ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരമകാരുണികനായ തിരുമേനിയുടെ ധാർമ്മികത്വം എനിക്കു ശരണമുണ്ട്; സാക്ഷാൽ വിശ്വസ്വരൂപിണി എന്നെ കൈവെടിയുകയുമില്ല. ആഭാസവൃത്തിയോ ആജ്ഞതയോ ആയുള്ള പടുകുഴിയിൽ അല്ലാ ഞാൻ വേരോടി വളർന്നിരിക്കുന്നത്. ഈശ്വരൻ എന്നൊന്നുണ്ടെന്നു താൻ കേട്ടിട്ടില്ലേ? ഇല്ലെങ്കിലും ഉണ്ടെങ്കിലും ചില പരമോപദേശങ്ങൾ എന്റെ മനസ്സിനു ദീപങ്ങളായി വിളങ്ങുന്നുണ്ട്. ആ ദീപം എനിക്കു കാട്ടിത്തരുന്ന മാർഗ്ഗത്തെ, ശുഭമാകട്ടെ, അശുഭമാകട്ടെ, ഞാൻ തുടരും. അത്രയ്ക്കേ എനിക്കു വൈഭവമുള്ളു. ഇനി തന്റെ ഹരിപഞ്ചാനനസ്വാമികളുടെ കഥ കേൾക്കൂ! യമഘാതകാന്തകൻ എന്നുള്ള സ്ഥാനപ്പേര് ആർക്കെങ്കിലും ചേരുന്നുണ്ടെങ്കിൽ ആ ബ്രഹ്മരാക്ഷസനാണ്. ‘ഹരി ’ശബ്ദംമാത്രംകൊണ്ട് അയാളുടെ ദുഷ്ടതയ്ക്കു പോരാത്തതിനാൽ, ‘പഞ്ചാനന’ശബ്ദംകൂടി ആ പേരോടു ചേർത്ത ആൾ എന്തു സരസൻ! അദ്ദേഹത്തിന്റെ പാദങ്ങളെ ശരണംപ്രാപിക്കയെക്കാൾ,—ഒരു സാധുവായ കന്യകയെ കണ്ടപ്പോൾ വിഭ്രമിച്ചു പറന്നെത്തിയ ചപലസന്യാസി—അമ്മാവൻ പക്ഷേ, ദുരാഗ്രഹിയെങ്കിലും, അദ്ദേഹത്തെ വട്ടംകറക്കാൻ എത്തിയിരിക്കുന്ന വഞ്ചകസന്യാസി—എടോ! ദൈവം എനിക്കും രണ്ടു കണ്ണു തന്നിട്ടുണ്ട്—ആ ബ്രഹ്മാണ്ഡസമ്രാട്ട് ചിലമ്പിനേത്തു മാളികയിൽ പള്ളിയമർന്നരുളുമ്പോളല്ലേ, കാശുതെണ്ടിത്തിരിയുന്ന മുന്തിയറുപ്പനെപ്പോലെ എന്നെ പിടികൂടി തന്റെ കൂട്ടുകാർ കൊണ്ടുപോന്നത്? അന്നു തന്റെ ഹരിപഞ്ചാസ്യസ്വാമികളുടെ വിക്രമം, രാജസേവ, അനുഗ്രഹശക്തി— ”കേശവൻകുഞ്ഞിന്റെ വാക്പടുത അസ്തമിച്ചു. അയാളുടെ പ്രസംഗം ആ യുവാവിന്റെ ജീവനോടുകൂടി ഉദരപാദങ്ങൾ മാർഗ്ഗമായി ആ ശിലാതളിമത്തെ ഭേദനംചെയ്ത് പാതാളമാർഗ്ഗമേ പലായനംചെയ്തു. തന്നെക്കുറിച്ചുള്ള പരുഷഭത്സനങ്ങൾ ദിവ്യശ്രോതങ്ങളാൽ ശ്രവണംചെയ്തിട്ടെന്നപോലെ ഹരിപഞ്ചാനനബ്രഹ്മജ്ഞൻ സ്വർണ്ണസങ്കാശനായി പ്രത്യക്ഷീകരിച്ച്, ആ കല്ലറയെ ദീപാരാധനാസമയത്തുള്ള ശ്രീകോവിൽപോലെ ഭാസമാനമാക്കി. ആ രംഗത്തിന്റെ ഉപക്രമണത്തിനു വിദൂഷകനായി പുറപ്പെട്ടിരുന്ന രാജഭടൻ കേശവൻകുഞ്ഞിന്റെ പ്രാഗത്ഭ്യങ്ങളെ അനുധാവനംചെയ്തതുപോലെ, നിന്നിരുന്ന സ്ഥലത്തുതന്നെ അവഗാഹനംചെയ്ത്, അപ്രത്യക്ഷനായി.


അദ്ധ്യായം പത്തൊൻപത്


“വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാമ്മിത്രമി–
ത്യുക്തികൾ കേട്ടാൽ പൊറുത്തുകൂടാ ദൃഢം.”


ഗുരുശിഷ്യന്മാരോ പരസ്പരാരാധകന്മാരോ ഏകാന്താത്മകരോ— യുവരാജഹരിപഞ്ചാനനന്മാർ തമ്മിലുള്ള സംബന്ധം എന്തായിരുന്നാലും യോഗീശ്വരനെപ്പറ്റി മഹാരാജാവിന്റെ മനസ്സിൽ അഭിമാനമുണ്ടാക്കുവാനായി ആ രാജകുമാരൻ ചെയ്ത ഏർപ്പാടിനേക്കാൾ ആപൽക്കരമായ ഒരു ആനുകൂല്യം മറ്റൊന്നില്ലായിരുന്നു. ഈ കഥയിലെ അനന്തരസംഭവങ്ങളോട് അതിഗൗരവമായുള്ള നൈമിത്തികബന്ധം ഹരികഥാനുഷ്ഠാനത്തിന് ഉണ്ടായി. കേശവൻകുഞ്ഞിന്റെ അപഹരണമാകുന്ന അപരാധം തന്നിൽ ആരോപിക്കപ്പെട്ടതിനെപ്പറ്റി പരുഷനിവേദനം ചെയ്‌വാൻ രാജസന്നിധിയിൽ പ്രവേശിച്ച യോഗീശ്വരന് കരുണാഭിമാനപൂർവ്വം മഹാരാജാവ് തൃക്കരദാനംകൊണ്ട് സാന്ത്വനമരുളാൻ ഒരുങ്ങിയപ്പോൾ, ബുദ്ധസമ്പൂർണ്ണനെന്നുതന്നെ വിവക്ഷിക്കപ്പെടേണ്ടതായ ഹരിപഞ്ചാനനപാദങ്ങൾ, പ്രപഞ്ചസൂത്രധാരന്റെ നിയന്ത്രണംകൊണ്ടെന്നപോലെ, ഒന്ന് അതിയായി വഴുതി. രാജഹസ്തങ്ങളെ പ്രതിഗ്രഹണംചെയ്‌വാൻ യോഗീശ്വരനുണ്ടായ ഇലിമാത്രനേരത്തെ വൈമനസ്യം ആ യോഗിയെക്കുറിച്ചുള്ള കേശവപിള്ളയുടെ സംശയങ്ങൾ അടിസ്ഥാനശൂന്യങ്ങളല്ലെന്ന്, പരിസ്ഫുടസാക്ഷ്യങ്ങളായി മഹാരാജാവിനെ ദർശിപ്പിച്ചു. ധർമ്മവിലോപം വരാതെയും രാജ്യത്തിൽ മഹത്തായ പ്രക്ഷോഭങ്ങളൊന്നും ഉത്ഭവിക്കാതെയും യോഗീശ്വരന്റെ വിഷമശാസ്ത്രങ്ങളെ നയപ്രത്യസ്ത്രംകൊണ്ടു ഭിന്നമാക്കുവാൻ അവിടന്ന് ബദ്ധപരികരനായി. ഈ നിശ്ചയത്തോടുകൂടി യോഗീശ്വരനെ തന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/143&oldid=158409" എന്ന താളിൽനിന്ന് ശേഖരിച്ചത്