ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളെല്ലാം ചോദിച്ചറിഞ്ഞു. ഭഗവതിയമ്മയെ അടുത്തു വിളിച്ച്, തന്റെ കൈയിൽ കിടന്നിരുന്ന ഒരു വിലയേറിയ മോതിരത്തെ അവരുടെ കൈ പിടിച്ച് വരലിൽ ഇട്ടുകൊടുത്തു. “ഇത്രയുമല്ലാ അകത്തുപോയിരിപ്പിൻ. ഇനി എനിക്കു കുറച്ചു ജോലിയുണ്ട്.”

ഭഗവതിയമ്മ: “ഇനി എന്റെ പിള്ളേത്തരണം.”

പടത്തലവർ: “നിങ്ങടെപിള്ള രാജ്യത്തെ രക്ഷിച്ചുകൊണ്ടു വരുന്നു. അവൻ നിങ്ങൾക്കു കനകം ചൊരിയും. അതു ചുമക്കാൻ അകത്തുപോയി നിറച്ചുണ്ട് കരുത്തുണ്ടാക്കിൻ.” കേശവൻകുഞ്ഞിനെ പടത്തലവർ ക്ഷണത്തിൽ ഊണുകഴിപ്പിച്ച്, ഉണ്ണിത്താൻ ഉപയോഗിച്ച മേനാവിൽത്തന്നെ കയറ്റി ചിലമ്പിനേത്തെയ്ക്കു യാത്രയാക്കി. അങ്ങനെ യാത്രയാക്കുന്നതിനുമുമ്പിൽ ആ യുവാവോട് ഒരു ചോദ്യം ചെയ്തു: “കൽപിച്ച് ഒരു മോതിരം കാണിച്ചത് എന്റെ അപ്പൻ വിറ്റതല്ലേ?”

കേശവൻകുഞ്ഞ്: “അതുപോലെ ഞാനൊന്നു വിറ്റു. എന്നെക്കാണിച്ചതിൽ കല്ലുകൾ കൂടുതലുണ്ട്. ഉപയോഗിച്ചുവന്നതുമാണ്.” ഈ ഉത്തരം കേട്ട ഉടനെ ആ യുവാവു നിരപരാധി എന്നു വിധിച്ചുണ്ടായിട്ടുള്ള കൽപനനീട്ട് താൻ വാങ്ങിവച്ചിരുന്നതിനെ പടത്തലവർ ആ വിദ്യാധനന്റെ കൈയിൽ കൊടുത്ത്, ആ കോമളവദനന്റെ ചെകിട്ടിൽ തട്ടി, “ഞാൻ പുറകെയുണ്ട്. മീനാക്ഷിക്കുട്ടിയെ ഒരു ദിവ്യരത്നമായി വിചാരിക്കണം” എന്നും മറ്റും ചില ഉപദേശങ്ങൾ നൽകി. പടത്തലവരുടെ പാദങ്ങളെ രണ്ടു കൈകൊണ്ടും ഭക്തിപൂർണ്ണതയോടു തൊട്ട്, അദ്ദേഹത്തെയും വടക്കേക്കെട്ടിൽ കടന്ന് ഗൃഹനായികയെയും, നവമായ ഒരു സ്ഥാനത്തിലേക്ക് ആരോഹംചെയ്യുമാറ് ഭഗവതിയമ്മയേയും തൊഴുതുകൊണ്ട് കേശവൻകുഞ്ഞ് യാത്രയാരംഭിച്ചു. ഒടുവിലത്തെ ക്രിയയെ, യുവാവിനെ തുടർന്നു ചെന്നിരുന്ന പടത്തലവർ സൂക്ഷിച്ചു. ‘പവതിക്കൊച്ചി’ ആ മുഹൂർത്തംമുതൽ പവതിപ്പിള്ളയെന്ന ജ്യോതിഷ്മതിയായി രാജ്യസമുദായമണ്ഡലങ്ങളെ വിതാനിച്ചു.

കേശവൻകുഞ്ഞിനെ യാത്രയാക്കി, അഞ്ചാറുനാഴിക കഴിയുന്നതുവരെ പടത്തലവർ ഭഗവതിയമ്മയോടു സംഭാഷണംചെയ്തിരുന്നു. അനന്തരം ആ സ്ത്രീയെ അടുക്കളക്കെട്ടിലേക്കു യാത്രയാക്കീട്ട് വടക്കുപടിഞ്ഞാറുള്ള ഒരു മുറിക്കകത്തു കടന്നു. കാൽനാഴിക കഴിഞ്ഞപ്പോൾ ആ അറയ്ക്കകത്തുനിന്നു നിഷ്ക്രമിച്ചത് രാമവർമ്മത്ത് അനന്തപത്മനാഭനല്ല, രാമവർമ്മ മഹാരാജനിയുക്തനായ ഒരു വീരഭദ്രൻ തന്നെ ആയിരുന്നു. കൃത്രിമവേലകൾചെയ്തുള്ള ചല്ലടമിട്ട് നടുക്കച്ച വലിച്ചുകെട്ടി മുറുക്കിയും, അതിന്റെ മുകളിൽ ഇരട്ടവസ്ത്രം ഇറുകെ ഉടുത്തും അതിനിടയിൽ ത്രികോണാകൃതിയായ ഒരു കഠാരി തിരുകിയും ഇതെല്ലാം മറച്ച് ഒരു വെണ്ണപട്ടുസാൽവ പുതച്ചും, തലചേർന്നമരുന്ന ഉരുക്കുതൊപ്പിയെ ചെമ്പട്ടുകൊണ്ടു വാലിട്ട് പുറം ചുറ്റിയും, വലതുകൈയിൽ ഉറയിൽ ഇട്ടിട്ടുള്ള ഒരു നെടിയ വാൾ ധരിച്ചും, മുഖം വീരപ്രചുരിമയാൽ അരുണിതമായും പടത്തലവർ പുറപ്പെട്ടിരിക്കുന്നു. കൃതാവ് ഇരുഭാഗത്തോട്ടും കോതി വികസിക്കപ്പെട്ടിട്ടുള്ളതു പ്രസരിപ്പിക്കുന്ന സുഗ്രീവോഗ്രതയും, സ്വസാങ്കേതികാഭ്യസനത്തിന്റെ പ്രയോഗസംഭാവനയാൽ ഉണർന്നുള്ള വിക്രാന്തിയും, കച്ചകെട്ടി മുറുക്കിയതുകൊണ്ട് വർദ്ധിച്ച വക്ഷോവിസ്തൃതി ആവിഷ്കരിക്കുന്ന സംഹാരകത്വവും, ആ പുരുഷനെ ഒരു സിംഹപ്രഭനായി പ്രജ്വലിപ്പിക്കുന്നു. ക്രൂരഖഡ്ഗം ധരിച്ചുള്ള ദീർഘപാണിയായി, ശത്രുരക്തമധുഭ്രമംകൊണ്ട് ഉന്മത്തനെന്നപോലെ, രണരസോദ്യതനായ മല്ലന്റെ പടുതയോടു പടത്തലവവൃദ്ധൻ പ്രസ്ഥിതനാകുന്നത് അന്ന് ആദ്യമായി കാണുകയാൽ, പതുങ്ങി നോക്കിനിന്നിരുന്ന ആശ്രിതജനങ്ങൾ വിഷണ്ണരായി. കാൽനാഴിക കഴിഞ്ഞപ്പോൾ കൈത്തോക്കു മുതലായ ആയുധങ്ങൾ ധരിച്ച് മറ്റുവിധങ്ങളിൽ പടത്തലവരെപ്പോലെതന്നെ ഒരുങ്ങിയ ഒരാൾ അറപ്പുരയുടെ തെക്കേശത്തെത്തി. പടത്തലവർ എഴുന്നേറ്റ്, തുല്യവേഷനായി ആഗമിച്ച സേനാനായകൻ കുമാരൻതമ്പിയെ മുന്നിട്ട്, യാത്ര തുടങ്ങി.

രാത്രി ഏകദേശം പതിനഞ്ചുനാഴിക അടുത്തു എങ്കിലും നഗരത്തിലെ പ്രധാനവീഥികൾ ഉൽഗതജീവപ്രസരങ്ങളായിരിക്കുന്നു. രാത്രി പകലായിത്തീർന്നിരിക്കുന്ന ആ അവസ്ഥ ഹരിപഞ്ചാനനപരമഹംസരുടെ യജ്ഞദിവസത്തിന്റെ ഉപസ്ഥിതികൊണ്ടുതന്നെ ആയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/204&oldid=158477" എന്ന താളിൽനിന്ന് ശേഖരിച്ചത്