ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധ്യായം പതിനെട്ട്


“മിത്രപദവീഗതവിചിത്രമണികൂടനാ–
യെത്രയും വിലസുന്നു ധാത്രീധരേന്ദ്രൻ.”


കനകകാന്തികൊണ്ടു കമനീയതരവും ഗുളമധുരികൊണ്ട് ആസ്വാദനീയവുമായി കവിമനോധർമ്മത്താൽ നിർമ്മിതമായ ലോകത്തിൽത്തന്നെ ഇതേവരെ പെരുമാറിയും, ഘോരഘാതകന്മാരുടെ സ്വൈരവാസത്താൽ നരകതുല്യമായിരിക്കുന്ന പരമാർത്ഥലോകത്തിൽ കേവലം പരിചയശൂന്യമായും ഇരുന്ന കേശവൻകുഞ്ഞിന് കേശവപിള്ളയുടെ ഉപദേശങ്ങൾ സ്വാർത്ഥപരനും സ്ത്രീജിതനും ആയ ഒരു കുടിലവിടന്റെ കൃത്രിമങ്ങളാണെന്നു തോന്നിയപ്പോൾ, തനിക്കു നേരിട്ട ആപത്തിന്റെ ആരംഭത്തിൽ അയാളുടെ ഉള്ളിൽ അങ്കുരിച്ചമർന്നിരുന്ന വിശ്വവിദ്വേഷത്തിന് നവമായ ഒരു വിജൃംഭണം ഉണ്ടായി. എന്നാൽ ആ യുവാക്കന്മാരുടെ രസനായുദ്ധം അവസാനിച്ചപ്പോൾ, കേശവപിള്ള പ്രയോഗിച്ച അസ്ത്രങ്ങളിൽ ‘മീനാക്ഷി’ നാമലിഖിതമായ ഒന്നു മാത്രം ആ നാമത്തെ സദാ സ്മരിക്കുന്ന കേശവൻകുഞ്ഞിന്റെ ഹൃദയത്തിൽ ലാക്കിനു തറച്ച്, അവിടെ വസതികൊണ്ടു. പാർവതീശാപംകൊണ്ടു പാർത്ഥബാണങ്ങൾക്ക് രൂപാന്തരം ഉണ്ടായതുപോലെ, പൂവമ്പായി തന്റെ ഹൃത്തടത്തിൽ ലയിച്ച ആ സ്മരണയാലുണ്ടായ ആനന്ദത്തോടുകൂടി കേശവൻകുഞ്ഞ് നിദ്രാർത്ഥിയായി ശയനം ചെയ്തു. കുലീനയായ തന്റെ പ്രണയിനി അപരിചിതനും ദാസവൃത്തിയിൽ കാലക്ഷേപംചെയ്യുന്നവനുമായ ഒരു യുവാവിന്റെ സന്നിധിയിൽ പ്രവേശിച്ച് അന്തർജ്ജനവ്രതത്തെ ലംഘിച്ച വൃത്താന്തം അയാളുടെ മനസ്സിൽ രൂക്ഷമായ അഭ്യസൂയയെ ജനിപ്പിച്ചു. എന്നാൽ തന്റെ മനശുദ്ധതയക്ക് അർദ്ധാവകാശിനിയായി വരിക്കപ്പെട്ട കന്യക ദുരാചാരവർജ്ജിതമായ ചാരിത്രസങ്കേതമാണെന്നും അയാൾതന്നെ വിധിച്ചു. തനിക്കുള്ളതുപോലെയുള്ള നിഷ്കളങ്കതയും ധർമ്മനിഷ്ഠയും അന്യചിത്തങ്ങളേയും അലങ്കരിക്കാമെന്ന് നിർമ്മലമായ അയാളുടെ അന്തഃകരണം ഉപന്യസിച്ചതിനാൽ, വീണ്ടും പ്രശാന്തമായ അയാളുടെ ആത്മാവ് സുഷുപ്തിപദത്തെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. എന്നാൽ, ജാഗ്രദവസ്ഥയിൽനിന്നു നിദ്രാപഥത്തിൽ ഗതി തുടങ്ങിയ അസ്തവിവേകനായ ആ ശരീരപാന്ഥൻ, മാർഗ്ഗമദ്ധസ്ഥമായ ഒരു ഗോപുരത്തിന്റെ കവാടങ്ങൾ സ്വയമേ നീങ്ങുകയാൽ പ്രത്യക്ഷമായ സ്വപ്നഭൂവിലേക്ക് ബലാൽ ആകർഷിക്കപ്പെട്ടു. അവിടെ, കണ്ഠ്യമായ വിസർഗ്ഗത്തിന്റെ ഉച്ചാരണത്തിൽ ‘ഹ’കാരവ്യക്തി ശരിയാവാത്തതിനെപ്പറ്റി അനുപദം ശാസിച്ചുകൊണ്ട് ശിഷ്യന്മാരുടെ നടുവിൽ ഇരിക്കുന്ന തന്റെ ഗുരുനാഥൻ ആദ്യത്തിൽ ദൃശ്യനാകുന്നു. ദക്ഷപ്രജാപതി ദീക്ഷിച്ചതുപോലുള്ള ഒരു മഹായാഗത്തിന്റെ ദർശനം അടുത്തപോലെ കേശവൻകുഞ്ഞിനെ ആനന്ദിപ്പിക്കുന്നു; ആ യജ്ഞകർമ്മത്തിൽ പുത്രക്ഷേമാർത്ഥം അച്ഛനായ ഉണ്ണിത്താൻ നവനിധികളെ ഗുരുസംഭാവനയായി ദാനം ചെയ്യുന്നു. സാംബദീക്ഷിതരായ അധ്വരിയുടെ ആശിസ്സോടുകൂടി അദ്ദേഹത്തിന്റെ കൈയിൽനിന്നു താൻ പ്രസാദത്തെ സ്വീകരിക്കുമ്പോൾ, പ്രിയതമയായ മീനാക്ഷി തന്റെ വാമഭാഗത്തെ അലങ്കരിക്കുന്നു. ഈ യജ്ഞത്തിന്റെ അവസാനത്തിൽ മീനാക്ഷിയുടെ പാണിഗ്രഹണമഹോത്സവം സപ്തപദീപര്യന്തം സമാപനംചെയ്യപ്പെടുന്നു. മീനാക്ഷിയുടെ കുസുമമൃദുലമായ കരസ്പർശനത്താൽ ഉൽഭൂതമായ നിബിഡാനന്ദം അയാളെ ഉന്മത്തനാക്കുകയാൽ, അനന്തരാനുഭവങ്ങൾ അസ്ഫുടങ്ങളായിത്തീരുന്നു. പരിണയത്തിനു മുമ്പ് തന്നോടു പ്രണയപരിഭവം കൂടാതെ വർത്തിപ്പാൻ കൃപ തോന്നിയ അവസരങ്ങളിൽ ലജ്ജാവതിയായിരുന്ന ആ നവോഢ ഇതാ ഈ സദസ്സിൽ വേശ്യാഭാവത്തിൽ തന്നെ സ്പർശിച്ച് തലോടി താലോലിക്കുന്നു. ഭർത്താവിന്റെ ഇംഗിതലംഘനമാകുന്ന കുലടാവൃത്തിയെ പരുഷകലുഷമായ ദൃഷ്ടിപാതത്താൽ താൻ ശാസനംചെയ്യുന്നു. ക്ഷീണമായ ദീപപ്രഭയിൽ തന്റെ കാന്തയുടെ ചന്ദ്രികാധവളമായ ലലാടവും ദണ്ഡദർപ്പണത്തിന്റെ തേജോവിപര്യത്താൽ ദ്വിഗുണിതപ്രഭയോടെ ശോഭിക്കുന്ന കൃഷ്ണവർണ്ണങ്ങളായ പുരികക്കൊടികളും പ്രസന്നശോഭയോടും ചടുലപ്രഭാവത്തോടും പ്രത്യക്ഷമാകുന്നു. വിദേശസ്ത്രീകളുടെ മാതിരിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/137&oldid=158402" എന്ന താളിൽനിന്ന് ശേഖരിച്ചത്