ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയംകൊണ്ടു കുതിച്ചു നടതുടങ്ങി. നെടിയ കാലന്മാരായ പരിചാരകഗണം അദ്ദേഹത്തെ തുടരുന്നതിന് ഓടേണ്ടിവന്നു. ഇതാ ധൂർത്തനായ ഒരു മീശക്കാരൻ നെടുമ്പനപോലെ ചന്ത്രക്കാറപ്രഥമവിഗ്രഹന്റെ ഗതിയെ തടയുന്നു. ചന്ത്രക്കാറന്റെ നേത്രഗോളങ്ങൾ ആ ഗർവപൂർണമായുള്ള മീശയെ ഭസ്മീകരിപ്പാൻ തീക്ഷ്ണകിരണങ്ങളെ ഉദ്യമിക്കുന്നു. സാലകായനായ ജനറൽ കുമാരൻതമ്പി ആ ദശകൺഠപ്പെരുമാളുടെ പരാക്രമത്തെ പരമാർത്ഥഗ്രഹണംചെയ്യാതെ, അദ്ദേഹത്തിന്റെ മുകളിൽ ഒന്നുതലോടി, കർണ്ണങ്ങളിൽ ഒരു സദുപദേശത്തെ സൽബന്ധുവായി നൽകുന്നു. “അവിടന്ന് ആടിപ്പഞ്ചം തുടങ്ങിയാൽ ഒരു മാസത്തേക്കു വീട്ടിലടങ്ങിയിരിക്കണം. പിന്നെക്കൽപനപോലെ.” ഈ ചുരുങ്ങിയ മന്ത്രാപദേശത്തെ ഭൃത്യജനങ്ങൾ ശ്രവിച്ചില്ല. മഹാരാജാവിന്റെ അനുമതിയോടുകൂടി പടത്തലവനാൽ കുമാരൻതമ്പിമുഖേന നൽകപ്പെട്ട ഈ ശാസനത്തെ കേട്ടയുടനെ ചന്ത്രക്കാറന്റെ മുഖമോ പുള്ളിരങ്ങിയോ അധികം ജൃംഭിച്ചതെന്നു വ്യവസ്ഥീകരിക്കുക മഹാവിഷമം. എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന്റെ ഹ്രസ്വകായം ആസകലം ഒന്നുപോലെ ചുവന്നതിനു പുറമേ, മണ്ഡൂകസാദൃശ്യത്തെ യഥാർത്ഥമാക്കുമ്പടി വീർക്കുകയും ചെയ്കയാൽ അംഗവ്യത്യസങ്ങൾ നംമായിച്ചമഞ്ഞു. തന്റെ ഉള്ളിലുദിച്ച കോപത്തെ അയവെട്ടി, അകത്തിറക്കി, “കാണാം” എന്നുള്ള ഏകപദോച്ചാരണത്തോടുകൂടി ജനറൽ കുമാരൻതമ്പിയേയും ഞെരിച്ചുകൊണ്ട്, ചന്ത്രക്കാറകുണ്ഡോദരൻ കഴക്കൂട്ടത്തുഗൃഹംവക നിധിയെ ഭക്ഷിപ്പാൻ പാഞ്ഞുതുടങ്ങി.


അദ്ധ്യായം ഇരുപത്തിമൂന്ന്


“ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷിൾ ഛേദിച്ചപ്പോ–
ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ.”


രാമനാമഠത്തിൽപിള്ളയായ ‘തന്തപ്പെരുമാന്’, ദശകണ്ഠപ്പെരുമാൾക്ക് ഇന്ദ്രജിത്തെന്നപോലെ, ശാശ്വതവിഖ്യാതിയെ സമ്പാദിപ്പാൻ ഉപകരിച്ച ചന്ത്രക്കാറൻ സ്വഭവനത്തിൽ പുനഃപ്രവേശം ചെയ്തപ്പോൾ, മന്ത്രക്കൂടഗൃഹത്തിലെ വാസികളായ വൃദ്ധയും മീനാക്ഷിയും വിനോദസംഭാഷണനർമ്മമായ സരളപ്രവാഹത്തിൽ മുങ്ങി സകല ആപത്തുകളേയും ദുഃഖങ്ങളേയും മറന്നിരിക്കുന്നു. ഹരിപഞ്ചാനനഫണത്തിന്റെ വിജൃംഭണകാലം സമീപിച്ചിരിക്കുന്നതിനെ കുപ്പശ്ശാരും മറന്ന് സ്വസ്വാമിനികളുടെ സൗഹാർദ്ദജലക്രീഡയിൽ ശുശ്രൂഷകനായിച്ചേരുന്നു. മായാവേഷ്ടിതരായ ഈ സാധുജനങ്ങൾ ദൃശ്യമാകാത്തവിധത്തിലുള്ള ഒരു അതിലോലശരീരനും ആ വിഹാരസാക്ഷിയായി എത്തിയിരിക്കുന്നു. ഇത് ജനദുരിതസംഹാരിയായ മൃത്യുതന്നെ ആയിരുന്നു. ഈ സംഘടന കണ്ടുണ്ടായ പരവശത കൊണ്ടെന്നപോലെ, ആ രാത്രിയിലെ ഏകാദശിച്ചന്ദ്രൻ ആർത്തിക്ലാന്തനായിരിക്കുന്നു. അതുകണ്ടപ്പോൾ പടത്തലവരുടെ ഉപദേശപ്രതിജ്ഞകൾകൊണ്ട് ഉന്മിഷിതയാക്കപ്പെട്ടിരുന്ന മീനാക്ഷിയുടെ ഉത്സാഹകളരവം പെട്ടെന്നു നിലകൊണ്ടു. ഹരിപഞ്ചാനനവികൃതികളെക്കുറിച്ചുള്ള പ്രജ്ഞകൊണ്ടുണ്ടായ ഗൂഢാസ്വാസ്ഥ്യങ്ങളേയും ദൂരത്തു മാറ്റിവച്ച്, കന്യകയുടെ ഹിതാനുവർത്തിയായി ചെന്നുചേർന്നിരുന്ന കുപ്പശ്ശാർക്ക് ബാലികയുടെ മൗനാനുഷ്ഠാനം ഉത്സാഹഭംഗപാരുഷ്യത്തെ ഉണ്ടാക്കി. തന്റെ പ്രിയവത്സയെ ആ സന്ദർശനത്തിനു ചേരുന്നതായ ഉപായംകൊണ്ട് ഉദ്ധൃതോത്സാഹയാക്കുന്നതിന് അവളുടെ ചില വിരഹചേഷ്ടകളെ അയാൾ അതിഗോഷ്ടിയായി അഭിനയിച്ചു. വൃദ്ധയും മീനാക്ഷിയുടെ മനഃക്ഷീണത്തെക്കണ്ട് വ്യാകുലയാകയാൽ കുപ്പശ്ശാരുടെ ഉപായം അവർക്ക് ഏറ്റവും രസിച്ചു. മീനാക്ഷി ‘കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി—പോകുന്നപോലെയിഹ നാരായണായ നമഃ’ എന്ന ഹരിനാമകീർത്തനഭാഗത്തെ ഗാനം ചെയ്തു. മീനാക്ഷിയുടെ മൂകതയ്ക്കു പ്രയോഗിക്കപ്പെട്ട ചികിത്സ ഇങ്ങനെ ഫലിച്ചതുകൊണ്ട്, കുപ്പശ്ശാർ ജയിച്ചു! വൃദ്ധ കുപ്പശ്ശാരുടെ സാമർത്ഥ്യത്തെ അഭിനന്ദിച്ചു കണ്ണിറുക്കി, അയാളുടെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/176&oldid=158445" എന്ന താളിൽനിന്ന് ശേഖരിച്ചത്