ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പടത്തലവർ: “അതിന്റെ തെക്കേവീട്ടുവാതുക്കൽവച്ചുണ്ടായ സൽക്കാരവും ഒരുവിധം കേമമായിരുന്നില്ലേ?”

ഈ ചോദ്യം ജീവഹതകമായ ശല്യമായിക്കൊണ്ട്, ഹരിപഞ്ചാനനന്റെ എരിഞ്ഞുപൊരിഞ്ഞിരുന്ന കരൾ പൊടിഞ്ഞു. പാണ്ഡ്യദേശത്ത് തന്നോട് ഉടമ്പെട്ടിരുന്ന സഹായികളെ തടഞ്ഞ ഈ ശനി സ്വവർഗ്ഗക്കാരായ കാട്ടാനകളെ പിടിപ്പാൻ പരിശീലിപ്പിക്കപ്പെട്ട താപ്പാനകൾ സാധിക്കുംപോലെ, ഹരിപഞ്ചാനനയോഗിഗജത്തെ തടഞ്ഞ് ഇതാ കൊപ്പത്തിലാക്കുന്നു. ഈദ്ദഹം എങ്ങനെയോ സംഗതി ഏതാണ്ടല്ലാ—സൂക്ഷ്മമായി മുഴുവനുംതന്നെ—ഗ്രഹിച്ചിരിക്കുന്നു. ആഹാ! ഇവിടെ ഉണ്ണിത്താനോടനുഷ്ഠിച്ച നവനീതനയം സ്വാത്മനാശകമായ ഗരളാഗ്നിയായി ഭവിക്കും. ഹരിപഞ്ചാനനയോഗീശ്വരനും അനന്തപത്മനാഭൻ പടത്തലവരും ഒന്നിച്ചു ഭൂമിയിൽ ശത്രുനിലയിൽ വർത്തിക്കുക അസാധ്യം! മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ധനുർവ്വേദസഹാന്തേവാസിയായ ഈ ഭീഷ്മസമൻ തന്നോട് ജന്യപരീക്ഷയിൽ നിൽക്കുകയില്ലെന്നും, ‘ഏകനല്ല, ഏക സഹസ്രം’ എന്നു താൻ മുമ്പിൽ വിചാരിച്ചത് യഥാർത്ഥമായിരുന്നാലോ? തന്റെ സ്വന്തമായ ഭടന്മാർ അമ്പതിൽപരവും, ഭക്തസംഘത്തിൽ ചിലരും ആ വാടത്തിനകത്തുണ്ടെങ്കിലും, രണ്ടാം വകക്കാർക്ക് ഈ ദുർഘടസ്ഥിതിയുടെ ഗ്രഹണമില്ല. അവർ ആയുധവിതരണംകൊണ്ട് സന്നദ്ധരാക്കപ്പെട്ടിട്ടുമില്ല. ഇതല്ല തർക്കം. ഹൈദർ മഹാരാജാവിന്റെ കൽപനമറുപടി രണ്ടു ദിവസത്തിനകം എത്തുമെന്നുള്ളതുകൊണ്ട്, യജ്ഞാവസാനംവരെ ഒന്ന് ‘ഉരുളകതന്നെ’ എന്നു ഹരിപഞ്ചാനനൻ നിശ്ചയിച്ചു. തന്റെ ഹൃദ്വേദനയും അഗാധചിന്തകളൂം അതാത് ഇന്ദ്രിയകേന്ദ്രങ്ങളിൽ വസിച്ചതല്ലാതെ, അദ്ദേഹത്തിന്റെ മുഖചേഷ്ടകളെ ഈഷലെങ്കിലും ഭേദപ്പെടുത്താൻ ബഹിർഗമനം ചെയ്തില്ല. “നാം ഓർമ്മിക്കുന്നു—ആ പാണ്ടിക്കിഴവി ശ്രീശ്വേതാംബികാലക്ഷണവതി—”

പടത്തലവർ: “അതു കണ്ടുപിടിപ്പാനുണ്ടായ സംഗതി?—”

ഹരിപഞ്ചാനൻ: “അവർക്ക് നാം തന്നെ പ്രസാദം നൽകണമെന്നു ചന്ത്രകാരൻ അപേക്ഷിച്ചു.”

പടത്തലവർ: (സ്തോഭഭേദമൊന്നും കൂടാതെ സ്വർണ്ണജലതരംഗിണിപ്പാത്രത്തിൽനിന്നു പുറപ്പെടുന്ന മഞ്ജുസ്വനത്തിൽ) “എന്നിട്ട്, പ്രസാദം കൊടുത്തോ അനുഭവിച്ചോ?”

ഹരിപഞ്ചാനൻ: (കോപഘനം വിജൃഭിച്ചതിനെ വൈഷ്ണവപ്രഭാവത്തോടമർത്തി) “അനുഗ്രഹിച്ച്—”

പടത്തലവർ: (വർദ്ധിച്ച ഗൗരവത്തോട്) “ആര് ആരെ അനുഗ്രഹിച്ചു എന്നുകൂടി വ്യക്തമാക്കണം.”

ഹരിപഞ്ചാനനൻ: (തുല്യഗൗരവത്തോട്) “അവകാശമുള്ള ആൾ ആവശ്യമുള്ള ആളെ.”

പടത്തലവർ: “അതെനിക്കറിയാം. എന്നാൽ, മന്ത്രക്കൂടത്തു വാതുക്കൽവച്ച് വൃദ്ധയായ ആ അമ്മയെക്കണ്ട—ആ സമയത്ത്, ആർക്കാണ് അനുഗ്രഹിപ്പാനും അതു സ്വീകരിപ്പാനും കർത്തവ്യം ഉണ്ടായിരുന്നത്? ത്രിപുരസുന്ദരിക്കുഞ്ഞമ്മ—”

ഹരിപഞ്ചാനനൻ: (അത്യാശ്ചര്യം നടിച്ച്) “അതാര്? എന്തായിതു പുതുക്കഥ? പാത്രങ്ങളും പെരുകിവരുന്നല്ലോ!”

പടത്തലവർ: (കാപട്യം കണ്ടു വർദ്ധിച്ച ഈർഷ്യയെ അമർത്തി) “എന്തായിതെന്നോ? ‘പാത്രങ്ങളെന്നും ആയോ? ‘പാത്രം’ എന്നു തന്നെ ഇരിക്കട്ടെ. ആ നിർഭാഗ്യ ‘ഗർഭപാത്ര’കാരിയുടെ പാദത്തിൽ എന്തുകൊണ്ട് കണ്ടയുടനെ നമസ്കരിച്ചില്ല? അങ്ങേ ആത്മാവിന്റെ കണ്ണു പൊത്താതെ ഉത്തരം പറയണം.”

ഈ ചോദ്യം കേൾക്കത്തക്ക സ്ഥിതിയിൽ നിന്നിരുന്ന കേശവപിള്ളയ്ക്ക് അതിന്റെ അർത്ഥവും തന്റെയും ഉണ്ണിത്താന്റെയും ഊഹങ്ങളുടെ സ്ഖലിതങ്ങളും വ്യക്തമായി.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/225&oldid=158500" എന്ന താളിൽനിന്ന് ശേഖരിച്ചത്