ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു വിധി കേശവപിള്ളയുടെ നേർക്ക്, തുറന്ന ജനലോകകോടതിയിൽനിന്നു പ്രസിദ്ധീകരിക്കപ്പെട്ടു.

അന്നു മദ്ധ്യാഹ്നമായപ്പോൾ രാമവർമ്മമഹാരാജാവ് മനോവിശ്രമത്തിനായി ഏകാന്തവാസം ആഗ്രഹിച്ച്, ഇപ്പോൾ ‘രംഗവിലാസ്സം’ മുതലായ രാജസൗധങ്ങൾ സ്ഥിതിചെയ്യുന്ന ഉപവനത്തിൽ ‘വലിയ ചവുക്ക’ എന്ന പേരോടുകൂടി ഉണ്ടായിരുന്ന ഒരു മണ്ഡപത്തിൽ പ്രവേശിച്ച്, പരിജനങ്ങളെയെല്ലാം വളരെ ദൂരത്താക്കീട്ട് വ്യാകുലതയോടുകൂടി അവിടെ നടന്നുകൊണ്ടിരുന്നു. മനുഷ്യരുടെ സുഖാവസരങ്ങളെ വഷളാക്കുന്ന സന്ദർഭകുസൃതി എന്നൊരു ചാത്തന്റെ ബാധ പലരും അനുഭവിച്ചിരിക്കാം. ഈ മൂർത്തിയുടെ കളികൊണ്ടെന്നപോലെ, ഉന്നതമായ ശാഖയിൽനിന്നു ഭൂമിയിൽ വീഴുന്ന ചക്ക യുടെ ‘ധുമി’ധ്വനിയോടുകൂടി ഒരു ഭീമാകാരൻ തെക്കുള്ള ചുവർചാടി ആ ഉദ്യാനത്തിനകത്തു വീണു. ആ ശബ്ദത്താൽ ആകർഷിതനായ മഹാരാജാവ് തന്റെ സ്വസ്ഥവാസത്തേയും രാജസന്നിധിയിൽ സങ്കടങ്ങൾ ബോധിപ്പിക്കാൻ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിയമത്തേയും ലംഘിച്ച പ്രമത്തന്റെ ശരീരദൈർഘ്യവിസ്തൃതികളെ കണ്ടുണ്ടായ വിസ്മയത്തിൽ, അയാളുടെ അപരാധങ്ങളെ മറന്നു. വിചാരിച്ചിരിക്കാതെ മഹാരാജാവിന്റെ മുമ്പിൽ ചാടിപ്പോയ പക്കീർസാ തനിക്കു ശിക്ഷയുണ്ടാകാതിരിപ്പാനായി “മുതലാളിക്കു സങ്കടം” എന്നു മഹാരാജാവു കേൾക്കുമാറ് ഒരു വ്യാജം പറഞ്ഞു. ‘മുതലാളി’ എന്നു പറയപ്പെട്ടത് പോക്കുമൂസാ വർത്തകനാണെന്ന് മഹരാജാവു വ്യാഖ്യാനിച്ച് പൂർവ്വരാത്രിയിലെ സംഭവത്തിന്റെ സ്മൃതി ഉണ്ടായിരുന്നിട്ടും, ധൈര്യത്തോടുകൂടി ആ യമകായനെ സമീപത്തു വിളിച്ച്, “മുതലാളി എന്തു പറഞ്ഞയച്ചു?” എന്നു ചോദ്യം ചെയ്തു. ആ ദൂതൻ ഇടതുകൈ മാറോടണച്ച്, വലതുകൈ നിലത്തു മുട്ടുംവണ്ണം നാലഞ്ചു സലാംവച്ച്, മാമവെങ്കിടൻ തന്റെ മുഖത്തെ മറയ്ക്കാൻ കൈക്കൊണ്ട നിലയിലും അധികമായി വക്രിച്ച്, സൂക്ഷ്മസമകോണാകൃതിയിൽ, അധരംപൊത്തി നിന്നു. ആ ദൂതനെ അതിനു മുമ്പിലും കണ്ടിട്ടുണ്ടെന്നു മഹാരാജാവിനു ബലമായ ഒരു ശങ്ക ഉദിക്കയാൽ “നിന്റെ പേരെന്ത്?” എന്നു ചോദിക്കുകയും “പക്കീർസായാണു പൊന്നടികളേ” എന്ന് നിലത്തുതന്നെ നോക്കിക്കൊണ്ടു അയാൾ മറുപടി അറിയിക്കയും ചെയ്തു.

മഹാരാജാവ്: (പക്കീരിന്റെ പരമാർത്ഥത്തെ ആലോചിപ്പാൻ ഇടകിട്ടുന്നതിനു പുറപ്പെടുവിക്കുന്ന തന്റെ ചോദ്യത്തിലെ വിനോദരസത്തെ ഓർത്തു സ്വൽപമൊരു പുഞ്ചിരിയോടുകൂടി) “ഏഹേ! നിന്നെക്കണ്ടിട്ട് സാധാരണ ഒരു വെറും പക്കീർസായാണെന്നു തോന്നുന്നില്ല. പരമാർത്ഥം കേൾക്കട്ടെ.”

പക്കീർസായുടെ നേത്രങ്ങൾ, കുനിഞ്ഞുനിൽക്കുന്ന ആ നിലയിലും ഉള്ളിലുണ്ടായ ചിന്തകളുടെ ഗതിവിശേഷംകൊണ്ട് അനൽപവേഗത്തിൽ പലവുരു അടഞ്ഞു തുറന്നു എന്ന് മഹാരാജാവിനുതന്നെ തോന്നി. “പക്കീർപിള്ള എന്നും ചില അങ്ങത്തമാർ അന്തസ്സിന് ഉത്തരവാവാർ—കല്പനെ”

മഹാരാജാവ്: “അങ്ങനെ ഒന്നും അല്ലെന്ന് നാം പറയുന്നു.”

പക്കീർസാ: (ഝടിതിയിൽ) “അലിയാർഖാൻ എന്നു കൽപിച്ചാൽ അതുവും പൊരുന്തും ദൈവപ്പെരുമയെ.”

മഹാരാജാവ്: (അക്ഷമനായി) “ഛ! ഛേ! അതുമല്ലാ—”

പക്കീർസാ: (സമ്മതിച്ചു തലയാട്ടി. അതോട് ഉടലും ആടി) “പടച്ചവന്റെ മേന്മയാൽ മലുക്കൂന്നും പേരൊണ്ട് —അതിനും പക്കീർ മൂളും.”

മഹാരാജാവ്: “ആദ്യം അമ്മയച്ഛന്മാരിട്ട പേരെന്ത്? അതു കേൾക്കട്ടെ.”

വാക്കുകൾ മുട്ടിയും ഇടറിയും, ഒരു കൈകൊണ്ടു ചെവി കശക്കിയും തല ചൊറിഞ്ഞും, നേത്രങ്ങളെ അൽപമൊന്നു പുറത്തു കാണിച്ച് മഹാരാജാവിന്റെ മുഖഭാവത്തെ നിർണ്ണയം ചെയ്തും, ചുണ്ടും അണയും അമർത്തിയും പക്കീർ എന്തോ മുനങ്ങി. മഹാരാജാവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/155&oldid=158422" എന്ന താളിൽനിന്ന് ശേഖരിച്ചത്