യിനിന്നു. ഉടയാൻപിള്ളയെ അടുത്തു കണ്ടപ്പോൾ ചേലയുടെ ഒരു വിടുമുന്തി ഉയർത്തി മുഖം മറച്ചുകൊണ്ട് തന്റെ വക്ഷോഭേദനംചെയ്യുന്ന ദുഃഖത്തെ അടക്കാൻ അശക്തയായ വൃദ്ധ കരഞ്ഞുതുടങ്ങി. യാത്രാക്ഷീണംകൊണ്ട് ലളിതമാക്കപ്പെട്ട് ഏറ്റവും ദർശനീയമായിരിക്കുന്ന സൗന്ദര്യപ്രഭയോടുകൂടിയ ബാലിക വൃദ്ധയെ കെട്ടിത്തഴുകിത്തലോടി ആശ്വസിപ്പിച്ചു. ചന്ത്രക്കാറൻ കിങ്കരനേയും വൃദ്ധാബാലികമാരേയും വീണ്ടും വീണ്ടും നോക്കീട്ട്, “ചെരുപ്പാലടിച്ചും ചന്ത്രക്കാറനു നേദ്യം” എന്നു ചിന്തിക്കയും, കരടിത്താന്റെ ഏകനേതൃത്വത്തെ അഭിനയിച്ച് അർത്ഥവത്തായ ഒരു മൂളൽകൊണ്ടു സ്വചന്ദ്രഹാസമൂർച്ചയെ സൂചിപ്പിക്കയുംചെയ്തുകൊണ്ട് വൃദ്ധയെ താണുതൊഴുത് ഓച്ഛാനിച്ചുനിന്നു. മനുഷ്യക്കരടി ഏതാണ്ട് ചിലതു ഞറുങ്ങുകയും ബീഭത്സമായ ചാഞ്ചാട്ടങ്ങൾകൊണ്ട് ചന്ത്രക്കാറന്റെ മര്യാദയെ അഭിനന്ദിക്കയും, ബാലിക കുപ്പനെ കൈയ്ക്കുപിടിച്ച് ഒന്നു ചായിച്ച് കർണ്ണത്തിൽ “ഇവരാരമ്മാൻ?” എന്നു ഗൂഢമായി ചോദ്യംചെയ്കയും ചെയ്തു.
- “തത്വബോധത്താൽ ബൃഹസ്പതിക്കൊത്തവൻ,
- സത്വഗുണംകൊണ്ടു വിഷ്ണുതുല്യോദയൻ,
- ശാസ്ത്രവിജ്ഞാനേന ശംഭുതുല്യൻ നല്ല–
- ശസ്ത്രാസ്ത്രവിദ്യാ ഭാർഗ്ഗവൻതാനവൻ.
വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായുന്ന നിധിയെകാക്കുന്ന ഭൂതത്തിന് ആ സുരഭിയെ ബലികൊടുത്തേക്കുന്നുണ്ടെന്ന് ചിലമ്പിനഴിയം സംസ്ഥാനത്തെ അസലപ്പീൽക്കോടതിയുടെ നിലയിൽ അദ്ദേഹം വിധി നിശ്ചയിച്ചു. എന്നാൽ, ചന്ത്രക്കാറന്റെ അനന്തരവനായ വിദ്യാർത്ഥിയും സംബന്ധിയായ ഉമ്മിണിപ്പിള്ളയും അദ്ദേഹത്തിന്റെ അന്തർഗ്ഗതങ്ങൾ ധരിക്കാതെ പരിണയകാംക്ഷയോടുകൂടി ബാലികയുടെ വാസഗൃഹത്തെ ചുറ്റി ഭ്രമരപ്രദിക്ഷണം തുടങ്ങിയതുകൊണ്ട് ആ ബലികർമ്മശിക്ഷാവിധിയെ നടത്തുവാൻ സൗകര്യം ഉണ്ടായില്ല. നിക്ഷേപേലബ്ധിക്കു മറ്റൊരു മാർഗ്ഗമായി കണ്ടിരുന്ന യോഗീശ്വരകാമധേനുവും ചന്ത്രക്കാറന്റെ ഹിതാനുവർത്തിയായി അദ്ദേഹത്തിന്റെ ഭവനത്തിലേക്ക്, ‘കെട്ടി എടുപ്പിക്ക’പ്പെടുന്നതിന് അനുഗ്രഹിച്ചില്ല. ഈ സ്ഥിതിയിൽ രവിസംക്രമം രണ്ടുകഴിഞ്ഞ് തുലാവർഷവും ഇടി, മിന്നൽ, സമുദ്രകോപാരവം ഇത്യാദി ആഘോഷങ്ങളോടുകൂടി ആരംഭിച്ചു. അസ്തമനം അടുക്കുമ്പോഴെയ്ക്കും മേഘകംബളം ആകാശത്തേയും, അന്ധകാരനിചോളം ഭൂമിയേയും മറച്ച് ഗതാഗതത്തിന് അതിവൈഷമ്യത്തെ ഉണ്ടാക്കുന്ന ഒരു സന്ധ്യയിൽ ചന്ത്രക്കാറപ്രഭു അനന്തശയനപുരവീഥികളെ തന്റെ പാദപിണ്ഡങ്ങളെക്കൊണ്ടു പരിപൂതമാക്കി. ഉമ്മിണിപ്പിള്ളയുടെ വക തിരുവനന്തപുരത്തുള്ള ഭവനത്തിൽനിന്ന് കട്ടിയും കവണിയും ഉടുത്ത് തെറുത്തുകേറ്റി ഭസ്മക്കുറികളും തലയിൽ വലിയ വട്ടക്കെട്ടും ധരിച്ച്, ചന്ത്രക്കാറൻ പുറപ്പെട്ട യാത്രയിൽ കത്തിജ്ജ്വലിച്ചെരിയുന്ന ചിലവട്ട, വലിയ ഓലക്കുട, ചെല്ലം, പിടിമൊന്ത എന്നീ സൗകര്യസാധനങ്ങളും ചില കാഴ്ചസാമാനങ്ങളും വഹിച്ച് ഉമ്മിണിപ്പിള്ള മുതലായ സേവകന്മാരും ഭൃത്യജനങ്ങളും ചന്ത്രക്കാറന്റെ മുന്നും പിന്നും അകമ്പടിക്കാരായി ഗമനംചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനടുത്തുള്ള ഒരു യോഗീശ്വരമഹാവാടത്തിനകത്ത് ഈ സംഘം പ്രവേശിച്ചു. മണൽത്തരിപോലും വീശാൻ ഒഴിഞ്ഞ സ്ഥലം വിടാതെ തിങ്ങിനില്ക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ചന്ത്രക്കാറപ്രഭൃതികൾ കടന്നപ്പോൾ കാഷായവസ്ത്രം ധരിച്ച ചില നന്ദികേശ്വരന്മാർ അവരെ എതിരേറ്റു. ഉമ്മിണിപ്പിള്ളയുടെ ചില കടാക്ഷസംജ്ഞകൾ തന്നോടുകൂടി വന്നിരിക്കുന്ന സാർവഭൗമന്റെ ഹിമാദ്രിസന്നിഭമായ കെങ്കേമത്വത്തെ ആ കിങ്കരന്മാരെ മനസ്സിലാക്കി.