ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കഥ കഴിയട്ടെ. സമീപത്തെ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നോ? അതു പേടിക്കേണ്ട. നമുക്ക് അതിനകത്തുതന്നെ സമാധിസ്ഥാപനയ്ക്ക് അവകാശമുണ്ട്. ഞാൻ അവിടത്തെ പ്രായത്തെ വിചാരിച്ച് നിരായുധനായി പരീക്ഷിക്കാം.” ഇങ്ങനെ പറഞ്ഞുകൊണ്ട് യോഗീശ്വരൻ വിനോദഭാവത്തിൽ അരക്കച്ചയെ ഒന്നു കൂടി മുറുക്കി.

പടത്തലവർ: “ഞാൻ വൃദ്ധനെങ്കിൽ അങ്ങ് ഐഹികനിവൃത്തനാണ്; നാം തമ്മിൽ കളിവാക്കുപോലും ചേരുന്നതല്ല. പിന്നെ, ദ്വന്ദ്വയുദ്ധക്കാര്യം ആലോചിപ്പാനെങ്കിലുമുണ്ടോ? അങ്ങ് ചെയ്യേണ്ട ഒരു കൃത്യത്തെ ചെയ്യിക്കാനാണ്, ഞാൻ ക്ഷണിച്ചത്.” ഹരിപഞ്ചാനനൻ പടത്തലവരുടെ ശാന്തതയും സ്ഥാനാപതിക്രമത്തിൽ കാര്യം തൊടാതെകണ്ടുള്ള കാര്യകഥനവും സൂക്ഷിച്ചു. തന്റെ മഹൽപ്രഭാവത്തെ പ്രദർശിപ്പിച്ച് ആ കൂടിക്കാഴ്ചയെ അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു. “പാടില്ലാ, വിഡ്ഢിത്തംകൊണ്ടു തോറ്റു കൂടാ” എന്നിങ്ങനെ ചിന്തചെയ്തു പറയുന്നു: “എന്നേ ഞാനും വിചാരിച്ചൊള്ളു. ചെറുപ്പംകൊണ്ട് കളിവാക്കു പറഞ്ഞുപോയി ക്ഷമിക്കണം!” (കുറച്ച് ആലോചിച്ച് വിഷമത്തെ നടിച്ച്) “അങ്ങോട്ടുകൂടിയുള്ള പ്രയാണത്തിന് ഒരു വിഘാതമുണ്ട്. ഏഴു വെളുപ്പിന് ഒരു ഹോമം തുടങ്ങണം.”

പടത്തലവർ: “ആ ഹോമത്തേക്കാൾ വലുതായ ഒരു കർമ്മം അങ്ങേ ആവശ്യപ്പെടുന്നു. മാതൃപൂജയേക്കാൾ വലുതായ കർമ്മം മനുഷ്യനു മറ്റൊന്നുണ്ടോ?” ഹരിപഞ്ചാനനന്റെ ഹൃദയം കർപ്പൂരം പോലെ ക്ഷണത്തിൽ അഗ്നിസ്പൃഷ്ടമായി കത്തി. തന്റെ പരമാർത്ഥത്തെ പടത്തലവർ ഗ്രഹിച്ചു എന്ന് ആ പ്രഭുവിന്റെ ആദ്യമായ ഉത്തരത്തിൽനിന്നു സംശയിച്ചതു സ്ഥിരപ്പെട്ടു. ഏതു സജ്ജനസമാജം കേട്ടാലും സമ്മതിക്കുന്ന ഒരു കാരണത്തെയാണ് വൃദ്ധൻ ആഖ്യാനം ചെയ്‌വാൻപോകുന്നതെന്നു തീർച്ചയാവുകയാൽ, ഹരിപഞ്ചാനനന്റെ പാദങ്ങൾ ഒരു സാവധാനതാളം ചവുട്ടി. അദ്ദേഹത്തിന്റെ നാവിനെ സരസ്വതി ഇങ്ങനെ നടനവും ചെയ്യിച്ചു: “അല്ലേ! ഇതെന്ത് ‘അജ്ഞ’ത്വം? ഇതിന് മഹായോഗിമാരും ശിഷ്യപ്പെടുമല്ലോ. മാതൃപൂജാമാഹാത്മ്യം ഗ്രഹിച്ച മഹാനുഭാവൻ ‘അജ്ഞത’ നടിച്ചാൽ ‘അ’കാര ‘വി’കാരഭേദങ്ങൾ നശിച്ചുപോകൂല്ലേ? ‘മാതൃപൂജ’ തന്നെയാണു നാമും എന്നും, ത്രികാലങ്ങളിലും അനുഷ്ഠിക്കുന്നത്. അകത്തുണ്ട്, കാണാം. അതിവിശേഷസാന്നിദ്ധ്യമുള്ള ദുർഗ്ഗാ വിഗ്രഹം. സാക്ഷാൽ ശ്രീഹലായുധസംസേവ്യമായിട്ടുള്ളതാണ്. അർജ്ജുനൻ, ശ്രീ പരീക്ഷിത്ത്—”

പടത്തലവർ: (ഭാവഭേദമൊന്നും കൂടാതെ) “പ്രസവിച്ച അമ്മയുടെ സംഗതിയാണ് ഞാൻ പറയുന്നത്.”

ഹരിപഞ്ചാനനൻ: “മഹാഭാഗ്യവാൻ! അമ്മ ജീവിച്ചിരിക്കുന്നു. ഇല്ലേ? പരമപുണ്യവതി! പുത്രധനത്തിൽ—”

ഈ കന്നത്തം പടത്തലവരെ ചിരിപ്പിച്ചു. ഹരിപഞ്ചാനനന്റെ ദ്രുതയുക്തിസ്വാരസ്യത്തെ അഭിമാനിച്ച്, ആ മഹാ അവിവേകിയെ രക്ഷിക്കുകതന്നെ വേണമെന്ന് അദ്ദേഹം ഒന്നുകൂടി ഉറച്ചു. അതിനാൽ യോഗീശ്വരന്റെ വാക്കുകളെ തടഞ്ഞ്, “ആ ഭാഗ്യവതി വിഷ്ണുപദം ചേർന്നു കാലം കുറച്ചധികമായി” എന്നു പറഞ്ഞു.

ഹരിപഞ്ചാനനൻ: (പുരികം ഉയർത്തി നെറ്റിയെ ചുളുക്കി സംഗതിയുടെ ദുർഗ്രാഹ്യതയെ അഭിനയിച്ച്) “നമുക്ക് കഥയൊന്നും മനസ്സിലാകുന്നില്ല. കുറച്ചുകൂടി സ്പഷ്ടമാക്കിപ്പറയണം. അത്യാവശ്യമെങ്കിൽ യജ്ഞത്തെ ഉപേക്ഷിച്ചും അവിടത്തെ ഇഷ്ടത്തെ അനുഷ്ഠിക്കാം.”

ഇപ്രകാരമുള്ള ഉദാരവചനകൗശലക്കാരനോട് അന്തരംഗത്തെ ആ ഘട്ടത്തിൽവച്ചുതന്നെ തുറന്നുകാട്ടണമെന്നു പടത്തലവർ നിശ്ചയിച്ചു: “അത് ഗുണബുദ്ധി! അങ്ങ് ഈയിടെ ചിലമ്പിനേത്തു പോയിരുന്നില്ലേ?”

ഹരിപഞ്ചാനനൻ: (പുരികക്കൊടി പൊട്ടുമാറ് വക്രപ്പിച്ച്, ഏകനഖംകൊണ്ട് നെറ്റി ചൊറിഞ്ഞ്) ‘ചിലമ്പിനേടം’ ചിലമ്പിനേടത്തെന്നാൽ?—ഹൊ ശരി! ചന്ദ്രകാരപ്രഭുവിന്റെ മഠം. മനസ്സിലായി!—കഴൽക്കൂടം എന്ന സ്ഥലത്തല്ലേ? അവിടെ നമുക്കു കേമമായ ഒരു ഭിക്ഷാസൽക്കാരം നടന്നു.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/224&oldid=158499" എന്ന താളിൽനിന്ന് ശേഖരിച്ചത്