ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഉത്തരാഖ്യാപനം


പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർസംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു എന്ന് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാര്യഗ്രഹണേച്ഛുക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിന്റെ സവിസ്തരമായ വിവരങ്ങളെ രാജഭൃത്യപ്രധാനന്മാരുടെ ഹൃദന്തങ്ങൾ നിഗൂഹനം ചെയ്തു. ഇവരും ഈ ബദ്ധജിഹ്വത്വംകൊണ്ട്, കാപഥവർത്തിയായ ഒരു ഉഗ്രബുദ്ധിയുടെ ശ്രമപരിണാമത്തിൽനിന്നു ഗ്രാഹ്യമായുള്ള ദൃഷ്ടാന്തപാഠം വിസ്മൃതി കുടീരിങ്ങളിൽ സംഗ്രാഹ്യങ്ങളായി വിദ്രവത്തെ പ്രാപിച്ചു.

രാജഭടന്മാരാൽ പിടിക്കപ്പെട്ട ഭൈരവന്റെ സാക്ഷ്യം ഹരിപഞ്ചാനനകൗടില്യങ്ങളെകുറിച്ച് കേശവപിള്ളയ്ക്ക് അനുപദം ഉണ്ടായ അനുമാനദർശനങ്ങളെ സ്ഥിരപ്പെടുത്തി. ഉഗ്രശാന്തന്മാരായ സന്താനയുഗളത്തെ അവരുടെ അച്ഛൻതന്നെ മാതൃരക്ഷണത്തിൽനിന്നു തസ്കരിച്ച്, ബ്രാഹ്മണരായ ഓരോ കലാവിദഗ്ദ്ധന്മാരെക്കൊണ്ട് ബ്രഹ്മചര്യവും യോഗചര്യവും നിവർത്തിപ്പിച്ച്, ആദ്യം ഉഗ്രൻ മുഖേന തിരുവിതാംകൂർ സംസ്ഥാനസ്ഥിതികളുടെ പരിശോധനം സാധിച്ചു. അനന്തരം അഷ്ടഗൃഹശക്തിയുടെ ഉദ്ധാരണവും പുനഃസ്ഥാപനവും ചെയ്‌വാനായി പുത്രദ്വന്ദ്വത്തേയും മഹോപദേശസഹിതം നിയോഗിച്ചു. രാജ്യതൃഷ്ണാവശനായ ഹൈദർ കേരളഗ്രസനത്തിന് ഒരുമ്പെടുന്ന വൃത്താന്തത്തെ ഗ്രഹിച്ച ജ്യേഷ്ഠഹരിപഞ്ചാനനൻ, ആ മഹാരാജാവിനെക്കണ്ട് അവിടത്തെ ചാരസ്ഥാനത്തിന് അധികൃതനായി. എന്നാൽ, അതിതന്ത്രകുശലനായിരുന്ന ഹൈദർ ആലിഖാൻ നവാബ് വിശ്വസനീയരായ ചില മഹമ്മദീയപ്രധാനന്മാർ മുഖേന ഹരിപഞ്ചാനനചാരന്റെ ഗതികളെ സൂക്ഷിച്ചുകൊള്ളുന്നതിന് വിശേഷാൽ ഒരു പ്രണിധിയെക്കൂടി നിയോഗിച്ചു. ഇങ്ങനെ നിയമിപ്പെട്ടത് നമ്മുടെ വൃദ്ധസിദ്ധൻ ആയിരുന്നു. വൃദ്ധസിദ്ധന്റെ ജന്മസിദ്ധമായ കായഗരിമയും സ്വഭാവപ്രഭുതയും വൈശിഷ്യവും ഹൈദർമഹാരാജാവിന്റെ അഭിമാനത്തേയും വിശ്വാസത്തേയും സമ്പാദിച്ചു. ആ പ്രണിധിയുടെ റിപ്പോർട്ടുകൾക്ക് അദ്ദേഹം അന്യൂനാദരത്തോട് അനുമതികൾ നൽകിവന്നിരുന്നു. മഠാധിപന്റെ നിലയിൽ പുറപ്പെട്ട ഹരിപഞ്ചാനനന്, ഹൈദർ മഹാരാജാവിന്റെ പ്രധാനകാര്യസ്ഥന്മാർ അണ്ണാവയ്യനെ ബാങ്കറായി ഏർപ്പെടുത്തിക്കൊടുത്തു. വൃദ്ധസിദ്ധന്റെ സാഹചര്യത്താൽ ഹരിപഞ്ചാനനന്റെ സ്വേച്ഛാവിഷവാതം ഏറെക്കുറെ പ്രതിബന്ധിക്കപ്പെട്ടു. സർവവന്ദ്യശ്രീമാനായ മഹാരാജാവിനും, പടത്തലവരുടെ കൃപാഭാജനമായ കേശവപിള്ളയ്ക്കും ഹരിപഞ്ചാനനനിൽനിന്ന് അത്യാപത്തുണ്ടാകാതെ വൃദ്ധസിദ്ധന്റെ ശക്തങ്ങളായ കരങ്ങൾ ഗൂഢമായും നിരന്തരമായും ത്രാണനംചെയ്തു.

രാജഭണ്ഡാരത്തിൽനിന്നുണ്ടായ അനന്തമുദ്രമോതിരത്തിന്റെ അവധാരണം കേശവപിള്ളയുടെനേർക്കു സംശയത്തെ ജനിപ്പിക്കാനായി ഹരിപഞ്ചാനനൻതന്നെ നിവർത്തിച്ചതാണെന്നും, സന്ദർഭം ആവശ്യപ്പെട്ടാൽ അണ്ണാവയ്യനേയും കുടുക്കിലാക്കാൻവേണ്ടി ആ ബ്രാഹ്മണനെ ഏൽപിക്കുന്നതിന് മറ്റൊരു അനന്തമുദ്രമോതിരത്തെ ഹരിപഞ്ചാനനൻ തന്റെപക്കൽ ഏൽപിച്ചിരുന്നു എന്നും, ആ വധരാത്രിയിലും ശ്രീവരാഹക്ഷേത്രത്തിന്റെ പുരോഭാഗവീഥിയിൽ വച്ചും, ആ ബ്രാഹ്മണന്റെപക്കൽ താൻ അതിനെ കൊടുത്തപ്പോൾ ചന്ദ്രികാസഹായംകൊണ്ട് ബ്രാഹ്മണൻ മോതിരം മാറ്റപ്പെട്ടിരിക്കുന്നതായി അറിഞ്ഞ് ഹരിപഞ്ചാനനനെ രാജദ്രോഹിയെന്നും മറ്റും അപഹസിച്ചതിനാൽ അയാളുടെ അന്തം താൻ വരുത്തിയതാണെന്നും, തന്റെ അച്ഛനെ ചന്ത്രക്കാറൻ വധിച്ചതിലേക്ക് കേശവൻകുഞ്ഞിനെ മരിക്കുമാറ് ബന്ധനസ്ഥനാക്കി ദ്രോഹിക്കയും, അതുകൊണ്ടും തൃപ്തിയാകാതെ, പിതൃഹന്താവിനെത്തന്നെ വധിക്കുന്നതിനു ശ്രമിച്ചതിൽ അയാളുടെ പൈശാചത്വം കണ്ട് താൻ തോറ്റു മണ്ടി എന്നും മറ്റും രാജാധികാരികളുടെ മുമ്പിൽ ഭൈരവൻ മൊഴികൊടുത്ത് നിയമകൽപിതമായ അഗ്ര്യദണ്ഡനത്തെ സഹിച്ചു. ഈ കഥകൾ പ്രാഡ്വിപാകന്മാരുടെ കുട്ടിമങ്ങൾക്കടിയിൽ ആഭിചാരനിർമ്മാല്യങ്ങൾ എന്നപോലെ നിക്ഷേപിക്കപ്പെട്ടു. ഹരിപഞ്ചാനനവാടത്തിന്റെ ഒരുഭാഗത്ത് അനന്തരകാലീനനായ ഒരു സംഗീതപ്രവീണന്റെ ഹരികഥാമണ്ഡപം സ്ഥാപിക്കപ്പെട്ടതുകൊണ്ട്, ആ സ്ഥലത്തിന്റെ മാലിന്യം മുഴുവൻ ദുരീകരിക്കപ്പെട്ടു. അണ്ണാവയ്യന്റെ കുണ്ഡലങ്ങൾ അയാളുടെ വിധവയ്ക്കു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/233&oldid=158509" എന്ന താളിൽനിന്ന് ശേഖരിച്ചത്