ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ യുവാവിന്റെ പരിചരനായ ഭടൻ ദിനാന്തരംകൊണ്ട്, വിശ്വസ്തഭാവത്തെ കൈക്കൊണ്ട് ഗുണദോഷങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് തനിക്ക് അവകാശമുണ്ടെന്നു നടിച്ചുതുടങ്ങി. ബന്ധനസ്ഥനായ യുവാവിന്റെ കാരണവരായ ചന്ത്രക്കാറപ്രഭു ശുപാർശചെയ്ത്, ഉപജീവനമാർനമായി താൻ വഹിക്കുന്ന ഉദ്യോഗം തനിക്കു കിട്ടീട്ടുള്ളതാണെന്നും, അതിനാൽ ആ യുവാവിന്റെ ആശ്രിതനായും തന്നെ കരുതണമെന്നും, അയാൾ കേശവൻകുഞ്ഞിനെ ധരിപ്പിച്ചു. തന്റെ കാരണവന്റെ ഔദാര്യത്തെ അതുവരെ അനുസ്മരിക്കാതെ, ആ ഭടൻ നവമായ ഒരു അവസ്ഥാഭേദത്തെ തുടരുന്നതുപോലെ സൗജന്യസംഭാഷണത്തിനു പെട്ടെന്ന് ആരംഭിച്ച പുറപ്പാടിനെ കേശവപിള്ളയുടെ കൃത്രിമപ്രേരണയായിരിക്കാമെന്ന് കേശവൻകുഞ്ഞു വ്യാഖ്യാനിച്ചു. അടുത്ത് ഒരുദിവസം ഭക്ഷണസമയത്ത് കേശവൻകുഞ്ഞിന്റെ അച്ഛനോ അമ്മാവനോ മേൽവിലാസംവച്ച് ഒരു സന്ദേശത്തെ കൊടുക്കുന്നെങ്കിൽ, ആയതിനെ ഭദ്രമായി മേൽവിലാസസ്ഥാനത്ത് എത്തിക്കാൻ താൻ ഏൽക്കുന്നു എന്ന് ആ ഭടൻ ചാമുണ്ഡേശ്വരിയെക്കൊണ്ടുതന്നെ സത്യംചെയ്തു. കേശവൻകുഞ്ഞ് ഇതിനുത്തരമായി തന്റെ പുരോഭാഗത്ത് അഭേദ്യപ്രാകാരമായി കാണപ്പെടുന്ന പർവ്വതത്തിന്റെ നിശ്ചലതയെ കൈക്കൊണ്ട് ഇരിക്കുന്നതേയുള്ളു. തന്റെ ഒരു ഉദ്യമവും നിഷ്ഫലമെന്നു കണ്ടതിനാൽ, ആ ഭടൻ മറ്റൊരുദിവസം ഗുണദോഷവുംകൊണ്ടു പുറപ്പാടായി. യുവാവിനുതന്നെ അറിവുള്ളപ്രകാരം ചന്ത്രക്കാറമഹാരാജന്റെ ഗുരുപാദരും, നവകിംവദന്തിപ്രകാരം മഹാരാജാവു തിരുമനസ്സിലെ അർദ്ധാസനാവകാശിയും ഉണ്ണിത്താൻപ്രഭുവിന്റെ ആത്മമിത്രവും ആയുള്ള ഹരിപഞ്ചാനനയോഗീശ്വരനെ ശരണംപ്രാപിച്ചാൽ തൽക്കാലാപത്തുകൾക്കു നിശ്ചയമായി നിവാരണമുണ്ടാകുമെന്ന് ഒരു സൂചകത്തെ ഉദാരഭാവത്തിൽ ആ ഭടൻ പുറപ്പെടുവിച്ചു. ആ ഗുണദോഷത്തെ മൂളിക്കേൾക്കുന്നതിനുപോലും കേശവൻകുഞ്ഞ് കനിഞ്ഞില്ല. അടുത്തദിവസം യോഗീശ്വരന്റെ പ്രതാപവൈഭവങ്ങളേയും ജനസ്വാധീനത്തേയും ആ വിടുവായൻ വർണ്ണിച്ചുതുടങ്ങി. അടുത്തുള്ള പർവ്വതനിരകളെ കഴുകി കടലാടിക്കാനെന്നപോലെ വന്മഴ ചൊരിയുകയാൽ, ആ ആരവത്തിനിടയിൽ ഭടന്റെ നിർബന്ധോപദേശങ്ങൾ നിഷ്ഫലശബ്ദക്ഷോഭങ്ങളായി പരിണമിച്ചു. അന്നത്തെ സന്ധ്യാഭക്ഷണസമയത്തും നിർബന്ധശീലനായ ഭടൻ, നിയമമായി ചമഞ്ഞുതുടങ്ങിയ ഗുണദോഷോപദേശക്കളരിയിൽ കയറി, അരയും തലയും മുറുക്കി ചുവടു പലതുംവച്ചു. തന്റെ സ്ഥിതിക്ക് ആ ഭടൻ സമരയോഗ്യനല്ലെങ്കിലും, തനിക്ക് നിരന്തരോപദ്രവിയായിത്തീർന്നിരിക്കുന്നതിനാൽ അവന്ന് ഒരു ചെറുപാഠത്തെ നൽകുവാൻ കേശവൻകുഞ്ഞ് ഒട്ടൊന്നു മുതിർന്നു. കേശവപിള്ളയോടു പ്രയോഗിച്ച പണ്ഡിതസ്വരത്തിലല്ലാതെ ഇടനാടൻ മാടമ്പിയുടെ യാത്രകളിസോപാനമട്ടിൽ, നായർസാമന്തനു ചേരുന്ന പരിഷ്കൃതിയോടുകൂടി, ഇങ്ങനെ തുടങ്ങി: “എടോ! തനിക്കേ, എന്നെ രക്ഷിക്കാൻ താൽപര്യമുണ്ടെങ്കിലേ, ഇത്രയൊക്കെ ഞെരുക്കി ഗുണദോഷിക്കണോ? ഞാൻ എഴുതീട്ടേ, എന്റെ വർത്തമാനം അച്ഛനെയൊ അമ്മാവനെയോ, അറിയിക്കാവൂ? അതിനെക്കാൾ തനിക്കുതന്നെ രണ്ടുവരി, താൻ നടിക്കുന്നിടത്തോളം കൃതജ്ഞനാണെങ്കിൽ, എഴുതിച്ചാണ്ടിക്കളഞ്ഞുകളയരുതേ? താൻ കൊണ്ടുവരുന്ന ചോറിനെ ഞാൻ എത്ര ധൈര്യത്തോടുകൂടി ഉണ്ണുണൂ എന്നു താൻ കാണുന്നില്ലേ? എല്ലാത്തിലും വലുതായ ആപത്ത് മരണമല്ലേ? അതിനെപ്പോലും ഞാൻ ഭയപ്പെടുന്നോ? പറയൂ, തോന്നുന്നതെന്തെന്ന്? ഭയപ്പെടുന്ന ആളാണെങ്കിൽ, ഓരോ നേരത്തും തന്നെ ഊട്ടീട്ടല്ലാതെ ഒരു വേള തൊടുമായിരുന്നോ? കണ്ടാൽ സാരി എടുക്കാൻകൊള്ളുന്ന പെൺകോലമെന്നു തനിക്കു തോന്നീട്ടുണ്ട്—ഇല്ലേ? അങ്ങനെ ശുദ്ധഗതികൊണ്ട്—ആ—തോന്നിപ്പോകും, ചില പ്രമാണികൾക്കും. എന്താ പറവാൻ തുടങ്ങിയത്? അതതേ തന്റെ യോഗീശ്വരൻ—അദ്ദേഹത്തിനെ ഞാനും കണ്ടിട്ടുണ്ട്. എടോ—ചില ഗ്രന്ഥങ്ങളുടെ സാരം സംഗ്രഹം കൊണ്ടുതന്നെ അറിയാം. അതുകൊണ്ട്, അദ്ദേഹത്തിന്റെ കഥ കിടക്കട്ടെ. തന്നെ ഈ കുപ്പായമിടീച്ച കൂട്ടക്കാരുടെ കഥ ആദ്യം എടുക്കാം, അവരിൽ ചിലരേയും ഞാൻ കണ്ടിട്ടുണ്ട്.” (ഇവിടം ആയപ്പോൾ സ്വരം ഒന്നു മാറി) “രാജ്യത്തെ പുലർത്തുന്നവരെന്നു നടിക്കുന്ന കൊമ്പശ്ശന്മാരിൽ ചിലരുടെ യോഗ്യതകൾ ഞാനും കുറച്ചു മനസ്സിലാക്കിയിട്ടുണ്ട്. നരകംതന്നെ ലജ്ജിച്ചു പാതാളത്തിൽ മറഞ്ഞു കളഞ്ഞിരിക്കുന്നത് എന്തുകൊണ്ടെന്നു താൻ അറിയുന്നോ? എല്ലെങ്കിൽ വേണ്ട. ആ ധർമ്മദ്രാഹികളും ദീർഘായുസ്സോടിരിക്കട്ടെ—

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/142&oldid=158408" എന്ന താളിൽനിന്ന് ശേഖരിച്ചത്