അമ്മച്ചി!—” എന്നെല്ലാം ഞറുങ്ങുന്ന പരാജിതക്ഷീണനെ പൊക്കി ഞരമ്പുകളേയും— മഹാശ്ചര്യമേ! വക്രിച്ചിരുന്ന നാസികയേയും ശരിയാക്കി നിറുത്തി. നിഷാദാകാരനും “എന്തപ്പനേ! എന്തുചെയ്യുന്നു? നിന്റെ ഭാഗ്യംകൊണ്ട് ഞാനിവിടെ എത്തി—അല്ലെങ്കിൽ കൊന്നുപോയേനെ!”എന്നുപറഞ്ഞുകൊണ്ടു ഗിരികായനു തടുക്കാൻ കഴിയുന്നതിനുമുമ്പിൽ ഉമ്മിണിപ്പിള്ളയുടെ മുതുകിൽ ഒന്നുതലോടി. ആ ക്രിയ കണ്ട് ഗിരികായൻ ശിരസ്സിൽ താഡനംചെയ്തുകൊണ്ട് അവിടെനിന്നു പറന്നു. നിഷാദന്റെ ഭൂതദയാപൂർവ്വമായുണ്ടായ സാന്ത്വനസ്പർശം ഏറ്റപ്പോൾ ഉമ്മിണിപ്പിള്ള ഞെട്ടി. “അയ്യോ!” എന്നു സ്വർഗ്ഗനരകങ്ങളിൽ ഒന്നുപോലെ കേൾക്കുമാറ് വാവിട്ടു വിളിച്ചു. ഉടൻതന്നെ “ഒന്നുമില്ല, അകത്തൊരെരിച്ചിൽ” എന്നു പറഞ്ഞ് അയാൾ തന്റെ സഹായിയെ ആശ്വസിപ്പിക്കയും ചെയ്തു. അപ്പോൾ ഉണ്ടായിരുന്ന മഹാതിമിരത്തെ ആ സഹായിയുടെ വസ്ത്രങ്ങളുടെ വർണ്ണം ജയിച്ചു എങ്കിൽ, ആ ഘോരപാതകന്റെ ശരീരവർണ്ണത്തെ അയാളുടെ അന്തരംഗതിമിരം സൂര്യപ്രഭമായി വിപര്യയപ്പെടുത്തി. ഉമ്മിണിപ്പിള്ള തന്റെ ഭീരുത്വത്തേയും ബലഹീനതയേയും കുറിച്ചു ലജ്ജിച്ചുകൊണ്ടു കുറച്ചുനേരം നിന്നിട്ട്, “ഒന്നുമില്ലാ—ഒന്നുമില്ലാ—ഞാൻ പൊയ്ക്കൊള്ളാം” എന്നു പറഞ്ഞ് നിഷാദാകാരനെ തൊഴുതുകൊണ്ട് വടക്കോട്ടും, പ്രച്ഛന്നവേഷനായ ആ സഹായി കിഴക്കോട്ടും നടന്നു. ഉമ്മിണിപ്പിള്ളയുടെ പാദസിരകൾ നീരശൂന്യങ്ങളായി; അവയവങ്ങൾ ലോഹനിർമ്മിതങ്ങളെന്നപോലെ ചേഷ്ടാശൂന്യങ്ങളായിച്ചമഞ്ഞു; അന്തർദ്ദാഹാഗ്നി കത്തിപ്പടർന്നു; അനുപദം ദിഗ്ഭ്രമവും പരിസരകാർഷ്ണ്യഭ്രമവും വർദ്ധിച്ചു; പാതാളാവഗാഹനം ചെയ്യുന്നപോലെ ഒരു മഹാഭ്രമത്താൽ ആവൃതനായി, അയാൾ ശ്രീപത്മനാഭക്ഷത്രത്തിന്റെ പടിഞ്ഞാറുള്ള ചതുഷ്പഥസന്ധിയിൽ എത്തി. പ്രപഞ്ചസർവസ്വവും കൃഷ്ണശിലാതുല്യം നേത്രന്ദ്രിയത്തിൽ സംഘടനം ചെയ്യുമ്പോലെ തോന്നി. ബഹുശതയോജനദൂരത്തിൽ സ്ഫുരിക്കുന്ന അതിസൂക്ഷ്മമായുള്ള അഗ്നിസ്ഫുലിംഗംപോലെ സമീപത്തുള്ളക്ഷത്രത്തിന്റെ പശ്ചിമഗോപുരത്തിൽ കത്തുന്ന ദീപം ഉമ്മിണിപ്പിള്ളയുടെ കൃഷ്ണമണികളിൽ പതിച്ചപ്പോൾ , അയാളെ തപിപ്പിച്ചുതുടങ്ങിയിരുന്ന ജഠരാഗ്നി അന്തകാഗ്നിസമം സർവാംഗം പ്രസരിച്ചു. ആ ക്ഷണത്തിൽ സ്വകണ്ഡത്തിൽനിന്നു ഛേദിതമായ ആസന്നചരമന്റെ ബോധകർണ്ണകയിൽ ഒരു പ്രജ്ഞ കന്ദളിതമായി. തന്റെ ഹതിയെ തന്നെക്കൊണ്ടുതന്നെ ഹരിപഞ്ചാനനൻസർവസംഹാരകൻ സമ്മതിപ്പിച്ചു എന്ന് അയാളുടെ മനസ്സിൽ പ്രകാശിച്ചു. തന്റെ അവസ്ഥാപരമാർത്ഥത്തെക്കുറിച്ച് ആ സാധുവിന് സൂക്ഷ്മബോധമുണ്ടായപ്പോൾ, “ശ്രീപത്മനാഭാ! വിശ്വംഭരാ!” എന്നു ഗുരുനാഥന് അത്യുച്ചത്തിലുള്ള ക്രന്ദനമഹാനുഗ്രഹത്തെ ദാനംചെയ്തും, ആ അനുഗ്രഹം പരിപൂർണ്ണമായി ഫലിക്കുന്നതിന് ആ വിശ്വംഭരന്റെ ക്ഷേത്രത്തെ നോക്കി തൊഴുതുപിടിച്ചു കൊണ്ടും, ഉമ്മിണിപ്പിള്ള എന്നു പേർ കൊണ്ടിരുന്ന തടി സാഷ്ടാംഗപ്രണാമമായി വീണു.
- “മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയം
- ഉൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ.”
സമുദായങ്ങളുടെ ‘വിശ്വകർമ്മാ’ക്കളും അനാത്മികമായ പദവികളുടെ പ്രാപ്തിക്കായ്ക്കൊണ്ട്, ജന്തുഹിംസയെ പ്രമാണരൂപമായി നിഷേധിച്ചും ശാസ്ത്രമാകുന്ന ഛത്രത്തെ ശരണീകരിച്ചും, അജമേധാദിക്രിയകളെ അനുഷ്ഠിക്കുന്നതിൽ ഉത്സുകന്മാരായിരിക്കുന്നു. ‘ശാസ്ത്രം’ എന്ന ശ്രേഷ്ഠസാധനത്തിന്റെ മെഴുകുപ്രായമുള്ള നമ്യതയെ ചിന്തിക്കുമ്പോൾ, രാജ്യലബ്ധിദീക്ഷയെ അനുവർത്തിക്കുന്ന ലൗകികന്മാർ നരമേധംചെയ്‌വാൻ മുതിരുന്നതിനെയും വല്ല സ്മൃതിഘട്ടമോ പുരാണമൂലയോ സാധൂകരിക്കുമെന്ന് സധൈര്യം ആഖ്യാപനംചെയ്യാം. എന്തായാലും, മഹാരാഷ്ട്രങ്ങളുടെ പ്രതിഷ്ഠ രക്തപങ്കിലമായ അസ്തിവാരത്തിലാണെന്നു പുരാണങ്ങളും പുരാവൃത്തജ്ഞന്മാരും കീർത്തിക്കുന്നു. ആധുനികചരിത്രഗ്രന്ഥങ്ങൾതന്നെ