ഹരിപഞ്ചാനനന്റെ ചാരദോഷം മൂർദ്ധന്യത്തെ പ്രാപിച്ചപ്പോൾ അത് രാജ്യഭരണകേന്ദ്രവർത്തികളുടെ പ്രതികൂലവീക്ഷണത്തിനു ഗോചരീഭവിച്ചു. മന്ത്രിമാരുടെ കേന്ദ്രസംയോജനം ഭദ്രദീപസംക്രമാനന്തരമായിരുന്നു. മഹാരാജാവിന്റെ കൽപന അനുസരിച്ച് രാജ്യകാര്യത്തിൽ സംവർദ്ധിതമായിക്കാണപ്പെട്ട മഹാവ്യാധിയുടെ നിഷ്കാസനത്തിനായി എല്ലാ മന്ത്രിമാരും പടത്തലവരുംചേർന്ന്, ചികിത്സോപായനിരൂപണം തുടങ്ങി. തിരുവിതാംകോടുസംസ്ഥാനത്തിന്റെ ബന്ധുക്കളായ ഇംഗ്ലീഷ് കമ്പനിക്കാർക്കും മറ്റും സമാധാനകാരണമായി ബോധ്യപ്പെടുത്താൻ ജനങ്ങളുടെ ഇടയിൽ കലാപങ്ങളുണ്ടാക്കി, അവരെക്കൊണ്ട് തന്റെ പ്രവേശനത്തെ അപേക്ഷിപ്പിപ്പാൻ ഹൈദർ മഹാരാജാവിന് അന്തർഗ്ഗതമുള്ളതായി പ്രസ്താവിച്ച് അതിലേക്കായി ഹരിപഞ്ചാനനൻ പണിചെയ്യുന്നു എന്നു മന്ത്രിമാർ തങ്ങളുടെ സഭാവേദിയിൽ അർപ്പിതമായ ചാരസാക്ഷ്യങ്ങളിന്മേൽ നിർദ്ദേശിച്ചു. സാമാന്യേന രാജഭക്തിയെ മതസിദ്ധാന്തത്തിന്റെ പരിശുദ്ധഗണ്യതയോടുകൂടി അനുഷ്ഠിക്കുന്ന ജനങ്ങളെ ഹരിപഞ്ചാനനൻ തന്റെ വൈദ്യുതപ്രഭാവം കൊണ്ടു വശീകരിച്ചിരിക്കുന്നതിനേയും ജനങ്ങൾക്ക് ആ യോഗിയോടുള്ള ഊർജ്ജിതമായ ഭക്ത്യാദരങ്ങളേയും രാജസദസ്സിലെ ബുദ്ധിസംഹതി അത്യന്തം ഉൽലികയോടെ പരിച്ചേദിച്ചു. ജനങ്ങളുടെ ഇടയിൽ പ്രജാത്വം വിട്ട് ഉപജാപകൗടില്യങ്ങളെ അനുവർത്തിക്കുന്ന മുഷ്കരന്മാർക്ക് ദൃഷ്ടാന്തപാഠമാകുന്ന ഒരു ദണ്ഡനക്രിയയെ ഉടനെ നിർവ്വഹിക്കണ്ടേതാണെന്ന് അവർ വിധിച്ചു. ഹരിപഞ്ചാനനബന്ധുക്കളായ പ്രധാനികളുടെ പട്ടിക അടുത്തപോലെ ഗൗനിക്കപ്പെട്ടു. ചന്ത്രക്കാറന്റെ പേര് ഒന്നാം നമ്പ്രായി നിന്നു. അയാളുടെമേൽ കൊലക്കുറ്റം ആരോപിക്കപ്പെട്ടും, എന്നാൽ തൽക്കാലം ദൈവഗത്യാ ബുദ്ധിഭ്രമശിക്ഷ ഏറ്റു പരാഭൂതനായും ഇരിക്കുന്നു. അതിനുപുറമെ അയാൾ ആയുധസജ്ജീകരണം ചെയ്ത് ഭജനമഠത്തെ അപരോക്ഷപ്പടക്കളരിയാക്കിതീർത്തിട്ടില്ലെന്നുള്ള അപരാധലഘുതയും കാണപ്പെട്ടു. രണ്ടാം പേരുകാരൻ കളിപ്രാക്കോട്ടയിൽ തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി. ഇദ്ദേഹം അതിഗോപനഭാവമൊന്നും കൂടാതെ ആയുധസാമഗ്രികളോടുകൂടി സൈന്യശേഖരം ചെയ്യുന്നതും, രാജഭക്തിക്കു പരാങ്മുഖനായി യോഗീശ്വരവിജയത്തിനു ദ്രവ്യസഹായം ചെയ്യുന്നതും മന്ത്രിസഭയിൽ നിവേദിക്കപ്പെട്ടു. ചുരുക്കത്തിൽ പൂർവാദ്ധ്യായത്തിൽ വിവരിക്കപ്പെട്ട ഗൃഹധ്വംസനം മന്ത്രിസഭയിൽ വിധിക്കപ്പെടുകയും ഉണ്ടായി. ഹരിപഞ്ചാനനാപരാധകന്റെ സംഗതി ആലോചനയ്ക്ക് എടുക്കപ്പെട്ടപ്പോൾ, മന്ത്രിമാർ പ്രചണ്ഡമായ ഒരു മാന്ത്രാവർത്തത്തിൽ അകപ്പെട്ടു. പ്രജകളുടെ ദുർമ്മദാഹംകൃതികളോട് ആ പരമദിവ്യനെ എങ്ങനെ സംഘടിപ്പിക്കും? അദ്ദേഹത്തിന്റെ പരമാർത്ഥനിലയും സ്ഥിതിയും എന്ത്? ഏതെല്ലാം ആചാര്യപീഠങ്ങളോടും ആശ്രമങ്ങളോടും ആ യോഗീന്ദ്രനു സാഹിത്യമുണ്ടെന്നും ഏതെല്ലാം രാജ്യാധിപന്മാരുടെ സഖ്യത്താൽ ആ ശാങ്കരസർവകലാവല്ലഭൻ നിർദ്ധൂതശാത്രവനായി, യശോമണ്ഡലതരണം ചെയ്യുന്നു എന്നും എങ്ങനെ നിർണ്ണയിക്കും? ശാലിവാഹനപ്രതാപവാനായ ഹൈദർ മഹാരാജാവിനാൽ നിയുക്തനായ ഒരു പ്രതിപുരുഷനല്ല ഇദ്ദേഹമെന്ന് എങ്ങനെ വ്യവസ്ഥാപിക്കും? തങ്ങളുടെ സ്വച്ഛന്ദപ്രവർത്തനത്തിന് അന്തർഗൃഹപ്രതിബന്ധിയായി, യുവരാജാവ് ഗുരുരക്ഷണത്തിനു സന്നദ്ധനായും ഇരിക്കുന്നു. സ്ഥിതികളുടെ അവിതർക്കിതഗ്രഹണംകൂടാതെ പരാക്രമികളായ വിദേശഭൂപന്മാരോടും സമുദായാധിപന്മാരോടും കലഹത്തിനു സംഗതിയുണ്ടാക്കുന്നത് തുച്ഛസാചിവ്യമായി ഭവിക്കയില്ലേ? ഇങ്ങനെയുള്ള ഗൗരവനിമന്ത്രണങ്ങളോടുകൂടി ദിവസങ്ങൾ കഴിയുന്നു. ഹരിപഞ്ചാനനനയതീന്ദ്രൻ ആരെന്ന് ഏകദേശസൂക്ഷ്മതയോടു ഗ്രഹിച്ചിരിക്കുന്ന പടത്തലവർ ഈ ആലോചനകളിൽ ശ്രോതൃസ്ഥാനത്തെ മാത്രം അവലംബിച്ചു. മന്ത്രക്കൂടത്തു വൃദ്ധയുടെ മൃതിസമീപകാലത്ത് ആ യോഗിനിയോട് ദ്രോഹകൃത്യത്തിനു പുറപ്പെടാൻ അദ്ദേഹം വളരെ ശങ്കിച്ചു. എങ്കിലും, കളപ്രാക്കോട്ട, ചിലമ്പിനകം എന്നീ രണ്ട് ഉദ്ധതബന്ധുക്കൾ നഷ്ടമായിട്ടും, ‘ഹരിപഞ്ചാനനികന്മാർ’ എന്നൊരു ഗണം തിരുവനന്തപുരത്തു നിറഞ്ഞുതുടങ്ങുന്നതായി കാണുകയും തിരുനൽവേലിക്കു പോയിരിക്കുന്ന കേശവപിള്ളയുടെ ചില എഴുത്തുകളിൽനിന്നു യോഗീശ്വരപക്ഷവർത്തികളായി ബഹുസംഘങ്ങൾ ആ പ്രദേശങ്ങളിലും തിരുവിതാംകോട്ടെന്നപോലെ തന്നെ മഠസ്ഥാപനവും സേനാഭ്യസനവും ചെയ്തുവരുന്നു എന്ന് അറിയുകയും ചെയ്കയാൽ പടത്തലവർ ക്ഷണദണ്ഡനൗചിത്യത്തെ പരിഗ്രഹിച്ചു. അടുത്തു കിട്ടിയ ഒരു ലേഖനത്തിൽ പടത്തലവരുടെ അകൃത്രിമമായ
താൾ:Dharmaraja.djvu/200
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല