അവസാനിച്ചപ്പോൾ ഉമ്മിണിപ്പിള്ള അദ്ദേഹത്തിന്റെ മാറോടു ചേർത്ത്—പാവനകരങ്ങളാലോ, പാപനഖരങ്ങളാലോ ബന്ധിക്കപ്പെട്ടു. പിന്നീടുണ്ടായ ചാഞ്ചാട്ടം യോഗീശ്വരന്റെ ഭാഷയിൽ ‘രംഗാ രംഗാ!’ തന്നെ ആയിരുന്നു. ഉമ്മിണിപ്പിള്ള സമ്പ്രതീസാധ്വസങ്ങൾകൊണ്ട് യോഗീശ്വരന്റെ വിപുലവക്ഷഃസ്ഥലത്തിൽ ബാഷ്പപ്പനിനീർ പ്രക്ഷേപിച്ചു. യോഗീശ്വരൻ “ഉനക്കുത്താനപ്പാ, അന്ത കൊച്ചമ്മിണി ഉനക്കുത്താൻ—നമതു യജ്ഞം മുടിയട്ടും. അപ്പാൽ വരുകിറ പ്രഥമമുഹൂർത്തത്തിലെ, ഒന്നുടയ മരതകഗാത്രത്തെ അന്ത നകസമ്പുടത്തിലെ നാമേ സംഘടിപ്പിപ്പോം. ബഹത് ബഹദൂർ! ശാന്തമായിര്, ജഗദംബികയെ നല്ലായ് ഭജിത്തുക്കോ—സത്യം!” എന്ന് ഉമ്മിണിപ്പിള്ളയുടെ കർണ്ണത്തിൽ ഗൂഢമായി മന്ത്രിച്ചു. രാമവർമ്മമഹാരാജാവിന്റെ പുണ്യമഹിമയാൽ അതു വൃദ്ധസിദ്ധന്റെ കർണ്ണങ്ങളിൽ പതിച്ചു. യോഗീശ്വരനോട് ആ സിദ്ധനുണ്ടായിരുന്നതും കേശവപിള്ളയെക്കുറിച്ച് ദുഷ്പ്രവാദസൃഷ്ടികൊണ്ടു ശിഥിലമാക്കപ്പെട്ടതും ആയ ബന്ധം യോഗീശ്വരൻ അറിയാതെ പരിപൂർണ്ണമായി ഖണ്ഡിക്കപ്പെട്ടു.
മിഥുനത്തിലേക്ക് രവിസംക്രമം കഴിഞ്ഞ്, കാലവർഷത്തിന്റെ ശക്തിയുംക്ഷയിച്ചിരിക്കുന്ന ഈ കാലത്തിൽ അസ്തസന്ധ്യാസമയം വത്സരത്തിന്റെ വൃദ്ധതയ്ക്കു ചേരുന്നതരത്തിൽ ആദരണീയമായിരിക്കുന്നു. രാജ്യഭരണനാഡികളുടെ കേന്ദ്രമായ വലിയകൊട്ടാരത്തിലെ ‘പകടശ്ശാല’ എന്ന മന്ത്രിമണ്ഡപരംഗം, കാലസ്ഥിതികൾക്കും നിശാദ്വാരമായ ആ സമയത്തിനും ശക്യമായുള്ളവിധത്തിൽ മനോരമ്യമാക്കപ്പെടുന്നു. അവിടത്തെ വെളുത്ത ഭിത്തികളിന്മേൽ ആ സ്ഥലത്തെ പരിചാരകസാമാന്യത്തിന്റെ സദാചാരപ്രമാണങ്ങളും, അവരുടെ രുചിക്കു ചേരുന്നതായുള്ള ഗൃഹവാർത്താദികളും, ദുർവാസനാ പ്രചുരമായുള്ള കവനങ്ങളും, വികടങ്ങളായ അക്ഷരബന്ധങ്ങളും ചതുരഗജചക്രവടിവുകളിൽ എഴുതപ്പെട്ടിരിക്കുന്നവ, ആ സങ്കേതത്തിന് ഇപ്പോഴുള്ളതുപോലെ വത്സരത്തിലൊരിക്കൽ നവരാത്രി കാലത്തു മാത്രം സിദ്ധമാകുന്ന സരസ്വതീസാന്നിദ്ധ്യവും ലഭിച്ചുതുടങ്ങിയിരുന്നില്ലെന്നു പ്രത്യക്ഷീകരിക്കുന്നു. ആ മണ്ഡപത്തിന്റെ ചുവരുകൾ ഒരു ചിത്രശാലയുടെയും വർത്തമാനപ്പത്രത്തിന്റെയും സ്ഥാനവും ആശ്ചര്യകരമാംവണ്ണം വഹിക്കുന്നു. ‘കരിക്കട്ട ’കൊണ്ടുള്ള ലേഖനങ്ങളിൽ വിദഗ്ദ്ധന്മാരായവരുടെ കൂട്ടത്തിൽ ചിത്രകർമ്മകുശലന്മാരാൽ രചിക്കപ്പെട്ട ഗജേന്ദ്രമോക്ഷാദി രംഗത്തോടുകൂടി, ഗ്രാമ്യതയ്ക്കു പ്രാപിക്കാവുന്ന പരമാവധിയുടെ ദൃഷ്ടാന്തങ്ങളായി അനവധി ‘കരകൃതമപരാധ’ങ്ങളും ആ സ്ഥലത്തെ ‘അ’കാരമാദ്യമായുള്ള പകടശ്ശാല എന്നു ശങ്കിക്കുമാറാകുന്നു. ആ മണ്ഡപം മശകമക്കുണ പിപീലികാദികോടികളുടെ വസതികൊണ്ട് ചെറിയതോതിലുള്ള ഒരു ബ്രഹ്മാണ്ഡവുമായി ലസിക്കുന്നു. അവിടവിടെ വിരിക്കപ്പെട്ടതും, വക്കിലെ കെട്ടുകൾ പൊട്ടിച്ച് താംബൂലാദിസാധനങ്ങൾ ഉള്ളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നവയുമായ മെത്തപ്പായ്, തടുക്ക് എന്നിവകളും ഉയർന്ന് പടിക്കാരുടെ വിയർപ്പുകൊണ്ട് മെഴുകി കരുംതാളിയുടെ നിറം വഹിക്കുന്ന ചാരുപലകകളും, ഓരോ രായസക്കാരുടേയും മുമ്പിൽ വിടുർത്തിയിട്ടുള്ള ഓലച്ചുരുണകളും, അവരിൽ കൃത്യനിഷ്ഠന്മാരായുള്ളവരുടെ നാരായമുനകൾ പുതിയ ഓലകളുടെ മുകളിൽ ദ്രുതതരണംചെയ്യുന്ന കിരുകിരാരവവും; ആ സ്ഥലത്തിന്റെ പ്രാചീനതാശ്രീയെ അവാച്യമായി പ്രകാശിപ്പിക്കുന്നു. അപ്പോൾത്തന്നെ കത്തിക്കപ്പെട്ട മാടമ്പിവിളക്കുകൾ അവിടത്തെ ഇതരസാമഗ്രികളോട് അതിശയമായി യോജിച്ച് ഈ സന്ദർഭത്തിന്റെ പ്രഭാവത്തെ സപൂർണ്ണമാക്കുന്നു. സംഘങ്ങളായിച്ചേർന്ന് ദീപപ്രദക്ഷിണംചെയ്യുന്ന മശകചേടികളുടെ മംഗലഗാനാരവത്തിലും പ്രേമാധിക്യപൂർവമുള്ള ചുംബനങ്ങളിലും ലയിച്ചിരിക്കുന്ന പിള്ളമാർ “ഹയ്യ!” വിളിച്ചുകൊണ്ട് മർമ്മതാളങ്ങൾ ഘോഷിക്കുന്നു. ഗഗനചാരിയായ ആ ബാൻഡ്വാദ്യസംഘത്തിന്റെ വലിയ തമ്പേറെന്നപോലെ പടിഞ്ഞാറുള്ള ഒരിരുട്ടറയിൽ പ്രവേശിച്ചിരിക്കുന്ന സർവാധിപപ്രമാണിയുടെ ‘റാമറാമ’ജപം മാത്രഭംഗം കൂടാതെ ധ്വനിക്കുന്നു. കേശവൻകുഞ്ഞ് തന്റെ കാരാഗൃഹത്തിൽ വച്ച് കേശവപിള്ളയെ അപനയനെന്നു ഭവനംചെയ്ത മുഹൂർത്തത്തിന്റെ ദോഷത്തെ ഇയാളെ നേരിട്ട് അനുഭവപ്പെടുത്തുന്നതിന് അവസരം നൽകുവാനെന്നപോലെ വിഷ്ണുഭക്തനായ സർവാധികാര്യക്കാർ ശ്രീപത്മനാഭക്ഷത്രത്തിലേക്കും അവിടന്നു ഭവനത്തിലേക്കും ഉദ്ദേശിച്ചു പുറപ്പാടായി. അടുത്ത ഉദ്യോഗസ്ഥനായ