ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവലംബിച്ച്, നന്തിയത്തുണ്ണിത്താനെ വരുത്താൻ തന്റെ പരിസേവകമഹൽസംഘത്തിൽനിന്ന്, ചെമ്പകശ്ശേരിയിൽവച്ചു നമുക്ക് പരിചയപ്പെട്ട ചതുരവാഗ്മിയെ നിയോഗിച്ചു. അന്നുരാത്രിതന്നെ ഉണ്ണിത്താൻ മന്ത്രക്കൂടത്തെത്തി, ചികിത്സാമേലധികാരവും ഗൃഹഭരണവും ചാർജ്ജേറ്റ്, വൃദ്ധയുടെ മരണത്തേയും ദൗഹിത്രിയുടെ മഹാപാരവശ്യത്തേയും ഒട്ടേറെ ശാന്തമാക്കി, രണ്ടുപേർക്കും മനസ്സമാധാനവും ഉണ്ടാക്കി.

ദിവസേന സൂര്യാസ്തമയമാകുമ്പോൾ ആ ദേവന്റെ സന്താനവരൻ ഭടജനസഹിതം ത്രിപുരവീര്യത്തോടുകൂടി ത്രിപുരസുന്ദരി വലിയമ്മയുടെ ജീവനോടു പോർക്കടുക്കും. ഭാമാവൈദഗ്ദ്ധ്യത്തോടുകൂടി ആ മഹതിയുടെ കായം സ്വജീവധാമപ്രതിയോഗികളോടു നേരിട്ടുനിന്ന്, ദിനേശാഗമനമുണ്ടാകുമ്പോൾ, അവരെ പായിച്ചൊളിപ്പിക്കും. ഉദയംമുതൽ അസ്തമയംവരെ കാലഭടന്മാർ തങ്ങളുടെ പടനിലയനങ്ങളിൽ അമർന്ന്, വിശ്രമിച്ചു രാത്രി മടങ്ങുമ്പോഴെയ്ക്കു പ്രവൃദ്ധവീര്യന്മാരാകും. ഇങ്ങനെ ഈരഞ്ചുവട്ടം രാപ്പടവെട്ടിക്കഴിഞ്ഞിട്ടും, വൃദ്ധയുടെ ദേഹജീവന്മാർ യോജിച്ച്, അപരാജിതരായി ശേഷിക്കുന്നു. വൃദ്ധയുടെ സാരഥിയായ ഉണ്ണിത്താൻ, തന്റെ ധന്വന്തരിദേവദത്തങ്ങളായ അസ്ത്രങ്ങൾ ഒടുങ്ങുകയാൽ, “കാണും പോന്നു പുറത്തു നിന്നു കരയും” എന്ന മട്ടിൽ കർത്തവ്യനിശ്ചയം കൂടാതെ വിഷണ്ണനായി. ഒരു രാത്രിയിലെ മഹാസമരം ഭാസ്കരോദയത്തോടും അവസാനിച്ചില്ല. മീനാക്ഷി, ആ ഗൃഹത്തിൽ പ്രവേശിച്ച ദുർമ്മുഹൂർത്തത്തിന്റെ ഫലമായി ഉണ്ടായ പ്രണയോദയത്തേയും പ്രിയന്റെ വിരഹത്തേയും തന്റെ രക്ഷകന്റെ ദുർമൃതിയേയും ശേഷിച്ച ബന്ധുവായ മാതാമഹിയുടെ ആസന്നമായ അവസാനഗതിയേയും സ്മരിച്ച്, മാതാമഹിയോടൊന്നിച്ച് തന്റേയും ദേഹവിയോഗമുണ്ടാകണേ എന്നുള്ള പ്രാർത്ഥനയോടുകൂടി, രോഗിണിയുമായി സഹശയനം ചെയ്ത്, വിവേകശൂന്യയായി പലതും പുലമ്പി. മീനാക്ഷിയുടെ ആ സമയത്തിലെ അംഗസ്പർശവും ശോകസ്വരവും ബോധരഹിതയായി കിടന്നിരുന്ന വൃദ്ധയെ ഉണർത്തുകയാൽ, അവർ സ്നേഹഗൗരവത്തോടുകൂടി ഉണ്ണിത്താനെ നോക്കി, തന്റെ കുടുംബമഹത്വത്തിനു ചേർന്ന പ്രതാപഭാവത്തോടുകൂടി മറ്റു സകലരേയും പുറത്താക്കുന്നതിന് ആജ്ഞാരൂപമായി പുറപ്പെട്ട അപേക്ഷയെ അവിടെ കൂടിയിരുന്ന സമസ്തജനങ്ങളും ഈർഷ്യകൂടാതെ ആദരിച്ചു. വൃദ്ധ ഉണ്ണിത്താനെ അടുക്കൽ വിളിച്ച്, മീനാക്ഷിയെ മാറ്റി, ആ കന്യക കിടന്നിരുന്ന സ്ഥാനത്തിരുത്തി, താഴ്ന്നസ്വരത്തിൽ അതിസ്ഫുടമായി “ഹരിപഞ്ചാനനസ്വാമികൾ എഴുന്നള്ളിയോ?” എന്നു ചോദ്യം ചെയ്തു. നന്തിയത്തുണ്ണിത്താന് ഈ ചോദ്യം അദ്ദേഹത്തിന്റെ പുത്രനഷ്ടം ഉണ്ടാക്കിയതിലും കടുതായ വേദനയെ ഉണ്ടാക്കി. ഹരിപഞ്ചാനനൻ, കുട്ടിക്കോന്തിശ്ശൻ കൽപസേവനംകൊണ്ട് യുവപ്രായനായിത്തീർന്നിട്ടുള്ള യോഗിയാണെന്ന് ഉണ്ണിത്താൻ വ്യാഖ്യാനിച്ചിരിക്കുന്നതായി പല പ്രസ്താവനകളിൽനിന്നും വായനക്കാർ മനസ്സിലാക്കിയിരിക്കുമല്ലോ. ഭക്തിബഹുമാനങ്ങൾ കലർന്നുണ്ടായ ഈ ചോദ്യം കേട്ടപ്പോൾ, ഉണ്ണിത്താന്റെ ഈ വിശ്വാസം സുസ്ഥിരമായി. വൃദ്ധയും യോഗീശ്വരന്റെ പരമാർത്ഥത്തെ ധരിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി, അനർത്ഥകരമായ സംഭാഷണത്തിനു സംഗതി വരുത്താതെ ഒഴിയുന്നതിന് അദ്ദേഹം മിണ്ടാതെയിരുന്നു.

വൃദ്ധ: (ക്ലേശമോഹക്ഷീണങ്ങളോടുകൂടി) “ഉണ്ണീ! ഞാൻ മരിക്കും. എന്നെ ചതിക്കരുത്. അന്ന്, എനിക്കു മനസ്സിലായില്ല.” (ഭാഷണശക്തി ക്ഷയിക്കയാൽ അൽപനേരം കിടന്നിട്ട് ശ്വാസത്തടവോടുകൂടി) “മഹാപാപിയായ എനിക്ക് അന്നു മനസിലായില്ല. സ്വമികളല്ല.” (കരഞ്ഞുകൊണ്ട്) “എന്തുപറയുന്നു? കുപ്പൻ അന്നു തന്നെ മനസ്സിലാക്കി. ഇപ്പോൾ എന്തോ ഒരു ഉണർവ് എനിക്കും ഉണ്ടാകുന്നു. അദ്ദേഹത്തെ എന്റെപ്പനേ—ഉഗ്രാ—ഓമനശ്ശാന്താ! അംബാ!–” വൃദ്ധ ബോധക്ഷയത്തിൽ ലയിച്ചു. മീനാക്ഷി ആശ്ചര്യഭാവത്തിൽ ഉണ്ണിത്താന്റെ മുഖത്തു നോക്കി. അദ്ദേഹം ആ കന്യകയെ തലോടി, തന്റെ ധാരണയെ സ്വകാര്യമായി പുറത്തു പറഞ്ഞു. യോഗീശ്വരനെ ഉടനേതന്നെ വരുത്തണമെന്ന് ആ കന്യക ബാല്യശാഠ്യത്തോടുകൂടി കരഞ്ഞു നിർബന്ധം തുടങ്ങി. ഉണ്ണിത്താൻ അദ്ദേഹം അറിഞ്ഞിട്ടുള്ള പൂർവകഥകൾ മുഴുവൻ പറഞ്ഞ്, വൃദ്ധയേയും യോഗീശ്വരനേയും പരസ്യമായി സംഘടിപ്പിക്കുന്നത് ആ രണ്ടുപേർക്കും, കന്യകയ്ക്കും, തനിക്കും—എന്നുമാത്രമല്ല, എങ്ങാണ്ടോ ഗൂഢമായി ബന്ധിക്കപ്പെട്ടുള്ള തന്റെ പുത്രന്റെമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന മോതിരവിക്രയം സംബന്ധിച്ച്

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/211&oldid=158485" എന്ന താളിൽനിന്ന് ശേഖരിച്ചത്