ശിരസ്സിനെ ആച്ഛാദനംചെയ്യുന്ന പട്ടുചേല കേശപാശത്തെ മറയ്ക്കുന്നുണ്ടെങ്കിലും ഈ ആവരണത്തെ അതിക്രമിച്ചു പ്രസരിക്കുന്ന അളകങ്ങളുടെ നീലവർണ്ണം ജാഗ്രദവസ്ഥയിലെ തന്മയത്വത്തോടുകൂടി ആ യുവാവിന്റെ ചേതസ്സിനെ പരമാഹ്ലാദപൂർണ്ണമാക്കുന്നു. പ്രണയമധുസരസ്സിൽ ഉല്പന്നമായ കനകകമലത്തിൽ നിന്നു മകരന്ദാപഹരണംചെയ്തു പൊങ്ങുന്ന ഭ്രമരങ്ങളെപ്പോലെ കരുണാകടാക്ഷപ്രചുരമായ നേത്രയുഗളം പ്രേമധാരാവർഷംകൊണ്ട് ആ അനുരാഗപരിതപന്റെ മനസ്സിനെ ശീതളമാക്കുന്നു. പ്രേമസ്യന്ദികളായ മധുരമന്ത്രങ്ങൾ, തന്റെ ജീവനായികയ്ക്കു സഹജമായുള്ള പ്രൗഢമഞ്ജുളതയാലും ലജ്ജകൊണ്ടുള്ള അസ്ഫുടതയാലും അയാളുടെ മനസ്സിനെ നിഷ്കരുണം വലയ്ക്കുന്നു. ആ സരളവചനങ്ങളെ വഹിക്കുന്ന ഓഷ്ഠാദിഭാഗം മുഖാർദ്ധവും ത്രപാപാരവശ്യംകൊണ്ടെന്നപോലെ പട്ടാംബരാന്തത്തിലെ സുവർണ്ണകോടിയിൽ നിലീനമായിരിക്കുന്നു. ചന്ദനാദിചർച്ചനംകൊണ്ട് അയാൾ പരമാനന്ദമഗ്നനായി പാർശ്വവർത്തിയായി പരിസേവനം ചെയ്യുന്ന സർവ്വാഭരണഭൂഷിതമായ വിഗ്രഹത്തിനു വശംവദനാകുന്നു. ശകടങ്ങളെ അതുകളുടെ നേതാക്കന്മാർ വാഹനശാലകളിൽനിന്നു പുറത്തിറക്കുമ്പോലെ താൻ ഒരു നിർജ്ജീവസത്വമായി തന്റെ ശയ്യാഗൃഹത്തിൽനിന്നു നയിക്കപ്പെട്ട് വൃഷ്ടിജലവാഹിയായുള്ള ഭൂമിയിലേക്കു നിഷ്ക്രമിപ്പിക്കപ്പെടുന്നു. നിശയുടെ നിഷ്പ്രകാശത കാർമേഘങ്ങളാലും തന്റെ നേത്രങ്ങൾക്കു സംഭവിച്ചിരിക്കുന്ന അന്ധത ഒരു വിഭ്രമമേഘത്താലും പാതാളതമസ്തുല്യമാക്കപ്പെടുന്നു. ഹരികഥാസദസ്യരിൽ ജളമതികളായ ചിലരുടെ ദർശനപ്രകാരം ഹരിപഞ്ചാനനശ്രീനാരദബ്രഹ്മർഷി ഹരിപഞ്ചാനനധ്രുവരാജകുമാരന്റെ കർണ്ണങ്ങളിൽ ശ്രീനാരായണ ധ്യാനമന്ത്രത്തെ ഉപദേശംചെയ്തനുഗ്രഹിച്ച മുഹൂർത്തത്തിൽ, കേശവപ്രഭുകുമാരന്റെ ശ്രവണരന്ധ്രങ്ങളിൽ ഒരു ബ്രഹ്മാണ്ഡഭ്രമണാരവം മുഴങ്ങിത്തുടങ്ങി. ജിഹ്വാമൂലം നിർഭരമായ ഘനത്തോടുകൂടി ശ്വാസസഞ്ചികാഗർത്തത്തിൽ അവഗാഹനംചെയ്തു. ആത്മജീവച്ഛക്തികൾ ഒരുക്ഷുദ്രദേവതയാലെന്നപോലെ സമൂലം ഛേദിക്കപ്പെട്ടു.
ജീവനും ആത്മാവും സമസ്തബാഹ്യേന്ദ്രിയങ്ങളും ചൈതന്യശൂന്യമായി ഭവിച്ചു എങ്കിലും, ആ യുവാവിന്റെ ബുദ്ധി എന്നുള്ള ശക്തി അന്യസത്യങ്ങളോടുള്ള ബന്ധം വേർപെട്ടും, വ്യാമോഹപഞ്ജരത്തിൽ ബന്ധിക്കപ്പെട്ടതുപോലെയും സ്വസ്ഥാനത്തെ അവലംബിച്ച് നിരുദ്ധവീര്യത്തോടെ പ്രവർത്തനംചെയ്തു. ജനിസാഗരത്തെ തരണംചെയ്തു പരലോകപ്രവേശനം ചെയ്യുന്നു എന്ന് ഒരു ബോധം അണുപ്രായമായിത്തീർന്നിരിക്കുന്ന ആ ബുദ്ധികേന്ദ്രത്തിൽ ജനിക്കുന്നു. ജീവശരീരത്തിൽനിന്നു യാതനാശരീരത്തിലേക്കു പരിവർത്തനം എത്രകാലംകൊണ്ടു നിവർത്തിക്കുമെന്ന് ആ ബുദ്ധിക്കു രൂപമുണ്ടാകുന്നില്ല. ഈ യാത്രയിൽ എത്ര പാന്ഥമന്ദിരിളിൽ താമസിച്ചു എന്നും, നശ്വരമായുള്ള തന്റെ അംശത്തിന് എങ്ങനെ പോഷണം സാധിച്ചു എന്നും, അയാൾക്കു വ്യക്തമാകുന്നില്ല. സകലവും അന്ധകാരമയവും സൂക്ഷ്മപ്രജ്ഞാതീതവും ആയിക്കഴിഞ്ഞു. . . പരലോകപ്രാന്തം സമീപിച്ചതുപോലെ ഇന്ദ്രിയമൗഢ്യങ്ങൾ നീങ്ങിത്തുടങ്ങി. സ്വപ്നാരംഭത്തിനു പൂർവമായുള്ള സ്ഥിതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നതിനും അവയവങ്ങളെ ചലിപ്പിക്കുന്നതിനും ശക്യമായി. ശിരസ്സിനെ അവനമനംചെയ്യിക്കുന്നതായ ഒരു ലഘുഭാരവും, കർണ്ണപുടങ്ങളെ ശാന്തമായി ബാധിക്കുന്ന ഒരു മുരളീസ്വരവും പീഡാവശിഷ്ടങ്ങളായി അയാൾ അനുഭവിച്ചു. ബലാൽ പ്രാപിച്ചിരിക്കുന്ന നവലോകത്തിന്റെ സ്ഥിതികളെ അശ്ചര്യത്തോടുകൂടി പരിശോധനംചെയ്തു. അതിശീതളമായ ശിലാശയ്യയിന്മേൽ കുസുമമൃദുലമായ ഉപധാനത്തിന്റെ സഹായത്തോടുകൂടി താൻ സുഖശയനംചെയ്യുന്നു എന്ന് അയാൾക്കു ജ്ഞാനമുണ്ടായി. ഇന്ദ്രകാന്തശിലാനിർമ്മിതമായ ഒരു മണിയറയിൽ, ബാലതതികൾപോലെ വിഹരിക്കുന്ന മരുത്തുകളാൽ ആവൃതനായി, ചേതോഹർഷകങ്ങളായ പരിമളഭേദങ്ങളെ അനുഭവിച്ച്, അയാളുടെ ഹൃദയം പരമാനന്ദവ്യാപൃതമായി. അപ്സരസ്സുകളുടെ വർണ്ണാലാപങ്ങൾ എന്നു തോന്നുമാറ് നാനാപക്ഷിവർഗ്ഗങ്ങളുടെ ഉന്മേഷസഹിതമായ കൂജനങ്ങളും അയാളെ ആനന്ദിപ്പിച്ചു. ആ സംഗീതത്തിനു തംബുരുശ്രുതി എന്നവണ്ണം ഉപാന്തപ്രദേശത്തുള്ള ഒരു ചെറിയ അരുവിയിലെ ജലനിപാതം ധ്വനിച്ചുകൊണ്ടിരുന്നു. മണിമന്ദിരത്തിന്റെ ഒരു ഭാഗത്ത് ദൈർഘ്യം കൂടിയതും വിസ്താരം തുലോം