ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുള്ള കഥ എന്താണെന്നു നമുക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. നമുക്കും, കഴക്കൂട്ടത്തെ വീട്ടുകാർക്കും, കേശവനും, ഒന്നുപോലെ വേണ്ടത്തക്ക ആളാണല്ലോ കാരണോര്. എല്ലാം അങ്ങോട്ടേൽപിച്ചിരിക്കുന്നു. ഒരു ബഹളത്തിനും ഇടവരുത്താതെയും കേശവനു സന്താപം ഉണ്ടാകാതെയും എല്ലാം ശരിയാക്കണം. മനസ്സിലായല്ലോ?”

പടത്തലവർ മഹാരാജാവിന്റെ ചിത്തഗതികളെയും ഇംഗിതങ്ങളെയും വിചാരിച്ച് ആശ്ചര്യപ്പെട്ടു. ഖഡ്ഗത്തെക്കാളും ഊർജ്ജിതമായും സഫലമായും ജയസമ്പാദനം ചെയ്യുന്ന ഒരു ആയുധം മഹാരാജാവിന് ഒരു വൈഷ്ണവപാശുപതതുല്യമായി സ്വാധീനമുണ്ടെന്നു കാണുകയാൽ അദ്ദേഹത്തിന്റെ ഹൃദയപ്രതിഷ്ഠിതമായുള്ള ‘മാർത്താണ്ഡവർമ്മ’ വിഗ്രഹത്തോടു തുല്യസ്ഥാനമെങ്കിലും ഈ ധർമ്മരാജാവിന് അവകാശപ്പെടുന്നു എന്ന് അതിപ്രീതനായി അദ്ദേഹം അഭിമാനിച്ചു. “അടിയൻ കേശവൻ കഥകൾ മുഴുവൻ പറഞ്ഞ്, അടിയനറിഞ്ഞു. തിരുമനസ്സിലേക്ക് രൂപമാകാത്ത ആ കിടാത്തിയുടെ സംഗതിയിൽ അടിയനും കുറച്ചു സംശയമുണ്ട്. ഇന്നുനാളെക്കൊണ്ട് എല്ലാം അന്വേഷിച്ചു തിരുമനസ്സറിയിക്കാം. ഈ കൃപാനീതി തിരുമനസ്സിലേക്ക് ദീർഘായുസ്സു നൽകി രാജ്യത്തിന്റെ സൗഭാഗ്യത്തെ വർദ്ധിപ്പിക്കട്ടെ.”

ഇങ്ങനെ തുടങ്ങിയ സംഭാഷണം മഹാരാജാവിന്റെ കോവിലെഴുന്നള്ളത്തിനേയും താമസിപ്പിച്ചു. രാജരത്നവും പ്രജാരത്നവും പരസ്പരഗുണഗ്രാഹികളായപ്പോൾ ഇടക്കാലത്തെ അനാസ്ഥസ്ഥിതിയെക്കുറിച്ച് അധികം ക്ലേശിച്ചത് മഹാരാജാവായിരുന്നു. പടത്തലവർ ചെമ്പകയേരിയിലേക്കു മടങ്ങി. ഉടനേ തന്നെ ഊണുകഴിച്ച്, പാടുന്നതിനു തുംബുരുവും തൂക്കി ഹാജരായ മാമനെ തല്ലി ഓടിച്ചിട്ട്, ഉച്ചയ്ക്കുമുമ്പുതന്നെ തോക്ക്, കുന്തം, വാൾ, കുറുവടി എന്നീ ആയുധങ്ങൾ ധരിച്ചുള്ള വേട്ടക്കാരും ചില കുപ്പായക്കാരുമായി കഴക്കൂട്ടത്തേക്കു പുറപ്പെട്ടു.


അദ്ധ്യായം ഇരുപത്തൊന്ന്


“അതുപൊഴുതു കുന്തിയെ വന്ദിച്ചു മാധവൻ;
ആശീർവചനവും ചെയ്തിതു കുന്തിയും.”


ഉമ്മിണിപ്പിള്ളയുടെ നിഗ്രഹോദന്തം കഴക്കൂട്ടം മുതലായ സ്ഥലങ്ങളിൽ അടുത്ത ഉദയയാമാന്തത്തിനുമുമ്പുതന്നെ എത്തി, “കൂനിൽ കുരു പുറപ്പെടുക” എന്നുള്ള മൊഴിയെ ആ സന്ദർഭത്തിൽ ഫലപ്പെടുത്തി, മന്ത്രക്കൂടത്തു താമസിക്കുന്ന സ്വാധികളുടെ ഹൃദയവ്രണങ്ങളിൽ നവവേദനയുണ്ടാക്കുമാറു തറച്ചു. ആ ദിവസത്തിൽ കാണപ്പെടുന്ന മീനാക്ഷി കേശവപിള്ളയെ സന്ദർശനംചെയ്ത വീരവനമാൻകിശോരിക, ശിംശപാതരുമൂലവാസത്തെ ബഹുവത്സരം അനുഷ്ഠിച്ചപോലെ അവസ്ഥാന്തരപ്രാപ്തയായിരിക്കുന്നു. തന്റെ കാമുകൻ പൂർണ്ണസുഖനായും സംശുദ്ധയശസ്കനായും തനിക്കു തിരിയെ ലബ്ധനാകുമെന്നു ജഗജ്ജയിയായ ഹരിപഞ്ചാനനൻ പ്രതിജ്ഞചെയ്തിരിക്കുന്നു എന്നു പറഞ്ഞ്, സമാശ്വസിപ്പിച്ചാണ് കുപ്പശ്ശാർ ആ കന്യകയെ അവളുടെ സാഹസശ്രമത്തിൽനിന്നു വിരമിപ്പിച്ചത്. എന്നാൽ, ഹരിപഞ്ചാനനൻ ക്ഷണനേരത്തേക്ക് മന്ത്രക്കൂടത്തുപടിക്കൽവച്ച് തന്നെ കണ്ടതിലുണ്ടായിട്ടുള്ള അഭിമാനമോ, കഷ്ടമോ—പ്രണയമോ—അല്ലാതെ, തന്റെ ഇംഗിതസിദ്ധിക്കായി യത്നിക്കുന്നതിന് അദ്ദേഹത്തെ പ്രരിപ്പിപ്പാനെന്തു പ്രണോദനമുണ്ടെന്നുള്ള സാരമായ പ്രശ്നം അവളുടെ ഹൃദയത്തിൽ അങ്കുരിച്ചു. ഈ ചോദ്യത്തിന് സ്വസ്വാന്തത്തിലുണ്ടായ പ്രതിഷേധോത്തരം അവളുടെ ക്ഷതോത്സാഹത്തെ അണുമാത്രവും ഉത്തേജനം ചെയ്തില്ല. മന്ത്രക്കൂടത്തു തിരിച്ചെത്തിയപ്പോൾ ഉണ്ണിത്താൻപ്രഭുവിന്റെ ഇന്ദുശീതളമായ ഗുരുതരകാരുണ്യത്തിനും, വ്യസനോൽപ്ലാവിതമായ ആ കന്യകയുടെ മനസ്സിനെ സമസ്ഥിതിയിൽ ആക്കുന്നതിനു സാധിച്ചില്ല. കുപ്പശ്ശാർ അയാൾ പുറത്തു പറയുന്നതിലധികം എന്തോ മനസ്സിൽ ഉപഗുഹനംചെയ്യുന്നതായി ആ കന്യകയ്ക്കു തോന്നി. അയാൾ ഐശ്വര്യകാംക്ഷനിമിത്തം ആ യോഗീശ്വരനെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/160&oldid=158428" എന്ന താളിൽനിന്ന് ശേഖരിച്ചത്