മുമ്പിൽ നിൽക്കുന്ന രാജഭടനെ ഹനിച്ചുകളകയോ എന്നുക്ഷീണനും നിരായുധനും ആയ നമ്മുടെ ബന്ധനസ്ഥൻ ആലോചിച്ചു. മറ്റുള്ളവരുടെ പാതകദൃഷ്ടാന്തങ്ങൾ തനിക്ക് അനുവർത്തനീയമല്ലെന്നുപേക്ഷിച്ച്, ദിവസേന രണ്ടു സന്ധ്യാസ്നാനം കഴിച്ചുവന്നിരുന്ന ആ യുവാവ് ആക്ഷണനത്തെ ഒരു മഹാസൗഭാഗ്യമായി സ്വീകരിച്ച്, പൂർണ്ണസമ്മതഭാവത്തിൽ എഴുന്നേറ്റ് ഭടന്റെ മുമ്പിലെത്തി. കട്ട്ളക്കൂട്ട് കരിങ്കല്ലുകൊണ്ടും, വാതൽ ആനയാലും തകർക്കാൻ കഴിയാത്തവിധത്തിൽ ഘനമുള്ള പലകകൊണ്ടും പണിചെയ്യപ്പെട്ടിട്ടുള്ള ദ്വാരത്തെക്കടന്ന് ദീർഘവും വക്രവും ആയുള്ള ഗുഹാന്തരങ്ങളെ തരണംചെയ്ത്, പുറത്തേക്കുള്ള പടിയിൽ പ്രവേശിച്ചു. “ഗജേന്ദ്രവൃന്ദം ഗഗനേ പറന്നാർ” എന്ന ശ്ലോകപദത്തെ യഥാർത്ഥമാക്കുവാൻ മതിയാകുന്ന ഊക്കോടുകൂടി വീശുന്ന കാറ്റുമേറ്റ്, പുറന്തളിമത്തിൽ ആ യുവാവ് നിലകൊണ്ടപ്പോൾ സാക്ഷാൽ വിശ്വരൂപദർശനംപോലെ പരമാനന്ദകരമായ ഒരു കാഴ്ച അയാൾക്കു ലഭിച്ചു. വിചിത്രവർണ്ണങ്ങളോടുകൂടിയ പുഷ്പങ്ങളേയും പക്ഷിവൃന്ദങ്ങളേയും വഹിക്കുന്ന തരുക്കൾ, നിബിഡതകൊണ്ട് ആ കൊടുങ്കാറ്റിലും നിശ്ചലമായി പ്രകാരപരമ്പരകൾ പോലെ മേഘമണ്ഡലപരിസരത്തിൽനിന്ന് സമഭൂമിവരെ ആച്ഛാദനംചെയ്തു നിൽക്കുന്നതിന്റെ മനോഹരത, വിശ്വകർമ്മാവിന്റെ മഹേന്ദ്രജാലത്തിനും ദുസ്സാധമായ ഒരു വിതാനമായി പരിലസിക്കുന്നു. അത്ഭുതപ്രസരംകൊണ്ട് കേശവൻകുഞ്ഞിന്റെ നേത്രങ്ങളെ തുറിപ്പിക്കുന്നതായ ഹരിതജ്യോതിസ്സ് കനകരജതാചലങ്ങളുടെ പ്രഭയേയും അസ്തമിപ്പിക്കുന്നു. ഇങ്ങനെയുള്ള പ്രകാരാന്തംമുതൽ ബഹുയോജനവിസ്താരമുള്ളതും സൂര്യപടത്താൽ ആസ്തൃതമെന്നപോലെ മനോഹരവുമായ ഈ രംഗത്തിൽ തരുരൂപിണികളായി വേഷനാനാത്വത്തെ അവലംബിച്ച് കേരളശ്രീ ദിവ്യനൃത്തം തുടരുന്നു. ലഘുനീലച്ഛവികലർന്നുള്ള ആകാശമണ്ഡപം മേൽക്കട്ടിയായും ശ്യാമളദ്യുതിയായ സമുദ്രം പുറംതിരശ്ശിലയായും, സ്വർണ്ണസ്തൂപികകളെ വഹിച്ച് അവിടവിടെ ഉയർന്നുകാണപ്പെടുന്ന ചില ഗോപുരങ്ങളും സൂര്യപ്രഭ തട്ടി പ്രകാശിക്കുന്ന ജലാശയദർപ്പണങ്ങളും സമുചിതരംഗസാമഗ്രികളായും, താൻ നിൽക്കുന്ന പർവതനിര രംഗവാസികളുടെ മഞ്ചസമുച്ചയമായും, ആ നൃത്തമണ്ഡപത്തെ അല1രിക്കുന്നു. ബഹുകാവ്യനാടകാദികളുടെ സാരസർവസ്വത്തിന്റെ അനുഭൂതിയെക്ഷണമാത്രംകൊണ്ടു സാധിപ്പിച്ച ആ പരമരമണീയമായ ആലോകത്തിൽ ഖലപ്രയുക്തമായി തന്നെ പീഡിപ്പിക്കുന്ന ബന്ധനാപനയവും ക്ഷന്തവ്യമെന്നു തോന്നി. അയാളുടെ ഹൃദയത്തിൽ സൃഷ്ടിമഹിമയെക്കുറിച്ചുള്ള അഭിനന്ദനം ഒന്നുമാത്രം ശേഷിക്കുന്നു. തന്റെ നേത്രങ്ങൾക്കു ഗോചരമാകുമ്പോലുള്ള സമതലവിസ്തൃതി നാഞ്ചിനാടാകുന്ന ഐശ്വര്യഖനിയും ഗഗനചാരികളാകുന്ന യക്ഷകിന്നരാദിവർഗ്ഗങ്ങളുടെ വിശ്രമാർത്ഥമെന്നതുപോലെ വിശേഷോന്നതിയോടു പൊങ്ങിനിൽക്കുന്ന ഗോപുരം മഹേന്ദ്രന്റെ പാപശാന്തിക്കായി ത്രിമൂർത്തികളുടെ സമ്മേളനത്താൽ ധന്യമായ സ്ഥാണുമാലയക്ഷേത്രത്തിന്റെ പുരോഭാഗവും ആയിരിക്കുമെന്നു കൽപിച്ചുകൊണ്ട് ആ സ്ഥലത്തെ ലക്ഷ്യമാക്കി ആ യുവാവ് പരമശിവപരമായ മാനസികപ്രണാമം ചെയ്തു. താൻ നിൽക്കുന്ന സ്ഥലം യോഗികളുടെ പ്രിയവാസദേശമായുള്ള മരുത്വാൻ എന്ന പുണ്യഗിരിയാണെന്നു നിശ്ചയിച്ചുകൊണ്ടും, അവിടത്തെ വാസം സർവൈശ്വര്യത്തിനും ആസ്പദമെന്നുള്ള വിരക്തിസിദ്ധാന്തത്തോടും അയാൾ സ്നാനവും ഭക്ഷണവും കഴിച്ചു. എങ്കിലും, തന്റെ കാരാഗൃഹത്തിനകത്തുള്ള ശീതളമായ ശിലാശയ്യയിന്മേൽ പിന്നെയും ശയനം ആരംഭിച്ചപ്പോൾ അയാളുടെ ഭ്രാന്തമായ യുവമനസ്സ് തന്റെ മാതാപിതാക്കന്മാരോടും മീനാക്ഷിയോടും പുനസ്സംഗമത്തിനു പ്രാരബ്ധപ്രാർത്ഥനം ആവുകയും ചെയ്തു.
കേശവൻകുഞ്ഞിന്റെ തിരോധാനസംഗതിയിൽ മഹാരാജാവ് ഉദാസീനനായും നന്തിയത്തുണ്ണിത്താൻ നിരുദ്യമനായും കാണപ്പെട്ടു എങ്കിലും രാജചാരന്മാരും വനസഞ്ചരണത്തിൽ പരിചിതന്മാരായ ഉണ്ണിത്താന്റെ ഭൃത്യന്മാരും തിരുവിതാംകൂറിൽ നാനാഭാഗങ്ങളിലും പരസ്യമായും ഗൂഢമായും ആ യുവാവിനെ ആരാഞ്ഞു. എന്നിട്ടും അപഹർത്താവ് ആരെന്നറിവാൻ ഒരു ലക്ഷ്യവും ആർക്കുംതന്നെ കിട്ടിയില്ല. ജനങ്ങളുടെ ഇടയിൽ അത്യന്തം സ്വാധീനമുള്ള ഒരു കക്ഷിയാൽ ആ യുവാവ് അപഹരിക്കപ്പെട്ടിരിക്കണമെന്ന്, ഈ തോലിയിൽനിന്നു മഹാരാജാവ് അനുമാനിച്ചു. അവിടത്തെ സേവകനായ കേശവപിള്ളയെ ആ സംഗതിയിലും