ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

“കുഞ്ഞുങ്ങൾക്കു കാലത്തേ നിലയ്ക്കു നിന്നൂടയോ?” എന്നു ശാസനംചെയ്തു. ആ ആജ്ഞയുടെ ശ്രവണമാത്രത്തിൽ ആ കുട്ടിഗ്ഗന്ധർവസംഘം വാനനരന്മാരെപ്പോലെ ഇഴഞ്ഞും കിഴിഞ്ഞും, മഞ്ചത്തിൽ നിന്നു താഴത്തിറങ്ങി, മോഷണംചെയ്ത മാർജ്ജാരന്മാരെപ്പോലെ നിലയായി. നിദ്രചെയ്തിരുന്ന പ്രമാണിയും അവരെത്തുടർന്ന്, ഝടിതിയിൽ എഴുന്നേറ്റ്, ഒന്നുരണ്ടു പൈതങ്ങളെ കരസ്ഥവും, ചിലരെ ഭുജസ്ഥവും ആക്കിക്കൊണ്ട്, പത്നീശാസനത്തെ ആദരിച്ചെന്നപോലെ ശേഷംപേരുടെ മദ്ധ്യത്തിൽ ചേർന്നുനിന്ന് ശിക്ഷണീയനാട്യത്തെ അഭിനയിച്ചു. തന്റെ ഭർത്താവിന്റെ പരിഹാസഭാവം കണ്ട് ശുണ്ഠിയോടുകൂടി പാർവതിപ്പിള്ള വടക്കേക്കെട്ടിലേക്കു തിരിച്ചു. ഒന്നാം അദ്ധ്യായത്തിലെ രാജപ്രണിധിയും, മൂഢശിരോമണിയായ ചന്ത്രക്കറൻ തന്റെ കണ്ഠാലങ്കാരമായി കരുതിയിട്ടുള്ള കുടൽമാലകളുടെ സംഗ്രഹാകാരവുമായ രാമവർമ്മത്ത് അനന്തപത്മനാഭൻ പടത്തലവർ പൊട്ടിച്ചിരിച്ചു. ബാലസംഘം ഷഷ്ട്യബ്ദപൂർത്തികൊണ്ട് ആവർത്തിതബാല്യനായ ആ സന്ദർഭത്തിലെ തങ്ങളുടെ സേനാനിയുടെ വിജയത്തെ പരിതോഷിച്ച് വിവിധധ്വനികൾകൊണ്ട് ആ നാലുകെട്ടിനെ പൊടിപെടുത്തു.

രണ്ടുനാഴിക കഴിഞ്ഞപ്പോൾ, പടത്തലവരായ അനന്തപത്മനാഭന് ബാലദീപാവലിയുടെ മദ്ധ്യത്തിൽ ഉഷനിവേദ്യം എടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ സൗഭാഗ്യവതി തന്ത്രിയുടെ നിലയിൽ ചടങ്ങുകൾ ഉപദേശിച്ചുകൊണ്ടു നിൽക്കെ, രണ്ടാമത്തെ പുത്രിയായ കൊച്ചമ്മിണി എന്ന സ്ത്രീരത്നം ഭർത്തൃകരകനകസംപുടത്തിൽനിന്നു വേർപെട്ടതിനാലുള്ള ധൂസരതയോടുകൂടി മേൽശാന്തി സ്ഥാനത്തിൽ നിവേദ്യാർപ്പണം തുടങ്ങി. പിതൃവാത്സല്യപൂർണ്ണമായുള്ള ആ അതിമാനുഷന്റെ മനസ്സ് പുത്രിയുടെ വിരഹതാപത്തെ ഓർത്ത് കരുണാർദ്രമായി ഭവിച്ചു. അദ്ദേഹം സ്വപത്നീമുഖത്തിൽ നോക്കി ഇങ്ങനെ പറഞ്ഞു: “പറഞ്ഞോ കൊച്ചമ്മിണിയോട്?” (പുത്രിയുടെ ചെവികൾ വട്ടംപിടിച്ചു.) “ഹൈദരെ സേവിച്ച് ശ്രീരംഗപട്ടണത്തു താമസിക്കുന്നു എന്നു കിട്ടിയ എഴുത്തിലെ കാര്യം.” (മുഖം വികസിച്ചുനിൽക്കുന്ന പുത്രിയോട്) “ഹൈദർ രാജാവിനെത്തുടർന്ന് പാലക്കാട്ടും മറ്റും സഞ്ചരിക്കുന്നു എന്ന് ഒരു സ്നേഹിതന്റെ എഴുത്തു വന്നിട്ടുണ്ട്.” (ആ പ്രഗത്ഭയുടെ നേത്രങ്ങളിൽ ബാഷ്പം പെരുകി.) “ചോരകണ്ടാൽ മോഹാലസ്യപ്പെടുന്ന ആ വീരൻ ആ പടക്കൂട്ടത്തിൽ എന്തു ചെയ്യുന്നോ‌-”

കൊച്ചമ്മിണി: (കണ്ണൂനീർ വർഷിച്ചുകൊണ്ട്) “അച്ഛനെപ്പോലെ ധൈര്യമില്ലാത്തവരെ അച്ഛന് എന്നും ആക്ഷേപംതന്നെ.”

അനന്തപത്മനാഭൻ: “ഞാൻ വങ്കാളക്കശാപ്പനാകകൊണ്ട് അങ്ങനെ ആക്ഷേപിക്കുന്നതിൽ ഒരു ന്യായമുണ്ട്. ഞാൻ അതിനെ ഒളിയ്‌ക്കയും മറയ്‌ക്കയും ചെയ്യുന്നുമില്ല. എന്റെ കൊച്ചമ്മിണിക്കുട്ടിയും അന്ന് അച്ഛന്റെ കക്ഷിയിൽ ചേർന്ന കൂറ്റാത്തിയല്ലായിരുന്നോ?”

കൊച്ചമ്മിണി: “അത് അച്ഛന്റെ മകളാകകൊണ്ട്. എത്ര ആണ്ടായിപ്പോൾ? എന്റെ പിഴയ്ക്കു ഞാൻ വേണ്ടതു കരഞ്ഞു. ഇനി എന്നെ ഒന്നങ്ങോട്ടയച്ചാൽ, അദ്ദേഹത്തെ ഞാൻ തിരിച്ചുകൊണ്ടരാം.”

അനന്തപത്മനാഭൻ: “നമ്മുടെ രാജ്യത്തിന്റെ ശത്രുവിനെ സേവിക്കുന്ന ആളിന്റെ അടുത്തു നിന്നെ അയയ്‌ക്കയോ?”

കൊച്ചമ്മിണി വാദത്തിൽ തോറ്റു എങ്കിലും, അച്ഛനോടിങ്ങനെ അപേക്ഷിച്ചു:

“അച്ഛാ! വരിഷവും പത്തിരുപതാവാറായി. ഇനിയെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിമോശത്തെ ̧ക്ഷമിക്കണം.”

അനന്തപത്മനാഭൻ: “മാങ്കോയിക്കലായ വലിയപടവീട്ടിൽ തമ്പിമാര് ചോര കണ്ട് മയങ്ങിക്കൂട മകളേ. ഛി! ഛീ! രാജ്യത്തിനുതകാത്തവൻ—”

പാർവ്വതിപിള്ള: (പരിഭവിച്ച്) “രാത്രി വന്നു, നേരം വെളുത്തപ്പോൾ, കുഞ്ഞുങ്ങളെ കരയിച്ചുതുടങ്ങുന്നത് എന്തുമാതിരിയാത്? വെട്ടും കുത്തും കൊലയ്‌ക്കും എല്ലാവരും കച്ചയും കെട്ടി നടക്കുമോ?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/158&oldid=158425" എന്ന താളിൽനിന്ന് ശേഖരിച്ചത്