തന്നോടു സംഘടിപ്പിക്കാൻ യത്നിക്കുന്നതായി വ്യാഖ്യാനിച്ച്, അവൾ ധർമ്മവ്രതനായ ആ വൃദ്ധനെ ദ്വേഷിച്ചുതുടങ്ങി. കുപ്പശ്ശാർ രണ്ടാമതും യോഗീശ്വരവാടത്തിൽ പോയി തിരിച്ചുവന്നപ്പോൾ മുതൽ, അയാളിൽ കാണപ്പെട്ട ക്രൗര്യഭാവവും നിതാന്തപരുഷതയും, അയാൾ വൃദ്ധയോടു ഗൂഢമായിച്ചെയ്ത ആലോചനകളും, വൃദ്ധ ഉണ്ണിത്താനെ പ്രത്യേകം വരുത്തി ദീർഘസന്ദർശനം ചെയ്തതിൽ ഭിന്നാഭിപ്രായനെന്നപോലെ അദ്ദേഹം പിരിഞ്ഞതും, മീനാക്ഷിയുടെ ഉള്ളിൽ ജനിച്ച വിദ്വേഷകാലുഷ്യത്തെ സ്ഥിരീകരിച്ചു. വൃദ്ധയും കുപ്പശ്ശാരും ദുർമ്മോഹികളെന്നും, ലോകത്തിൽ തനിക്ക് താനല്ലാതെ ഇതരശരണ്യനുണ്ടെങ്കിൽ അത് ചിലമ്പിനേത്തുനിന്ന് ഉഗ്രപ്രഭാവനായി വന്ന്, സ്വമാതാമഹിയുടെ സമക്ഷത്തിൽവച്ചു തന്നെ പരസ്യമായി വരിച്ച കാമുകനല്ലാതെ മറ്റാരുമല്ലെന്നും ചില സ്വന്തകൈവല്യസിദ്ധാന്തങ്ങളും അവൾക്കു പാഠമായി. ഇങ്ങനെ ആത്മകൈവല്യനിവൃത്തയായ ആ വേദവതിയെ അവളുടെ തൽക്കാലാശ്രമത്തിന് യുൽശരീരയാക്കുവാനെന്നപോലെ മാതമഹിയുടേയും പരിചാരകന്റേയും മന്ത്രക്കൂടഭവനത്തിന്റേയും വയോവൃദ്ധി, ആ കന്യകയിൽ പകർന്നു. തന്റെ കുടുംബത്തിന് നിസർഗ്ഗവും അപ്രതിഹതവുമായ് ധൃഷ്ടത അതിലെ എല്ലാ അംഗങ്ങളേയും ഒരേപ്രകാരം വിപന്നരാക്കിയതുപോലെ, പ്രണയബന്ധത്തിലുള്ള തന്റെ സ്ഥിരനിഷ്ഠ തന്നെയും അംഗുലക്രമമായ സ്വപൂർവഗാമികളുടെ ദുരന്തത്തിലേക്കു നയിക്കുന്നു എന്നും മറ്റും ക്ലേശിച്ചതിനിടയിൽ തന്റെ ഗൃഹനാമത്തെ ‘കഴക്കൂട്ട’മെന്നു സങ്കൽപിച്ച് ഓരോ ചിന്താവിമർശനങ്ങൾ മനശ്ചാപല്യംകൊണ്ടു തുടങ്ങി. കഴുകന്മാർക്ക് തങ്ങളുടെ നഖരതുണ്ഡങ്ങൾകൊണ്ട്, മൃതങ്ങളോ, ജീവത്തുക്കളോ ആയ, ഇതരശരീരങ്ങളുടെ മർദ്ദനവും ഭേദനവും അശനവും ചെയ്കയെന്നുള്ള ക്രൂരാനുഭവങ്ങൾക്കല്ലാതെ, ദിവ്യമായ അനുരാഗഭൂതിക്കോ ആത്മസ1രത്തിനോ ഉത്തമമായ ഗൃഹജീവിതത്തിന്റെ സൗഭാഗ്യത്തിനോ അവകാശമെന്ത്? തങ്ങൾക്ക് തന്റെ വർഗ്ഗത്തിൽ ജനിച്ചുള്ള അവാന്തരങ്ങളായ പറവകളുടെ ഇടയിൽ നായകസ്ഥാനവും അന്തകസ്ഥാനവും വഹിച്ചും ജലതരുതൃണശൂന്യമായുള്ള വല്ല പർവതാഗ്രശിലയിലും വാസംചെയ്തും മൃദുലവും കരുണാസങ്കലിതവുമായ ജീവികാമാർഗ്ഗത്തെ പരിത്യജിച്ചും ഉള്ള ഏകാന്തജീവിതമല്ലേ വിധിയാൽത്തന്നെ കൽപിക്കപ്പെട്ടിട്ടുള്ളത്? സ്വജാതീയരിൽ ഇതരന്മാർക്കു പ്രാപല്യമല്ലാതുള്ള വാസദേശത്തിന്റേയും സഞ്ചാരവീഥിയുടേയും ഔന്നത്യംകൊണ്ടുമാത്രം തങ്ങൾ സന്തുഷ്ടിയെ പ്രാപിക്കേണ്ടേതല്ലേ? തന്റെ കുലത്തിന്റെ നിയതി ഏതദ്വിധമായ ഒരു രാജത്വമാണെങ്കിലും, ആ ഉന്നതകുടുംബത്തിന്റെ നാമമഹിമയ്ക്കുവേണ്ടി താൻ പൂർവജന്മത്തിൽ പ്രാർത്ഥിച്ചില്ലല്ലോ എന്നും അവൾ ചിന്തിച്ചു. എന്നുമാത്രമല്ല, താൻ സ്വകുടുംബധർമ്മത്തിന്റെ വലുതായ വിലോപത്താലെന്നപോലെ, ത്രിപുരസുന്ദരിവലിയമ്മയുടെ മുഖത്തിൽനിന്ന് ആശ്ചര്യാക്ഷേപോക്തികളെ ഉത്സർജ്ജിപ്പിക്കുമാറ്, നേത്രങ്ങളിൽ അശ്രുസ്ഫുരണംചെയ്യിച്ച ഒരു മൃദുശീലയായ കന്യകയുമല്ലേ? ഇങ്ങനെ ബഹുരൂപങ്ങളായി മനസ്സിൽ വ്യാപരിച്ച ആത്മഗതിളും അവളുടെ താപസാന്ത്വനം ചെയ്യാത്തതിനാൽ, അവൾ ആത്മപ്രഭാവംകൊണ്ട് തന്റെ വിരഹദുഃഖത്തെ ഉപഗുഹനംചെയ്തു. എന്നാൽ അതിന്റെ രൂക്ഷജ്വലനത്തിൽനിന്ന് ഉൽഭൂതമായ ഒരു ധൂമം അവളുടെ കാന്തിസൗഭാഗ്യത്തെ ക്ഷണംപ്രതി ആച്ഛാദിച്ചു. അവളുടെ നിദ്രാകാലങ്ങൾ പ്രണയസമുദ്രതരംഗങ്ങളിൽ അകപ്പെട്ടു വലയുന്ന തന്റെ പ്രാണരക്ഷണത്തിനുള്ള ശ്രമങ്ങളായും, സ്നാനഭക്ഷണാദിക്രിയകൾ കേവലം വിഗ്രഹാരാധനയിലെ തന്ത്രകർമ്മങ്ങളായും, പ്രാർത്ഥനാശ്ലോകകഥനങ്ങൾ ദൈവനിഷ്കരുണത്വത്തിന്റെനേർക്കുള്ള കോപപർജ്ജന്യധ്വനികളായും ചമഞ്ഞു. ചന്ത്രക്കാറൻ, നന്തിയത്തുണ്ണിത്താൻ എന്നീ പ്രഭുക്കളുടെ പുരുഷത്വത്തേയും രാജാധികാരത്തിന്റെക്ഷീണതയേയും തന്റെ കാമുകന്റെ അനുരാഗദൗർബ്ബല്യത്തേയും അവൾ ആത്മനാ ഉപഹസിച്ചു; വർഷകാലത്തിന്റെ തകൃതികൾ കണ്ടപ്പോൾ, അതുകളോടുകൂടി ലോകം അവസാനിക്കട്ടേ എന്ന് അവൾ ശപിച്ചു. താദൃശമായ തന്റെ അവസ്ഥയെ അപഹസിക്കാനെന്നപോലെ, ഇടയ്ക്കിടെ പ്രസന്നവദനനായി കാണപ്പെട്ട ആദിത്യനോടു കയർത്തു; ഇടവിട്ടു പൊഴിയുന്ന മഴകളെ വിധിഗതിയുടെ ചാപല്യത്തോടുമപിച്ചു ഭർത്സിച്ചു. തന്റെ ഭർത്തൃസ്ഥാനികന്, ആപന്മോചനം വരുത്തുന്നതിൽ തനിക്കുള്ള ശക്തിവിഹീനതയെ പരിഹരിപ്പാൻ നിർമ്മമനായ ദൈവത്തോടു പ്രാർത്ഥിച്ചു; താൻ നിത്യപാരായണംചെയ്യുന്ന സ്തോത്രങ്ങളിൽ “ത്രലോക്യവിജയീ ഭവേൽ”, “ശത്രുസൈന്യം വിജേഷ്യസി” എന്നും
താൾ:Dharmaraja.djvu/161
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല