ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശൃംഖലകൊണ്ട് കീർത്തിയും, അനവധി ഗൃഹങ്ങളോടു ചാർച്ചയും, ഒരുവിധം നല്ല സമ്പത്തും, വലിയകൊട്ടാരംരായസമെന്നുള്ള ഉദ്യോഗവും, വിശേഷാൽ ചിലമ്പിനേത്തെ ഗൂഢചാരിത്വവും, ‘അടുക്കളക്കാരി’ വഴി തന്റെ അടുത്ത സംബന്ധിയും ആയി ഉള്ള ഈ ആളെ, വാലൂന്നി നില്ക്കുന്ന സർപ്പത്തിന്റെ ചാഞ്ചാട്ടങ്ങളോടുകൂടി കണ്ടപ്പോൾ, ചന്ത്രക്കാറൻ മറ്റു ജനങ്ങളെയും ഭൃത്യരെയും അവിടെനിന്ന് ആട്ടി പുറത്താക്കി, ഗോപുരവാതിലും ബന്ധിച്ചു. ഒരു ദീർഘമുക്കുറയായ സംബോധനയോടുകൂടി ഉമ്മിണിപ്പിള്ളയെ ആഫണലാംഗുലം ചന്ത്രക്കാറൻ ഒന്നു പരിശോധിച്ചു. ആ സരസൻ ആ നോട്ടത്തെ ആദരിച്ചു മിന്നൽപ്പിണർപോലെ വിറച്ചു. ഉമ്മിണിപ്പിള്ള, ഒരു പരിഗ്രഹണയത്നത്തിൽ ‘കാമനും വിധിതാനും ഖലവൈരികളാ’യിത്തീരുകയാൽ വിവാഹകാംക്ഷയാകുന്ന മാന്മഥനിദേശകാരിയെ ഹൃദയശിലാമന്ദിരഗഹ്വരങ്ങളിൽ എങ്ങാണ്ട് ബന്ധനം ചെയ്തിരുന്നു. സംഗതിഭ്രമണംകൊണ്ട് രണ്ടാമതും ഉമ്മിണിപ്പിള്ളയുടെ പൂർവാനുരാഗപ്രവാഹമുണ്ടായി. വീണ്ടും തുഴഞ്ഞിട്ടും പ്രണയജലധിയുടെ തരണം അയാളെ വിഷമിപ്പിക്കയാൽ, വിധികാമന്മാരുടെ അനുഗ്രഹത്തിനു ജപതപങ്ങളെ തുടങ്ങിയിരുന്നു. ഈ സ്ഥിതിയിൽ, മറ്റൊരു അനർത്ഥവും നേരിട്ട്, അയാളുടെ മനോവ്യഥയെ വർദ്ധിപ്പിച്ചു. ലിപിലേഖനത്തിൽ അതിചതുരനായിരുന്നതുകൊണ്ട് മഹാരാജാവിന്റെ കവനങ്ങളെ പകർത്തുന്നതിന് സ്വകാര്യ എഴുത്തുകാരനായിക്കൂടി ഉമ്മിണിപ്പിള്ള നിയമിക്കപ്പെട്ടു. ദുഷ്കാലവൈഭവം അയാളെ അവിടെയും തുടർന്നു. ‘ജാരസംഗമഘോരദുരാചാര’ എന്നു മഹാരാജാവ് രചിച്ചിരുന്നതിൽ ‘ജാര’ എന്ന പദത്തോടു സംന്യാസപദപ്രാപ്തികൊണ്ടുണ്ടായ വിസ്മൃതിയാൽ, രാജകൃതി രാജധിക്കൃതിയാകുമാറു ‘രാജസംഗമഘോരദുരാചാര’ എന്ന് ആ നിർഭാഗ്യവാൻ പകർത്തി. രാമവർമ്മ മഹാരാജാവിന്റെ പരമധാർമ്മികനേത്രങ്ങൾക്കും ഉമ്മിണിപ്പിള്ളയുടെ മനോധർമ്മാപരാധം ക്ഷന്തവ്യമല്ലെന്നു തോന്നിയതിനാൽ, വിഷമമായുള്ള ജോലികളിൽനിന്നും അയാളെ ഒഴിച്ച് പകടശ്ശാല എന്ന രായസമണ്ഡപത്തിൽ ഇരുന്ന് അയാളുടെ ധ്യാനവൃത്തികളെ നിർബാധമായി തുടർന്നുകൊള്ളുന്നതിന് അനുവദിപ്പാൻ മഹാരാജാവ് പ്രസാദിച്ചു.

ഉമ്മിണിപ്പിള്ളയുടെ അന്നത്തെ മുഖക്ഷീണം വലുതായ ബുദ്ധിക്ഷയത്തെയും ഇച്ഛാഭംഗത്തെയും മനോവ്യാധിയെയും സൂചിപ്പിക്കുകയാൽ ചന്ത്രക്കാറൻ അയാളുടെ നേർക്കു തിരിഞ്ഞിരുന്നു വാത്സല്യപൂർവം ചോദ്യംചെയ്തു: “എന്തമ്മിണാ! മാനമിടഞ്ഞുവീഴുന്നൂട്ടോ? അതോ പെരുവെള്ളം കേറിവന്നൂട്ടോ? തൊലിയുരിച്ച ഓന്തിനെപ്പോലെ നീ പേയുറുഞ്ചിപ്പോയിരിക്കണതെന്ത്?”

സ്വസംബന്ധിയുടെ കരുണ ഉമ്മിണിപ്പിള്ളയുടെ തിങ്ങിനിന്നിരുന്ന വ്യസനക്കരകളെ ഭേദനംചെയ്തു. അയാൾ നേത്രങ്ങളെ കണ്ണുനീർവാർണ്ണീഷുകൊണ്ടു പ്രകാശിച്ച് തൊണ്ട ഇടറി തന്റെ പരിദേവനത്തെ ഇങ്ങനെ ഉണർത്തിച്ചു: “തമ്പുരാനെ സേവിച്ചു മാനംകെട്ടു പൊന്നുടയതേ. ഇപ്പോൾ ഇതാ, നീട്ടെഴുത്തുവേല ഒഴിവുവന്നു. അപ്പഴും ഇരുപത്തെട്ടുവർഷം അടുത്ത ദീപാളിക്ക് ഓലപറണ്ടിത്തികയുന്ന ഇവനു കുന്തം! എങ്ങാണ്ടു കിടന്ന, കണ്ട ജാതി, വീടും കുടിയും പറവാനില്ലാത്ത ചെറുക്കനെ, തൊലിമേനിമിനുക്കം മാത്രം നോക്കി എന്റെ തലയ്ക്കുമീതെ ഉന്തിക്കേറ്റിയിരിക്കുണു— തിന്നാൻ വകയില്ലാഞ്ഞാണോ സേവിപ്പാൻ പോണത്! തലമുറ വാഴ്ക്കയായി മുന്നിരുന്ന പൊന്നുതമ്പുരാക്കന്മാർ തിരുവുള്ളംകൊണ്ടു തന്ന അനുഭവത്തെ ഇങ്ങനെ മൊടക്കിക്കളഞ്ഞാൽ എവിടെച്ചെന്നു വിളിക്കാം സങ്കടം?”

ഉമ്മിണിപ്പിള്ള തന്റെ സങ്കടബോധനം നിറുത്തിയപ്പോൾ ചന്ത്രക്കാറൻ ഇങ്ങനെ ഗുണദോഷിച്ചു: “നോക്കെന്റെമ്ണാ! ഇത്രയല്ലാ, ഇതിലേറെയും വരും! ധർമ്മം കേറി ആറാടണതാണിതൊക്കെ. എന്നാലക്കൊണ്ട് — നോക്ക്! അവിടെ നിന്ന് ചിണങ്ങാണ്ട് നൂന്നുനിന്നു കേള്. നീട്ടെഴുത്തില്ലെങ്കിൽ നീ എരപ്പോടെടുക്കുമോടാ? ചിലമ്പിനേത്തു കലത്തിലിടണ വെള്ളം തെളയ്ക്കുമ്പം നമ്മുടെ മച്ചമ്പിക്കും ഉരിയക്കഞ്ഞിവായ്ക്കൂല്ലിയോ? ഇതിനൊക്കെ തമ്പുരാക്കന്മാരെ പിണപറയാതെ. അവർക്ക് ശബ്ദ(സപ്ത)വെസനങ്ങളും മറ്റുമൊണ്ട്. ഇന്ന് പ്രധാസിച്ചില്ലെങ്കിൽ നാളെ പ്രധാസിക്കും! ഞാൻ തന്നെ അവിടെ കേറിയാലും ഇങ്ങനെ ചെല അളിച്ചിയാട്ടങ്ങളും അമളികളും വന്നുപ്പോയേയ്ക്കാം! നീട്ടെഴുത്തു പോയെങ്കിൽ പു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/17&oldid=158438" എന്ന താളിൽനിന്ന് ശേഖരിച്ചത്