ശല്യാദി ക്ഷാത്രവീര്യചിഹ്നങ്ങളെക്കൊണ്ട് ആ ഭദ്രാസനം സമുചിതമാംവണ്ണം ഭാസുരമാക്കപ്പെട്ടു. കുപ്പായങ്ങളും തലക്കെട്ടുകളും ധരിച്ചുള്ള ‘ബക്ഷി’ പ്രമുഖരായ സേവകജനങ്ങളും, ബാലാ മുതലായ ആയുധങ്ങൾ വഹിച്ചുള്ള മഹൽദാരന്മാരും, രാജമന്ദിരാങ്കണങ്ങളിലെന്നപോലെ പാദശബ്ദങ്ങളെപ്പോലും മന്ദമാക്കി സഞ്ചരിക്കുന്നു. എങ്ങാണ്ടൊരു കോണിൽ നിന്നു പുറപ്പെടുന്ന തേവാരത്തിന്റെ നാഗസ്വരവാദ്യം ആ രാജർഷിസങ്കേതം ഭാരതവർഷത്തിൽ ഉൾപ്പെട്ടതെന്ന് സോദകന്റെ ദൂരാവകാശത്തെ എന്നപോലെ നിരുന്മേഷമായി മുരളുന്നു. പ്രവേശനദ്വാരത്തിൽ പ്രാബല്യാഹങ്കാരത്തോടു തകർക്കുന്ന ഷഹനാ(കാഹള)സമന്വിതമായ നകാരഭേരി ‘പൗരസ്ത്യം’ എന്ന അഭിധാനച്ഛത്രത്തെ അവലംബിക്കുന്നത് ‘സൽഭാവം’ എന്ന് ശബ്ദസൂക്ഷ്മതയോടുകൂടി അനുക്ഷണം ഘോഷാവർത്തനംചെയ്യുന്നു. ശ്രീഭഗവതീമണ്ഡപസ്ഥനായ ഹരിപഞ്ചാനനയോഗിരാജൻ ചേരമണ്ഡലപ്പെരുമാളായി, കേരളീയശുഭ്രാംബരങ്ങൾ ധരിച്ചും, മൂർദ്ധാവിലെ കേശത്തെമാത്രം കുടുമയാക്കിക്കെട്ടി വഴികാട്ടിപോലെ മുന്തിച്ചും, തങ്കപ്രഭയോടു കൂടിയ ഭുജദേശത്തിൽ ഉദയംചെയ്ത് ശംഖശൂഭ്രതയോടുകൂടി തിളങ്ങുന്ന ഉപവീതത്തെ നഖദളങ്ങൾകൊണ്ടു മൃദുവായി വീണാവാദനംചെയ്തും, വിധിനന്ദനനായ ദക്ഷനെപ്പോലെ പ്രാജാപത്യഗർവ്വനായും സ്ഥിതിചെയ്യുന്നു. നന്ദനപ്പൂങ്കാവിലെ സൗരഭ്യപൂരത്തിനു തുല്യമായി, സൗന്ദര്യപ്രഭാവനായ ആ അഭിനവചേരമാൻപെരുമാളുടെ ‘കസ്തൂരിതിലകാഞ്ചിതഫാല’ത്തിൽനിന്ന് അലൗകികമായുള്ള ഒരു പരിമളം പ്രസരിക്കുന്നു. പരമശുദ്ധഹൃദയനായ തമ്പിയുടെ പ്രവേശത്തിനായി, ആ സഭാഗൃഹദ്വാരം തുറക്കപ്പെട്ടപ്പോൾത്തന്നെ, ഭക്തിവിനയങ്ങളുടെ അനിവാര്യപ്രസരംകൊണ്ട് അദ്ദേഹത്തിന്റെ നേത്രകവാടങ്ങൾ അടഞ്ഞു; എങ്കിലും സമ്പുടന്യായേന ആർഷകിരണം സ്പർശിച്ചിട്ടുള്ള തമ്പിയുടെ അടഞ്ഞ നേത്രങ്ങൾക്കും, യോഗീശ്വരന്റെ പ്രഭാവദീപ്തിയുടെ ഉഗ്രത ദൃശ്യമായിരുന്നു. അഷ്ടൈശ്വര്യസമ്പന്നനായ ആ യോഗിരാജർഷിയെ കണ്ട്, കളപ്രാക്കോട്ടക്കുടുംബത്തിന്റെ ഭാവിഭാഗധേയത്തിനു പ്രതിശ്രയമായി ആ ദിവ്യപാദങ്ങളെ വരിച്ച തന്റെ ബുദ്ധിവൈഭവത്തെ അപ്പോൾ ഓർത്ത്, തമ്പിയുടെ മാനസത്തുമ്പിൽ ഗൂഢവാസം ചെയ്തിരുന്ന ചില താന്തതകളും അന്തരീക്ഷഗമനംചെയ്തു. ഇങ്ങനെ ചാരിതാർത്ഥ്യഭരിതനായപ്പോൾ തമ്പിയുടെ ഗിരികായത്തിന്, സ്വഗുരുവായ തേജശ്ചക്രത്തിന്റെ പരിവേഷദേശത്തുപോലും എത്തുവാൻ വേണ്ട ലഘിമൈശ്വര്യം നഷ്ടമായിച്ചമഞ്ഞു. സ്വബൃഹസ്പതിയായ രാജയോഗസ്ഥന്റെ തിരുമുമ്പിൽ ആ ഗജരാജൻ തളർന്നു വിയർത്ത് കരങ്ങളെ കൂമ്പിച്ച് ഉച്ചിയോളം പൊക്കി മുഖം കാണിച്ചു. യോഗിരാജൻ കനിഞ്ഞ്, നാടകങ്ങളിലെ ദേവേന്ദ്രന്മാർക്കു നിയമമായുള്ള ദിഗ്ഭരണാന്വേഷണച്ചോദ്യക്കടുദാസിനെ പ്രശ്നം നമ്പ്ര 1 മുതൽ അവസാനംവരെ അഭിനയത്തിൽ രസത്താഴ്ച വരാതെ,—മുനങ്ങി. ഹൈദർഖാനായ ‘രാവണൻ തന്റെ വരവുണ്ടിനിയിപ്പോൾ’ എന്നും മറ്റും അവിടത്തെ അന്തർഗ്ഗതം മുഴുവൻ യോഗിരാട്ട് തമ്പിയെ ധരിപ്പിച്ചു. “കല്യബ്ദം 4869–ന് യുഗദിനം 17, 78, 185–ം ചെല്ല കൊല്ലം 942–ാമതിൽ കർക്കടകഞായറ്റിന് സർവജിദ്വർഷേ, ശ്രാവണമാസാരംഭേ, പുണ്യനക്ഷത്രശുക്ലപ്രഥമ സൂര്യവാരാദിസംഘടിതശുഭദിനേ, കർക്കടകരാശി ശുഭമുഹൂർത്തേ” നടക്കുന്ന തന്റെ യജ്ഞത്തിനും തദനന്തരമുള്ള അവഭൃഥസ്നാനത്തിനും തമ്പിയും പടയും മുൻകൂട്ടി വന്നു വേണ്ട ശ്രമങ്ങൾ ചെയ്തു സകലവും മംഗലമായി പരിണമിപ്പിക്കണമെന്ന് യോഗിരാജൻ കല്പനകൊടുത്ത്, തേവാരിയെക്കൊണ്ടു വട്ടകപ്രസാദവും നൽകിച്ചു. പ്രസന്നവദനനായിരുന്നരുളുന്ന യോഗിസമ്രാട്ടിന്റെ ഓരോ മധുരവചനദ്രവത്തോടുകൂടിയും, തമ്പിയാൽ ചിരകാലപ്രാർഥിതമായുള്ള കണക്ക്, ചെമ്പകരാമൻ, തമ്പി എന്ന ഓരോ സ്ഥാനങ്ങൾക്കുമുള്ള നീട്ടും ചിട്ടിയും, ദളവാദത്തിനുള്ള പിടിപാടും, വളർവാളും, മുദ്രാംഗുലീയവും പൊഴിഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ സന്തോഷപ്രവാഹത്തെ പെരുകിച്ചു. തമ്പിയുടെ വിസ്തൃതമായുള്ള ഹൃദയോദരങ്ങളിലും അതിനെ സംഭരിക്കുന്നതിനു സ്ഥലം പോരായ്കയാൽ സ്വപത്നീസഹായ്യത്തെ അദ്ദേഹം മനഃകർണികയിൽ കാംക്ഷിച്ചു. തന്റെ ‘തുമ്പവും തുയിരും’ പോക്കും ഗുരുതിരുവടികളുടെ തിരുവുള്ളപ്പെരുവെള്ളത്തിരത്തള്ളലിൽ തമ്പിയുടെ മനസ്സ് കുടിച്ചും നീന്തിയും കരകേറി അരത്തമപ്പിള്ളത്തങ്കച്ചിയാകുന്ന മന്ദരഗിരിതടത്തെ പ്രാപിച്ചു. എന്നാൽ അണിമാശക്തി സിദ്ധിച്ചിട്ടില്ലാത്ത ശരീരമോ—അത് അവിടെത്തന്നെ നിലകൊണ്ടുപോയതിനാൽ തമ്പി കൽപനകൾക്കെല്ലാം ‘അടിയൻ’ മൂളി ഭദ്രദീപത്തിനായി
താൾ:Dharmaraja.djvu/169
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു