശത്ത് ഒൻപതാംനൂറ്റാണ്ടിൽ, ചിലമ്പിനഴിയത്ത് (ചുരുക്കപ്പേർ – ചിലമ്പിനേത്ത്) എന്നൊരു ഭവനം ‘പട്ടിണിയും പരിവട്ടവും’ എന്നവിധം കാലക്ഷേപത്തിനുമാത്രം വേണ്ട സ്വത്തോടുകൂടി ഉണ്ടായിരുന്നു. ആ ശതവർഷാവസാനത്തിൽ, അതിനുമുമ്പ് ആ ഭവനത്തിൽനിന്നും കൊട്ടാരക്കരയ്ക്ക് ഒരു ശാഖ പിരിഞ്ഞുപോയതു നീക്കി ചിലമ്പിനഴിയം മൂലകുടുംബം ഹസ്തിനപുരാദി പ്രഖ്യാതരാജധാനികളെപ്പോലെ പ്രബന്ധവിഷയമായിപ്പോയേക്കുമാറു നിർദ്ധനതയേയും, കഴക്കൂട്ടത്തുഭവനത്തിൽ വളർന്നുവന്നിരുന്ന ഒരു ബാലൻ ഒഴികേയുള്ള അംഗങ്ങൾ കാലഗതിയേയും പ്രാപിച്ചു. കഴക്കൂട്ടത്തുപിള്ളമാരുടെ കുടുംബച്ഛേദനാനന്തരം ചക്രവർത്തികൾക്കു വാസയോഗ്യമായ ഒരു മന്ദിരം ചിലമ്പിനേത്തു വക പൂർവ്വഭവനസ്ഥാനത്തെ അലങ്കരിച്ചു. സ്വർണ്ണപ്രഭമായി ശോഭിക്കുന്ന ഉന്നത മരഭിത്തികളും, വിശാലമായ മുറി, അറ, തളം എന്നിവകളും സേനാനിരകൾ അണിയിട്ടുനില്ക്കുമ്പോലുള്ള കഴുക്കോൽപ്പന്തികളും, കണ്ണാടിപോലെ ശോഭിക്കുന്ന തറകളും, വിചിത്ര മരവേലകളും മറ്റും വിളങ്ങിക്കൊണ്ട് അക്കാലത്ത് കേരളത്തിലെ ഭവനവർഗ്ഗത്തിൽ പ്രഥമസ്ഥാനത്തെ അർഹിച്ച, മുപ്പതിആറുകെട്ടുപ്രധാനമന്ദിരവും, മഠം, പാചകശാല, ഭൃത്യശാല, കരിങ്കൽക്കെട്ട്, നീരാഴി, കുളപ്പുരമാളിക, ഉന്നതമായ മതിൽക്കെട്ട്, ആനക്കൊട്ടിൽ, കോട്ടപ്പടിവാതിൽ മുതലായ എടുപ്പുകളും, അഞ്ചുതെങ്ങിൽ കമ്പിനിയാരന്മാരുടെ ഉപദേശപ്രകാരം പാശ്ചാത്യരീതിയിൽ തീർക്കപ്പെട്ട ചവുക്കയും ചേർന്ന്, ചിലമ്പിനേത്തുദിച്ച നവഗ്രഹമണ്ഡലം ലോകവിസ്മയത്തെ സമ്പാദിച്ചു. ഇപ്രകാരം മഹത്വംകൊണ്ട ചിലമ്പിനേത്തു ഭവനത്തിന്റെ വക എന്നുള്ള പുണ്യപദവിയെ ആകാംക്ഷിച്ച് പറമ്പുകളും പാടങ്ങളും ആ ഭവനത്തോടു ചേർന്നുതുടങ്ങി. ഭൂദേവിയെത്തുടർന്നു തൃച്ചക്രവും അതിനെത്തുടർന്നു ലക്ഷ്മീദേവിയും ചിലമ്പിനേത്തു ഭവനപ്പടിക്കൽ സേവനം തുടങ്ങി. പുരാതനഭവനമെന്നുള്ള മാഹാത്മ്യത്തെക്കൂടി ഉണ്ടാക്കുവാനായി, അവിടത്തെ അറകളിലെ സഞ്ചയങ്ങൾ സർപ്പത്താന്മാരാൽ രക്ഷിതമെന്നും, പ്രധാന തളങ്ങളിലെ വെങ്കലത്തൂണുകൾ നിക്ഷേപേക്കുഴലുകളാണെന്നും മറ്റും ചില ഐതിഹ്യങ്ങളും ആ മന്ദിരത്തെ ചുറ്റി മുളച്ചു പടർന്നുതുടങ്ങി. ധനരാശീശന്റെ പരിപൂർണ്ണാഭിമുഖ്യംകൊണ്ട് ആ ഭവനം രാമവർമ്മമഹാരാജാവിന്റെ സിംഹാസനാരോഹണകാലത്തോടുകൂടി ഒരു രണ്ടാംലങ്കയ്ക്കൊത്ത ഖ്യാതിയെ പ്രാപിച്ചു. ചിലമ്പിനേത്തു ദശകണ്ഠന്റെ ഹർമ്മ്യങ്ങൾ, മശകമക്ഷികാധൂമാധിശല്യങ്ങളാൽ ബാധിക്കപ്പെടാതെ അക്ഷയപ്രകാശത്തോടുകൂടിത്തന്നെ സർവ്വകാലം ശോഭിച്ചുകൊണ്ടിരുന്നു. ബഹുശതഭൃത്യജനങ്ങളുടെ സഞ്ചാരനികേതനമായിരുന്നെങ്കിലും, ഒരു ന

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/13&oldid=158394" എന്ന താളിൽനിന്ന് ശേഖരിച്ചത്