അതിലേക്ക് ഉടനെ മുതലുതിരിപ്പും ചെയ്ത്, ചന്ത്രക്കാറൻ കാര്യനടപ്പിനു പാദരഥത്തിൽ ആരോഹണംചെയ്തു. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ പടിക്കൽ ഒരു വലിയ സംഘം കാഴ്ചകളോടുകൂടി കാത്തുനിന്നിരുന്നു. അവരോട്, സാമാനങ്ങളെല്ലാം അകത്തുകൊണ്ടുവച്ചിട്ട് അടുത്തദിവസം വരുന്നതിന് ഉത്തരവുകൾ കൊടുത്തുകൊണ്ട് അദ്ദേഹം ചാമുണ്ഡിക്ഷേത്രത്തറയിലേക്കു നടന്നു തുടങ്ങി. “അവനെക്കാണണം ആ ഇരുത്തലമൂലിയാൻ ചാമിയാരെ. നിധീടെ വേരോട്ടം ഒന്നു നോക്കിച്ചുകളയാം. പിന്നെ, ഉമ്മിണി പറഞ്ഞപോലെ വല്ലതുമാണെങ്കിൽ, വെല്ലും പുറത്തു ചന്ത്രക്കാരനും” എന്നിങ്ങനെയുള്ള അന്തർഗ്ഗതങ്ങൾകൊണ്ട് കോശഭാഗ്യങ്ങളുടെ വർദ്ധനമാർഗ്ഗങ്ങളെ നിർണ്ണയംചെയ്തു നടക്കുന്നതിനിടയിൽ ചാമുണ്ഡിക്കാവ് ക്ഷേത്രംവക താൻ അടക്കീട്ടുള്ള മുതലിന്റെ ഒരു കണക്ക് മനസ്സുകൊണ്ടു ചന്ത്രക്കാറൻ തയ്യാറാക്കി. അത് ചന്ത്രക്കാറഗോളത്തിലെ നീലഞരമ്പുകളെ ഒന്നു വിളറിച്ചു എങ്കിലും, ഈശ്വരന്മാരുടെ കടാക്ഷത്താലാണല്ലോ മനുഷ്യർ അനുഗൃഹീതരാകേണ്ടത്, എന്നു മനസ്സിന് സമാധാനം വരുത്തി, അദ്ദേഹം ക്ഷേത്രപ്പറമ്പിൽ എത്തി.
ആകാശവീഥിയിൽ ആദിത്യഭഗവാൻ അത്യുഗ്രദീപ്തിയോടുകൂടി വിളങ്ങി, തന്റെ അഗ്നിമയകിരണങ്ങളെ ആ ശ്യാമളാംബികാവേദിയിൽ പ്രസന്നപൂജാർപ്പണം ചെയ്യുന്നു. തൽപ്രദേശഭൂദേവിയും ദ്രാഹകർമ്മസാക്ഷിണിയായി ഭവിച്ച അപരാധത്തിനു ശിക്ഷയായി എരിപൊരിഞ്ഞ്, ശാശ്വതപ്രണാമയായി ക്ഷമാപണക്രന്ദനം ചെയ്യുന്നു. അവിടത്തെ തരുജാലങ്ങൾ പരാശക്തിദ്രോഹകന്റെ ഹതിക്കായുള്ള ചണ്ഡദണ്ഡങ്ങളെന്നവണ്ണം അവന്റെ ദുരന്തമുഹൂർത്തഗ്രഹണത്തിനായി, ഗ്രഹതാരങ്ങളുടെ പന്ഥാവിൽ സ്ഥിരേക്ഷണന്മാരായി നില്ക്കുന്നു. പത്രപുഷ്പാദികളും, ദൈവദ്രോഹഭൂവിൽ ജാതരായ പരിതാപത്തെ വഹിച്ച് ക്ഷീണരായവർ ശാപദാനംചെയ്ത് അനന്താപദത്തെ പ്രാപിക്കയും ശേഷമുള്ളവർ ശാപമുഷ്ടികളെ ഉയർത്തി അവസരൈകകാംക്ഷയോടു വർത്തിക്കയും ചെയ്യുന്നു. നാരകീയമായ ഒരു നിശ്ശബ്ദത ആ പ്രദേശത്തെ ബന്ധിച്ചിരിക്കുന്നു. അവിടത്തെ ഓരോ അണുവിൽനിന്നും മാംസകർണ്ണങ്ങൾക്കു ഗോചരമല്ലാതുള്ള ദുസ്സഹമായ ഓരോ പരിദേവനം സ്വർനീതിപീഠത്തിങ്കലേക്ക് പൊങ്ങിക്കൊണ്ടിരിക്കുന്നു. പ്രതിഷ്ഠയ്ക്കുതന്നെ രുദ്രഭൂമിയായിത്തീർന്ന്, സർവാത്മാക്കളാലും വർജ്ജിക്കപ്പെട്ട ആ ദുർദ്ദേശത്ത്, സാക്ഷാൽ വിശ്വസംരക്ഷണശക്തി, ധർമ്മബന്ധനത്തിൽനിന്ന് അപഭ്രഷ്ടയാക്കപ്പെടുകയാൽ, സ്വതന്ത്രചാരിണിയായി കല്പാന്തകാലനടനത്തെ ചെയ്യുന്നു. ഈ ദിക്കിലേക്ക് ഉടയാൻപിള്ള പ്രവേശിച്ചപ്പോൾ അവിടത്തെ മദ്ധ്യാഹനദ്യുതിയും ഏകാന്തയും സ്വനികൃതികളുടെ സ്മൃതിയും അയാൾക്ക് ഒരു ഹൃദയസ്തംഭനത്തെ ഉണ്ടാക്കി. വടക്കുകിഴക്ക് കുണ്ടു നീരാഴിയിൽനിന്ന് ഒരു ‘ഭും’കാരധ്വനി വെള്ളത്തിൽ എന്തോ വീണ ശബ്ദമായി പുറപ്പെട്ടത് അധർമ്മചിന്താഭരിതമായ ചന്ത്രകാറന്റെ മനസ്സിന് ഭയങ്കരമായി തോന്നുകയാൽ, അദ്ദേഹത്തിന്റെ ആത്മഗങ്ങൾക്കും കായഗതിക്കും വിഘ്നം സംഭവിപ്പിച്ചു. ആ ശബ്ദത്തെ ദേവിയുടെ അനിഷ്ടസൂചകമായി അപ്പോഴത്തെ സ്ഥിതിയിൽ വ്യാഖ്യാനിക്കയാൽ, അദ്ദേഹം ചിന്താഗ്രസ്തനായി, തറയ്ക്കപ്പെട്ടതു പോലെ നിലകൊണ്ടു. അദ്ദേഹത്തിന്റെ ദേഹത്തിലുള്ള ചുരുണ്ടരോമാവലി എല്ലാം മുള്ളൻകോലുകൾപോലെ നിവർന്നു ജൃംഭിച്ചു. തന്നെ ഇങ്ങനെ ചഞ്ചലപ്പെടുത്താൻ സന്നദ്ധയായ ദേവിയെ ശിക്ഷിച്ച്, ‘മാടവുമില്ലാ കൂടവുമില്ല’ എന്നു വിധിച്ചുകൊണ്ട്, സ്വഭവനത്തിലേക്കു മടങ്ങുന്നതിനായി അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ മാനുഷ്യകമായ നേത്രങ്ങൾക്കു ഗോചരമായ കാഴ്ച എന്താണത്? പ്രത്യക്ഷലോകമാത്രനായ ചന്ത്രക്കാറൻ, അല്‌പഗാത്രനായി വിയർത്തുവിറയ്ക്കുന്നു. കണ്ണുകളെ കഠിനമായി തിരുമീട്ടും അദ്ദേഹം കണ്ട കാഴ്ച മറയുന്നില്ല. പഞ്ചാരിവട്ടം തുടങ്ങിയ തന്റെ ഹൃദയപടഹത്തെ തടവി ഒതുക്കീട്ടും, അതാ ആദ്യം കാണപ്പെട്ട സത്വത്തിനു വൈശദ്യം വർദ്ധിച്ചുവരുന്നതേയുള്ളു. ചന്ത്രക്കാറമഹാത്മാവിന്റെ നിര്യാണഗതിക്കു പാദുകമായി ചാമുണ്ഡീഭഗവതീവിഗ്രഹം തെക്കു വടക്കു വീണുകിടക്കുന്ന ഉയർന്ന ഗർഭഗൃഹത്തറയുടെ മദ്ധ്യത്തിൽ, ജഗന്മോഹനകരമായും, സാക്ഷാൽ ത്രലോക്യകുടുംബിനിയുടെ മദ്ധ്യാർക്കദ്യുതിയോടും ആപാദപ്രസൃതമായ നീലകുന്തളഭാരത്തോടും, കരുണാവൃതങ്ങളായ വിശാലേക്ഷണങ്ങളോടും, അനംഗോജ്ജ്വലങ്ങളായ വക്ത്രത്തോടും, ഗൗരവസ്മേരാധരപ്രവാളത്തോടും