ചെയ്യപ്പെടുന്നു. ഉദ്യോഗസ്ഥന്മാരുടെ മൗനവും, ഇക്കഥയൊന്നും അറിയാത്തതു പോലെ മഹാരാജാവിന്റെ നിയമപ്രകാരമുള്ള കോവിലെഴുന്നള്ളത്തും, പൗരസംരംഭത്തെ മന്ദീഭവിപ്പിച്ചു. പോരെങ്കിൽ, അഗ്നിയിൽ ഹിമവർഷംപോലെ ആ ഘട്ടത്തിലെ ‘അനിരുദ്ധ’ന്റെ അച്ഛൻ ഉണ്ണിത്താൻ സന്ദർഭമഹിമയ്ക്ക് ഏറ്റവും വിരുദ്ധമായ പ്രശാന്തവദനത്തോടും, ചേഷ്ടാവിഹീനമായുള്ള നോട്ടത്തോടും ജളലോകത്തിനും ആദരണീയമെന്നു തോന്നിയ പൃഥക്ത്വത്തോടും ആ നഗരത്തിൽ പ്രവേശനം ചെയ്തു. ചന്ത്രക്കാറനുണ്ടായതിലും ഗംഭീരമായുള്ള ഒരു കോലാഹലത്തോടുകൂടി അദ്ദേഹം എതിരേൽക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാവഗൗരവവും, ആ അനർഹമായ ആദരത്തെ ശാസിക്കുന്നതായ ഭ്രൂഭംഗവും കണ്ട് ഭഗ്നോത്സാഹന്മാരായ ദ്രോഹപ്രവർത്തകന്മാർ “അമ്പിളിഅമ്മാച്ചാ—കൂടയിലെന്തോന്ന്— വാളൻപുളിയങ്ങ—” എന്നുള്ള ബാലഗാനംകൊണ്ട് അദ്ദേഹത്തിന്റെ അംഗത്തിന്റെ പ്രഭയേയും പ്രകൃതത്തിന്റെ അനാസ്വാദ്യതയേയും ഹസിച്ചു എങ്കിലും, ആ കൂട്ടരുടെ അപ്പോഴത്തെ ഉന്മാദജ്വാല ആ ശമധനന്റെ സാന്നിധ്യത്താൽ അണയ്ക്കപ്പെട്ടു.
ഈ ഘട്ടത്തിൽ ലോകത്തുള്ള സന്തോഷസമഗ്രത രാജപാർശ്വത്തിനും ജനപാർശ്വത്തിനും സമവന്ദ്യനായിത്തീർന്നിരിക്കുന്ന ഹരിപഞ്ചാനനയോഗിയുടെ ഹൃദയകുഡ്യങ്ങൾക്കുള്ളിൽ സംഗ്രഹിക്കപ്പെട്ടു. തന്റെ ഭാഗ്യസമൃദ്ധിയിലുള്ള ആഹ്ലാദലഹരിയെ നിയമനംചെയ്‌വാൻ ശക്തനാകാതെ ജിതേന്ദ്രിയനായ സിദ്ധൻ തന്റെ പൂജാമുറിയിൽ പൂർവരാത്രിയിലെ നൃത്താവശിഷ്ടമായ ഒരു മത്തവിലാസത്തെ അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ വേദാന്തോപന്യാസങ്ങളും ഉപായോപദേശങ്ങളും, ഹസ്തഗതമായി വിചാരിക്കപ്പെട്ട വിജയത്തിന്റെ വീരവാദങ്ങളും കൊണ്ട് സാന്ത്വിതനാകാതെ അടുത്തുനിൽക്കുന്ന ചന്ത്രക്കാറൻ തന്റെ മുഖത്തിൽ പ്രകടിപ്പിച്ച വിവിധചാപല്യസ്തോഭങ്ങൾകൊണ്ട് ആ അഭിനയത്തിന്റെ വൈരൂപ്യോൽക്കർഷത്തെ ശതഗുണമാക്കുന്നു. യോഗീശ്വരൻ തന്റെ പൂജാബിംബത്തോടണഞ്ഞ് അതിന്റെ മൂർദ്ധാവിൽ കൈവച്ച് കുറച്ചുനേരം ധ്യാനത്തോടുകൂടി നിന്നിട്ട്, കേശവൻകുഞ്ഞിനെ താൻ തൊടുകപോലും ചെയ്തിട്ടില്ലെന്ന്, പാദദേശമായ പാതാളംമുതൽ മൂർദ്ധാവായ സത്യലോകപര്യന്തം ചതുർദ്ദശലോകത്തേയും ഏതു ദേവി സ്വഗാത്രത്തിൽ അടക്കി വിശ്വഭരണംചെയ്യുന്നുവോ, ആ മൂലപ്രകൃതിയും പ്രപഞ്ചസ്വരൂപിണിയും ആയ ജഗദംബികയുടെ വിഗ്രഹത്തെ തൊട്ട് സത്യം ചെയ്തു.
ചന്ത്രക്കാറൻ: “ഭൂലോകം ഫരിക്കണ സാമിയെ പൊന്നിട്ടു മയക്കാനും ഹെ(യ)മപ്പെരട്ടൻ തമ്പുരാനൊണ്ടല്ലോ—പിന്നെന്തിനിസ്സദ്യവും നെടുവാശകവും? നിങ്ങൾ ഇരുവരും ഒരുമയായി ചേർന്ന് സൊർഘം പിടിപ്പിൻ. ഓലച്ചൂട്ടിന് ഒറവു നിനച്ച ചന്ത്രക്കാറൻ ഓച്ചനുമാകട്ടെ. ഒന്നു നെനച്ചോളിൻ—കണ്ടവന്റെ കൊച്ചിനെ ചുട്ടുതിന്നാൽ,—അക്കളിയിൽ കൊതിപെട്ടുപോം! ഓതാൻ മന്ത്രവും കാണൂല്ല—മരുന്തും കാണൂല്ല. ഇക്കൂത്തു കണ്ടൊന്നും ചന്ത്രക്കാറനാടൂല്ല. നിങ്ങടെ തവ്വിനു പൊറുക്കാൻ വിട്ടേക്കുമെന്നു വിത്സാരിക്കീംവേണ്ട—സാമിക്ക് ധൂ(ദൂ)രത്തെ മയിസൂലൊണ്ടെങ്കില്, ചന്ത്രക്കാറനു കൈവാക്കിലെ അഞ്ചുതെങ്ങൊണ്ട്.”
യോഗീശ്വരൻ: “ഏഹെ! അബദ്ധം! നാം രാജബന്ധുവല്ല. അങ്ങനെ ഭ്രമിക്കണ്ട. എത്ര പഞ്ചപാത്രം, ഉദ്ധരണി, സ്വർണ്ണത്തളിക കണ്ടതാണു നമ്മുടെ കണ്ണുകൾ! മഹാരാജാവിന്റെ സംഭാവനകൾ നമ്മുടെ ചെറുവിരൽക്കുള്ള ഒരു മോതിരത്തിന്റെ വിലയ്ക്കു പോരില്ല. ഞങ്ങടെ ബന്ധുത്വമെന്നുള്ള കഥ അഴിച്ചു കഥിക്കൂ. ചന്ത്രക്കാറൻ കൃഷിതന്ത്രങ്ങളല്ലാതെ രാജതന്ത്രങ്ങളറിഞ്ഞിട്ടില്ല. ബന്ധുക്കളായ നമ്മെപ്പിണക്കാൻ കുഞ്ഞിനെ മറച്ചുകൊണ്ട്, നമ്മുടെമേൽ കുറ്റത്തെ ആരോപിക്കുന്നു. ഇന്നലെ രാത്രി കൊട്ടാരത്തിൽ എന്തു മോഹിനിയാട്ടമായിരുന്നു! ഓഹോ നിങ്ങടെ ധർമ്മരാജാവ് എന്തു പാതാളഭോഗീന്ദ്രൻ! നാം പറയുന്നതിനെ വിശ്വസിക്കുന്നില്ലെന്ന് ചന്ത്രക്കാറന്റെ മുഖം പറയുന്നു.”
ചന്ത്രക്കാറൻ: “എന്തരു വിച്ഛ്വസിക്കുണു സാമീ? ചന്ത്രക്കാറനും ഉലഹം ഒട്ടൊന്നു കണ്ടവനാണ്. അതിനെ മുരശുകൊട്ടി തമുക്കടിച്ചില്ലെന്നേ ഒള്ളു. സാമീടെ കൊട്ടും കോലാലഹവും കൂടാതെ ചന്ത്രക്കാരൻ ചെലമ്പിനേത്തിരുന്നോണ്ടു കെട്ടിവന്ന പെരുങ്കോട്ട സാമീടെ ധൃക്കാല്