ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേശവപിള്ള: “ആവകയൊന്നും ഞാനല്ല.”

മാമൻ: എന്തെടാ മാമനോടു പടവെട്ടിക്കളയാമെന്നോ? അസംബന്ധക്കുക്ഷി! അധികപ്രസംഗി ഹൈരാവണഭീരോ! നിന്റെ അഛച്ഛാഛന്റെ പ്രായമുണ്ട്. അതും നിനയ്ക്കാണ്ട് ശണ്ഠീ!”

പടത്തലവർ ആവശ്യപ്പെടുകയാൽ കേശവപിള്ള വഴക്കുനിറുത്തി, അകത്തു കടന്നു. ഒപ്പിട്ട എഴുത്തുകളെ എല്ലാം പടത്തലവർ കേശവപിള്ളയെ ഏൽപിച്ചും, മഹാരാജാവിനാൽ അനുവദിക്കപ്പെട്ടിട്ടുള്ള ഭൃത്യജനങ്ങളോടുകൂടി, രാജമന്ദിരം വക അശ്വവാടത്തിലെ കുതിരകളിന്മേൽ രാത്രിതന്നെ തിരുനൽവേലിക്കു തിരിച്ച്, എഴുത്തിലെ മേൽവിലാസക്കാരായ പ്രഭുക്കന്മാരെക്കണ്ട്, ആ സ്ഥലങ്ങളിൽ ഹരിപഞ്ചാനനനുണ്ടാകാവുന്ന സഹായങ്ങളെ നശിപ്പിച്ച് വേണ്ടപോലെ വിജയിയായി വരണമെന്നും മറ്റും ഹിന്ദുസ്ഥാനിയിൽ ഗുണദോഷിച്ചും, അനുഗ്രഹിച്ചും, ആ യുവാവിനെ യാത്രയാക്കി. അനന്തരം മാമനെ അകത്തു വിളിച്ച്, “വല്ലതും ഒന്നു ചൊല്ലിമാട്ടുഹേ! അല്ലെങ്കിൽ പാർവ്വതിപിള്ള കലഹിക്കും. ഞാൻ ശ്രുതി പിടിക്കാം” എന്നു പറഞ്ഞ് മാമനെ ഇരുത്തി. മാമൻ രണ്ടുനാഴിക വരെ കുനച്ചും കുരച്ചും കയർത്തും കഫിച്ചിരുന്ന കണ്ഠത്തെ തെളിയിച്ചും ‘തോടി’ രാഗത്തിൽ ‘അ’കാരത്തെ വളച്ചും പുളിച്ചും ത്വരിതഗമനം ചെയ്യിച്ചാൽ എത്ര ദൂരത്തോളം എത്തിക്കാമോ അത്രയും ദൂരം ‘ആനന്ദ’മോ ‘അ—നന്ത’മോ ആയി ഓടിച്ച്, “പ്രീതേയം പ്രിയദർശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശൂപോയ്” എന്നു പിടിച്ച്, ആ ശ്ലോകത്തിന്റെ നാലു പാദങ്ങളിലും നാലു പടിയായി ക്രമേണ ആരോഹംചെയ്തു കിതച്ചു. അനന്തരം താൻതന്നെ പ്രഥമാനുഭോക്താവായി രസിച്ച്, “എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ ചങ്ങാതിയായുള്ളവനെ” എന്ന്, കേണും കേഴിച്ചും ഉണ്ണായിവാരിയകവിവരന്റെ വാണിമധുരിമയെ പ്രവഹിച്ചു. കൊച്ചമ്മണിക്കുട്ടിയായ സഭാവാസിനിയുടെ മുഖം തുല്യദുഃഖയായ ദമയന്തിയുടെ സംപൃച്ഛനത്തെക്കേട്ടു കറുത്തു. പടത്തലവർ ഭർത്തൃദർശനകാംക്ഷകൊണ്ട് വിവശയായി വലയുന്ന പുത്രിയുടെ മനഃസ്ഥിതിയെധരിച്ച്, ആ ഗാനത്തെ നിറുത്തുന്നതിന്, ആംഗ്യം കൊണ്ട് മാമനെ മനസ്സിലാക്കി. ബ്രാഹ്മണന് ആ പ്രൗഢയുടെ വിരഹദുഖഃത്തെക്കുറിച്ചു സ്മരണയുണ്ടായി, പടത്തലവരോടിങ്ങനെ ചോദിച്ചു: “അങ്ങുന്നേ! നമ്മുടെ കേശവൻകുട്ടി എങ്ങോട്ടാണു പോയിരിക്കുന്നത്?”

പടത്തലവർ: “ഈ പദവും അയാളുടെ പോക്കും തമ്മിൽ എന്താണു സംബന്ധം?”

മാമൻ: “മൈസൂർക്കോ, പാലക്കാട്ടേക്കോ, എങ്ങാണ്ടോ ഒക്കെ ഒരു സവാരി നിശ്ചയിച്ചിട്ടുണ്ടെന്ന് അക്കുട്ടി പറഞ്ഞു. അയാൾ കനകക്കട്ടിയാണ്. നമ്മുടെ ഈ കുഞ്ഞിന്റെ—” മാമൻ വാക്കുകൾ നിറുത്തി.

പടത്തലവർ: “പറയൂ! പറയൂ! ഒന്നും ഒളിക്കണ്ട. ഇവളുടെ ഭർത്താവ് അവിടെ എങ്ങാണ്ടോ ഉണ്ടെന്ന് ഞങ്ങളും കേട്ടു. കേശവൻ എന്തു പറഞ്ഞു എന്നു വിസ്തരിച്ചു പറയണം.”

“അങ്ങത്തേക്കു സന്തോഷമുണ്ടാക്കാൻ, ജീവൻ കളഞ്ഞും, ആ തമ്പിയെ കൊണ്ടരുമെന്ന് എന്റെ കുട്ടൻ സത്യം ചെയ്തു. എന്തോ സൂക്ഷ്മമായ അറിവു കിട്ടീട്ടുണ്ട്. നല്ല ഉറപ്പായിട്ടാണു പറഞ്ഞത്. കൈയിൽ കിട്ടിയപോലെ പറഞ്ഞു.”

പടത്തലവർ പരിഭ്രമത്തോടുകൂടി “ആ കേശവനെ ഇങ്ങു വിളിക്കട്ടെ” എന്നു പറഞ്ഞുപോയി. മാമൻ കണ്ണുകൾ തുറപ്പിച്ച്, കേശവപിള്ള എവിടെ ഉണ്ടെന്ന് ആശ്ചര്യം അഭിനയിച്ചു നോക്കി.

പടത്തലവർ: “അല്ലെങ്കിൽ വേണ്ട. പുറകേ വിളിക്കണ്ട. പോയിട്ട് നാഴികയും രണ്ടുമൂന്നു കഴിഞ്ഞല്ലൊ.” താൻ ശാസിച്ച യുവാവ് കേശവപിള്ളയാണെന്നു തീർച്ചയാക്കി, മാമൻ ഇളിഭ്യനായി.

കൊച്ചമ്മിണി: “അച്ഛാ—”

പടത്തലവർ: ക്ഷമിക്കൂ മകളേ! കേശവൻ ഏറ്റു. എന്റെ ഭാരം നീങ്ങി, നിങ്ങൾക്കും അവൻ നല്ലൊരു തുണയായിരിക്കും. ഇത്ര കാലം പൊറുത്തില്ലേ? ഇനി കുറച്ചുകാലംകൂടി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/198&oldid=158469" എന്ന താളിൽനിന്ന് ശേഖരിച്ചത്