ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധരിപ്പിച്ചുകൊണ്ട് കേശവപിള്ള വീണ്ടും ഹരിപഞ്ചാനനഗുഹയിൽ പ്രവേശിച്ചു.

അർദ്ധരാത്രി കഴിഞ്ഞിട്ടും ജനശൂന്യമാകാത്ത രാജവീഥിയിൽ നിലകൊണ്ട സംഘക്കാരിൽ പ്രധാനൻ രാജ്യക്ലേശഭരിതനായ മഹാരാജാവായിരുന്നു. വടക്കുകിഴക്കായി ഉയർന്നുപൊങ്ങിയ കാർമേഘത്തിന്റേയും ആകാശമൂർദ്ധാവിൽ തെളിയുന്ന നക്ഷത്രങ്ങളുടേയും വർണ്ണവ്യത്യാസത്തെ നോക്കി, അതിന്മണ്ണം ആപൽസന്തോഷങ്ങളുടെ സാമീപ്യം ലോകാനുഭവത്തിൽ നിരന്തരസംഭവമായി കാണപ്പെടുന്നതിനെക്കുറിച്ച് അവിടന്നു തത്വവിചാരം തുടങ്ങി. വായുകോണിൽനിന്നു വീശുന്ന ആ ദിശാനാഥൻ ഊർജ്ജിതപ്രവർത്തനനായി നിശാഭ്രശോഭികളായ ദീപമണ്ഡലകോടിയെ മേഘച്ഛന്നരാക്കിയാൽ, സ്വപക്ഷാപഹതിയുടെ സൂചകമാകുമല്ലോ എന്ന് അവിടന്ന് അസംഗതമായി ഒരു അപശകുനത്തെ അന്തർദ്ദർശനംചെയ്ത് ശ്രീപത്മനാഭപാദങ്ങളെ ധ്യാനിച്ചു. കഠിനതന്ദ്രിയോട് ഉറഞ്ഞുനിന്നിരുന്ന ഘനപടലം ക്രമേണ ഉയർന്ന്, പവനപ്രക്ഷിപ്തങ്ങളായി പൂർവ്വാദ്രിതടം നോക്കി യാനമാരംഭിച്ചു. ഈ പ്രാർത്ഥിതാർത്ഥലാഭത്തിൽ സമ്പ്രഹൃഷ്ടനായ മഹാരാജാവ് സ്വധർമ്മനിഷ്ഠാപ്രചോദിതനായിപ്പുറപ്പെട്ടതിന്റെശേഷം ആപച്ഛ്റവണമാത്രത്തിൽ ഭീരുവെന്നപോലെ മടങ്ങിപ്പോന്നതിനെ ചിന്തിച്ചു ലജ്ജിച്ച്, ഹരിപഞ്ചാനനമന്ദിരത്തിന്റെ പുരോഭാഗത്തേക്കുതന്നെ അക്ഷമയോടു തിരിച്ചു. അനുഗാമികൾ രാജഹിതത്തെ അനുവർത്തിച്ചു പിൻതുടർന്നു. ഹരിപഞ്ചാനനാശ്രമത്തിന്റെ ദ്വാരദേശം അടുക്കാറായപ്പോൾ ഗംഭീരമായ ഒരു മുഷ്കാരത്തിരനിര മഹാരാജാവിന്റെ സ്ഥാനമഹത്വത്തേയും നിസ്സാരമാക്കി, ആ സംഘത്തെ വലയംചെയ്ത് അപ്രതിഹതമായ പ്രവാഹത്തിൽ വഹിച്ച്, ശ്രീപത്മനാഭക്ഷേത്രശിലാപ്രകാരത്തിന്റെ അഗ്നികോണായപ്പോൾ ത്വരയമർന്ന്, നിരപിരിഞ്ഞ്, മുഷ്കരശിരസ്സുകൾ ശ്രീപത്മനാഭദാസനെ നമിച്ചു. ശേഷം സർവേന്ദ്രിയസ്തംഭനമാംവണ്ണം ഭയാനകം!

ചന്ത്രക്കാറന്റെ മൂർഖതയും കളപ്രാക്കോട്ടത്തമ്പിയുടെ ജളതയും കൊണ്ട്, ആ രണ്ടുവഴിക്കുമുള്ള ബന്ധുസഹായം നഷ്ടമായിത്തീർന്നെങ്കിലും ഹരിപഞ്ചാനനയോഗികളുടെ പരിശ്രമപക്ഷങ്ങൾ ക്ഷീണങ്ങളാകാതെ കിരീടസ്പൃഹാകാശത്തിന്റെ അത്യുന്നതിയിൽ സ്ഫീതപർണ്ണങ്ങളോടു സഞ്ചരണംചെയ്തു. ദിവ്യങ്ങളും അപ്രത്യക്ഷങ്ങളുമായ അക്ഷയബാണബാണാസനങ്ങൾ ധ്യാനമാത്രത്തിൽ ഹസ്തപ്രാപ്തമാകുംവണ്ണം ഉപദിഷ്ടനായുള്ള ഒരു ധനുർവേദജ്ഞന്, കേവലം ഓണക്കളിക്കുള്ള രണ്ടു ചായവില്ലുകൾ നിഷ്പ്രയോജകീഭവിച്ചാൽ ഇച്ഛാഭംഗകദനത്തിന് അധീനനാവാൻ എന്താണവകാശം? തന്റെ തന്ത്രനൈപുണിയാൽ തിരുവിതാംകൂറിലെ പ്രജാസമുച്ചയത്തിന്റെ ആത്മശക്തികൾ ആവാഹിക്കപ്പെട്ടുകഴിഞ്ഞു. തന്റെ തന്ത്രനൈപുണിയാൽ ദഗ്ദ്ധസ്വാധിഷ്ഠാനന്മാരായുള്ള ആ ദാസന്മാർ സന്ദർഭാഗമനത്തിൽ ക്ഷണക്ഷുഭിതരാക്കി അടർക്കളത്തിലേക്കു മോചിക്കപ്പെടും. തന്റെ മഹാമാന്ത്രികതന്ത്രനൈപുണിയാൽ അനന്തശയനരൂപാങ്കിതമായുള്ള വഞ്ചിരാജേശ്വരഖഡ്ഗം, സ്വഹസ്തരക്തോല്പലപ്രഭയെ സ്വയം വരിച്ച് ശത്രുരാജകുശലങ്ങളുടെ ഗളഖണ്ഡനം ചെയ്യുകയില്ലേ? അടുത്തദിവസത്തെ യാത്രാദർശനത്തിനായി ആഗമിച്ചിട്ടുള്ള ദശസഹസ്രപരമായ ഭക്തതതിയോട് പാണ്ഡ്യദേശത്തുനിന്നു യാത്രാരംഭം ചെയ്തിരിക്കണ്ടേ ‘ശിഷ്യ’നിവഹം സംഘടിക്കുമ്പോൾത്തന്നെ, തന്റെ സൈനികബലം എന്തായിരിക്കും! രാജ്യതന്ത്രാന്ധനായ മഹാരാജാവിന്റെ സേനയിൽ ഭൂരിപക്ഷവും, തന്റെ കൗശലചാതുരിക്ക് അധീനന്മാരായിട്ടുള്ളവർകൂടിയും ഇങ്ങോട്ടു ചേരുമ്പോഴത്തെ കഥ പിന്നെ പറവാനുണ്ടോ? ഇതിനുംപുറമേ, അനുമതിയും അനുഗ്രഹവുംകൊണ്ട് സിംഹാസനരാജ്യസമ്പാദനങ്ങൾക്ക്, തന്നെ നിയുക്തനാക്കിയിരിക്കുന്ന വിജയസിംഹൻ, സാക്ഷാൽ മൈസൂർ ഹൈന്ദവരാജകുലധ്വംസകൻ, സ്വയംവർദ്ധിതജ്യോതിഷ്ഫൂർത്തനായ ധീരധീരോത്തംസൻ, ഹൈദരാലിഖാൻ ബഹദൂർ രാജാധിരാജൻ, നരന്നു ശ്രീനാരായണൻ എന്നപോലെ, അവതീർണ്ണനായി പ്രസരിച്ചരുളുന്നു. അതിനുംപുറമേ, തന്നെ ജീവപ്രതിഷ്ഠയും ജീവപദ്ധതിസംസ്കരണവും ചെയ്ത്, ഈ ഉദ്യമത്തിലേക്കു നിയോഗിച്ചിട്ടുള്ള പ്രതിക്രിയേച്ഛുവായ മഹാത്മാവ് തന്റെ ജീവനെ ആവരണംചെയ്യുന്ന പഞ്ചഭൂതങ്ങളിൽ സമ്മിശ്രനായി, ഭാർഗ്ഗവശക്തിപ്രദനായി സദാ ആവസിക്കുന്നുമുണ്ട്. ഇങ്ങനെ അധൃഷ്ട്യനായിത്തീർന്നിട്ടുള്ള തന്റെ സത്രസാക്ഷിയായി കത്തിക്കപ്പെടുന്ന ദീപം ആചന്ദ്രതാരം

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/215&oldid=158489" എന്ന താളിൽനിന്ന് ശേഖരിച്ചത്