ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്ഷമിക്കൂ. അവൻ കൊണ്ട‌രുമെന്ന് എന്റെ ഹൃദയവും പറയുന്നു.” മാമൻ എഴുന്നേറ്റു. പടത്തലവരുടെ മകൾ ക്ഷമിക്കട്ടെ, താൻ കേശവപിള്ളയെ കാണുന്ന കാര്യത്തിൽ, ക്ഷമിക്കുന്നതിനു പടത്തലവനല്ല തലത്തലവൻതന്നെ കൽപിച്ചാലും സന്നദ്ധനല്ല. തന്റെ വത്സനെ ഉടനെ വരുത്തണമെന്നു പടത്തലവരോടു നിർബ്ബന്ധമായി. പടത്തലവർ മിണ്ടാതിരുന്നു. തന്നോടു സംഭാഷണംചെയ്തത് കേശവപിള്ളതന്നെയാണെന്നു ധരിക്കാത്ത തന്റെ ബുദ്ധിമോശത്തെ അവഭാഷണങ്ങളാൽ ശാസിച്ചുകൊണ്ട്, ബ്രാഹ്മണൻ പുറത്തു ചാടി കേശവപിള്ളയെ അന്വേഷിച്ച് ഓട്ടം തുടങ്ങി. അപ്പോൾ മുതൽ പരമകാംക്ഷകയാകുന്ന ഒരു മേഘപ്രസരം ആ ഭവനത്തിന്റെ ഉന്മേഷദീപ്തിയെ ആവരണം ചെയ്തു. നിശ്ചലമനസ്കനായ പടത്തലവരും ക്ഷീണസത്വനായിക്കാണപ്പെട്ടു.

അടുത്തദിവസത്തെ സന്ധ്യ പടത്തലവർക്ക് ഇതിലും കഠിനമായ മനശ്ചാഞ്ചല്യത്തെ ഉണ്ടാക്കി. അദ്ദേഹവും നന്തിയത്തുണ്ണിത്താനും മാമനുംകൂടി ചന്ത്രക്കാറനെ ബന്ധനസ്ഥനാക്കീട്ടുള്ള വ്യവസ്ഥയെക്കുറിച്ചു സംഭാഷണം നടത്തുനതിനിടയിൽ, “കലികൃതമഖിലമഘം അകന്നിതു”എന്നു പാടിക്കൊണ്ട് മാമൻ, ഭഗവതിയമ്മ ഇരട്ടജ്ജയശംഖവും വിളിച്ച് പുറപ്പെടുന്നതിനേയും ചന്ത്രക്കാറമൂർക്കപ്പാമ്പ് കൂട്ടിൽ കിടന്നു പലരേയും ദംശനംചെയ്യുന്നതിനേയും അഭിനയിച്ചു. മറ്റു രണ്ടു വൃദ്ധന്മാരും മാമന്റെ വിഡ്ഢിയാട്ടം കണ്ട് പൊട്ടിച്ചിരിച്ചു. ഉണ്ണിത്താൻ “കരയാൻ എന്തോ യോഗമുണ്ട്. അതാണിത്ര ചിരിച്ചുപോകുന്നത്” എന്നു തന്റെ അന്ധവിശ്വാസത്തെ പുറപ്പെടുവിച്ചു. ഇങ്ങനെ ആ വൃദ്ധസദസ്സ് ഗൗരവവിനോദ സങ്കലനങ്ങളോടുകൂടി നടക്കുന്നതിനിടയിൽ, തെക്കേവശത്ത് വാതലിനടുത്ത് ആരോ ചുമച്ചു. പടത്തലവരുടെ ക്ഷണനപ്രകാരം അകത്തു കടന്നത് മാമനു സഹകരിയായി പരിഭ്രമം വിദ്യുജ്ജിഹ്വവേഷം ധരിച്ചു പുറപ്പെട്ടതുപോലെ ആഗമിച്ച ഒരു കഴക്കൂട്ടത്തുകാരനായിരുന്നു. അവന്റെ രൂപം കണ്ട്, തംബുരുവെ മീട്ടി, “ഞരമ്പറക്കടിച്ചുതിന്നു പച്ചമാംസഭക്ഷിരക്ഷസ്സാം” എന്നു പാടാൻ തുടങ്ങിയ മാമൻ ആഗതന്റെ ഭാവം നോക്കീട്ട് അർദ്ധഗാനത്തിൽ വിരമിച്ചു. എന്തോ വലുതായ ആപത്തു സംഭവിച്ചുപോയി എന്ന് ഉണ്ണിത്താൻ തീർച്ചയാക്കി.

പടത്തലവർ: “എന്തോന്നെടാ?”

ഭൃത്യൻ: “അവിടത്തെ കൊച്ച് ചെല്ലി അയച്ചു—” അർദ്ധവിരാമം.

പടത്തലവർ: “എവിടത്തേക്കൊച്ച്?”

ഭൃത്യൻ: “ചൊല്ലി അയച്ചു—ഉണ്ണിത്താനേമാൻ—” പൂർണ്ണവിരാമം. പടത്തലവർ തോറ്റു ചോദ്യം നിറുത്തി.

ഉണ്ണിത്താൻ: “നീ പരിഭ്രമിക്കാതെ. ചിലമ്പിനേത്തുന്നല്ലേ നീ? അവിടെ വിശേഷമെന്ത്?”

ഭൃത്യൻ: “മന്തറക്കൊടത്തു, മരുന്തുമ്മറ്റുമൊക്കെ കൊടുക്കണതും, അനത്തിപ്പിഴിയണതും പേരുകളൊന്നും ചൊല്ലാണ്ട്, ഏമാന്റടുത്തു ചെല്ലാൻ അക്കൊച്ച് ചെല്ലി അയച്ചതും—” പറഞ്ഞപ്പോൾ മീനാക്ഷി ആവശ്യപ്പെട്ടതാണെന്ന് ഉണ്ണിത്താൻ ഭാഷാന്തരം ചെയ്തു, പടത്തലവരെ ധരിപ്പിച്ചു. ഈ പരിഭാഷണം ഭൃത്യനെ ഉത്സാഹപ്പെടുത്തുകയാൽ ചന്ത്രക്കാറൻ കഴക്കൂട്ടത്തു കാട്ടിയ കഠിനവിക്രമങ്ങളെ അവൻ വർണ്ണിച്ചു. കുപ്പശ്ശാരുടെ വധവൃത്താന്തം കേട്ടപ്പോൾ വൃദ്ധന്മാർ മൂന്നുപേരും ചന്ത്രക്കാറന്റെനേർക്കു പടവെട്ടാനെന്നപോലെ വിജൃംഭിതകോപാർത്തന്മാരായി എഴുന്നേറ്റു. മാമാവെങ്കിടൻ തലയറഞ്ഞ്, കുപ്പശ്ശാരെ സ്തോത്രങ്ങൾചെയ്ത് ആർത്തനായി വിഷ്ണുശങ്കരനാമങ്ങളെ മണ്ഡപനമസ്കാരത്തിലെന്നപോലെ വിളിച്ചു കരഞ്ഞു. ഉണ്ണിത്താൻ ലോകഗതിയുടെ വക്രതകളെ വിചാരിച്ച്, തത്വചിന്താവശനായി കിടന്നു. പടത്തലവർ “നല്ലോർക്കും ഇങ്ങനെ വരും” എന്നു പറഞ്ഞു ദീർഘമായി നിശ്വസിച്ചിട്ട്, തന്റെ മേനാവിനെ ഉടനെതന്നെ തയ്യാറാക്കി, ഉണ്ണിത്താന്റെ ഭൃത്യരേയും സാമാനങ്ങളേയും വരുത്തി, ആ പ്രഭുവെ മന്ത്രക്കൂടത്തേക്കു യാത്രയാക്കി, പുറത്തെ പടിവാതൽവരെ അനുയാത്രയായിച്ചെന്ന്, വൃദ്ധ ചരമഗതിയെ പ്രാപിക്കുമെന്നുള്ള ലക്ഷണം കണ്ടുതുടങ്ങുമ്പോൾ, ആ വസ്തുത തന്നെ തെര്യപ്പെടുത്തണമെന്ന് അപേക്ഷിച്ച്, അറപ്പുരയിലേക്കു മടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/199&oldid=158470" എന്ന താളിൽനിന്ന് ശേഖരിച്ചത്