ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിനായി, അഭൂതപൂർവ്വവും അനന്യസാധാരണവുമായുള്ള ഒരു വൈദ്യുതമഹാശ്ചര്യം ആ സങ്കേതത്തിൽ സംഭവിക്കുന്നു. സർപ്പത്താന്മാർ തങ്ങളുടെ വ്യാവർത്തനത്ത്വക്കിനേയും ശലഭങ്ങൾ ശൽക്കങ്ങളേയും വെടിഞ്ഞ് നവശരീരരാകുന്നതു നാം കണ്ടിരിക്കാം. മൃതിസമീപസ്ഥന്മാർ ഏകദീപശിഖയെ ദ്വിതയമായി കാണുന്ന അവസ്ഥയെക്കുറിച്ചു നാം കേട്ടുമിരിക്കാം. ഏകശരീരം ദ്വന്ദീഭവിക്കുന്ന ബ്രഹ്മവിദ്യാവിധാനം, ഇതാ, നവബ്രഹ്മാത്മകനായ ഹരിപഞ്ചാനനയോഗികൾ പ്രദർശിതമാക്കി, അതിന്റെ സാദ്ധ്യതയെ നമുക്കു ബോദ്ധ്യമാക്കുന്നു. ഉൽകുലകോപാഗ്നിയുടെ നിർഭരത്വംകൊണ്ട് ഭിന്നമായതുപോലെ, ഹരിപഞ്ചാനനകായം ദ്വൈധീഭാവത്തെ കൈക്കൊള്ളുന്നു. യോഗീശ്വരന്റെ രാജയോഗപ്രയോഗങ്ങൾകൊണ്ട് ആ ദിവ്യന്റെ സ്ഥൂലശരീരം സാക്ഷാൽ ജഡകായമായും, അതിൽ ആവാസംചെയ്തിരുന്ന സൂക്ഷ്മശരീരം ഈഷൽഭേദംകൂടാതുള്ള തുല്യതയോട് ആത്മകായമായും ഐക്യയോഗത്തെ ഖണ്ഡനംചെയ്തുള്ള ആർഷപ്രഭാവാത്ഭുതമാണ് ആ ശ്രീമൽപതഞ്ജലിപ്രഭാവപുണ്യാശ്രമത്തിൽ യജ്ഞാരംഭക്രിയയായി സംഭവിക്കുന്നത്. ആ ദേഹദേഹിമൂർത്തികളിൽ പ്രകൃതിസിദ്ധമായുള്ള ഐഹികവും പാരത്രികവുമായ ലക്ഷണങ്ങൾ അതാതു വിഗ്രഹങ്ങളിൽ പ്രത്യേകിച്ചു കാണപ്പെടുന്നു. പൂജാമണ്ഡപത്തിന്റെ കിഴക്കുഭാഗത്താണ് ഈ മഹാരാജയോഗപരമാത്ഭുതം നിവർത്തിതമാകുന്നത്. പരസ്പരാഭിമുഖമായും, നില്ക്കുന്നവരിൽ, ദക്ഷിണപാർശ്വസ്ഥമായ വിഗ്രഹം ആപാദമസ്തകം രൗദ്രാഗ്നേയവും, ഉത്തരപാർശ്വസ്ഥമായുള്ളത് വൈഷ്ണവസൗമ്യവും ആയി പ്രകൃതവിപര്യങ്ങളെ സ്ഖലിപ്പിക്കുന്നു. ദക്ഷിണവിഗ്രഹം അംഗാരാമ്ലഗന്ധകാദ്യാത്മകമായ വെടിമരുന്നുപോലെ സ്വാത്മദാഹകനായും ശീഘ്രസംഹാരകനായും മറ്റേ വിഗ്രഹം തൈലമേദസ്സമ്മിശ്രനായും ആജ്യശീതളനായും പ്രയോഗാനുസരണമായി പോഷണദഹനങ്ങൾക്ക് അനുകൂലനായും നിൽക്കുന്നതിനിടയിൽ, കല്പാന്തകാലേശൻ ഐഹികഭ്രമവശനായി ശഠിക്കുകയും ശപിക്കുകയും, മറ്റേ വിഗ്രഹം ശാന്തതയേ അപേക്ഷിച്ച് 'ദൈവാധീനാ'ദിപ്രമാണങ്ങളെ മന്ദസ്വരത്തിൽ വാദിക്കുകയും ചെയ്യുന്നു. ഈ വിഗ്രഹങ്ങൾ ഹരിപഞ്ചാനനന്റെ ജഡദേഹികൾ ദ്വൈതീഭവിച്ച് മൂർത്തിധാരണം ചെയ്തവയല്ലെങ്കിൽ ആ ഭിന്നധർമ്മാത്മകന്റെ സൃഷ്ടിക്കു സ്വരൂപിക്കപ്പെട്ട ധർമ്മാധർമ്മസാധനങ്ങൾ ഭിന്നിച്ചു മൂർത്തിധാരണംചെയ്തു നിൽക്കുന്ന രൂപങ്ങൾ എന്നു ഖണ്ഡിച്ചു സംവാദിക്കാവുന്നതാണ്. അപരാധാനുകൂലനായി ഭവിച്ചു എങ്കിലും സുപഥനിഷ്ഠകൗതുകനും ദമധനസമ്പന്നനുമായുള്ള ശാന്തവിഗ്രഹത്തിൽ നിന്ന് 'ദൈവാധീന'പ്രമാണം ഉൽഗളിതമായപ്പോൾ, അക്ഷാന്തിമൂർത്തിയായ ഉഗ്രസിംഹം അരോചകമൂർച്ചകൊണ്ടെന്നപോലെ പൈശാചമായി വമനാഹ്വാനങ്ങൾ ചെയ്ത്, അഗൈർവാണിയായ ഒരു ഭാഷയിൽ ഗർജ്ജിക്കുന്നു: 'ദൈവാധീനം! ഹറാം! ആ അനർത്ഥപദം എന്റെ സർവത്രസൂത്രപുടങ്ങളേയും ഭേദിക്കുന്നു. അരേ! യതി, മാത്ര, വൃത്തം ഈ ലക്ഷണങ്ങളുടെ അജ്ഞതകൊണ്ട് ദൂഷിതനായ പദ്യകാരൻ അഭിമാന്യനോ? സൃഷ്ടിസ്ഥിതികടെ സംഹാരകനുംകൂടിയല്ലേ ദൈവം? ജീവകോടികളെ യഥേഷ്ടം പീഡിപ്പിച്ച്, സംഹരിക്കുന്ന ധൂർത്തസ്വേച്ഛാപ്രഭു 'ജ്ഞാനവൈരാഗ്യ'യോഗവാനായ ദൈവമോ? സൃഷ്ടിരക്ഷകളുമില്ല, സംഹാരവുമില്ല. കർത്താവും ഭർത്താവും ഹർത്താവുമില്ല. ചൈതന്യവിഹീനം പ്രപഞ്ചം! അവിജ്ഞേയമായുള്ള ഒരു ശക്തി വളരുന്നു. പണിയുന്നു. രൂപാവർത്തനംചെയ്യുന്നു. സർവ്വവും മഹാ മഹേന്ദ്രജാലം! ഇങ്ങനെ നമ്മുടെ ചാക്ഷുഷാനുഭവം. ഇതിലാകട്ടെ, ഇതരവിഷയങ്ങളിലാകട്ടെ, ഉപദേഷ്ട്യസ്ഥാനത്തെ നീ എടുക്കേണ്ട. ആജ്ഞാനിർവാഹകന്റെ നിലയിൽ ഉപന്യസിക്ക. ആ പാണ്ഡ്യദ്രോഹികൾ, വഞ്ചകന്മാർ എങ്ങനെ നമ്മോട് കരാറുലംഘനം ചെയ്തു? നമ്മുടെ സംഭാവനകൾക്ക് ഇതോ പ്രതിഫലം? അവിടന്ന് ഉണ്ടാകാവുന്ന സഹായം ശുദ്ധമേ നാസ്തിതന്നെയോ?" ഹരിപഞ്ചാനനയോഗികളെ ദീപാരാധനാകർമ്മത്തിനും കാളീനൃത്തത്തിനും അശക്തനാക്കിയ 'ക്ഷീണം', ഇതാ വെളിപ്പെട്ടു.

പ്രതിച്ഛായ: "ദൈവവിരോധംകൊണ്ട് — ആ നാമത്തെ ഉപയോഗിക്കുന്നില്ല — നമ്മുടെ ക്രിയയാലൊന്നാവട്ടെ — സർവാനുകൂലവും നഷ്ടമാവുന്നു. രാജഭൃത്യൻ, ഒരു യുവാവ്, ആ പ്രദേശങ്ങളിൽ സഞ്ചരിച്ച്, അദ്വൈതാദ്യാചാര്യന്മാർ ശാക്യമതത്തെപ്പോലെ നമ്മുടെ ശക്തിയെ ധ്വംസിച്ചു. രാജമുദ്രയ്ക്കുപുറമെ, ഒരു പ്രസിദ്ധസ്ഥാനാപതിപ്രഭുവിന്റെ ശാസനാ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/218&oldid=158492" എന്ന താളിൽനിന്ന് ശേഖരിച്ചത്