ചന്ത്രക്കാറൻ എന്ന നാമത്തിലെ ആരംഭദിവ്യാക്ഷരദ്വയം അദ്ദേഹത്തിന്റെ വിസ്തൃതശരീരത്തിന് കൈകളെ സന്ദർഭയുക്തമാംവണ്ണം വീശി, സ്വൈരഗമനംചെയ്‌വാൻ വേണ്ട മാർഗ്ഗത്തെ തെളിച്ചുകൊടുത്തു.
ഏതാനും തളങ്ങൾ കടന്ന് യോഗീശ്വരന്റെ പൂജാമണ്ഡപത്തിൽ ചന്ത്രക്കാറൻ പ്രവേശിച്ചു. പ്രമാണികൾ ഇടതിങ്ങി നിന്നിരുന്ന ആ സ്ഥലത്ത് അനവധി ദീപതാരങ്ങൾ പ്രതിബിംബിക്കുന്ന രത്നങ്ങളാൽ ഖചിതവും, മണമാർന്ന പുഷ്പഹാരങ്ങൾകൊണ്ട് അലംകൃതവും നീരാളാംബരപ്രഭാപൂരിതവും ആയ വിമാനത്തിനകത്ത് ത്രിജഗദംബികാവിഗ്രഹം സജീവപ്രതിഷ്ഠ എന്നപോലെ അനുഗ്രഹമായ പ്രസന്നമുഖമായി കാണപ്പെട്ടു. പുഷ്പസഞ്ചയത്തിന്റെ സമ്മൂർച്ഛകമായ സൗരഭ്യവും, ശ്വാസനാളത്തെ ഭേദിക്കുന്നതായി ധൂപക്കുറ്റിയിൽനിന്നു പുറപ്പെടുന്ന ധൂമഗന്ധവും, പരിചാരകപ്രധാനികൾക്കുള്ള വീര്യസൗന്ദര്യപരിപൂർണ്ണമായ ഗാത്രപ്രൗഢിയും, പൂജാധികാരിയായി നില്ക്കുന്ന ഒരു വൃദ്ധസിദ്ധന്റെ വേഷവിശേഷവും, ഭക്തന്മാരുടെ ബഹുലതയും കണ്ടപ്പോൾ യോഗീശ്വരനും അനൽപസാമർത്ഥ്യവാനായ ഒരു സൂത്രധാരൻതന്നെ എന്ന് അഭിജ്ഞനായ ചന്ത്രക്കാറനു ബോദ്ധ്യപ്പെട്ടു. യോഗീശ്വരനെ കാൺമാനുള്ള തിടുക്കത്തോടുകൂടി ചന്ത്രക്കാറൻ വട്ടമിട്ടു നോട്ടം തുടങ്ങി. 'ക്ഷമിക്കണം, അല്ലെങ്കിൽ അന്തസ്സിനു പോരാ’ എന്ന് ഉമ്മിണിപ്പിള്ള നേത്രക്കമ്പിമാർഗ്ഗം അറിവുകൊടുത്തു. ദീപാരാധന ആരംഭിച്ചു. അതിമനോഹരമായുള്ള നാഗസ്വരവും ഗംഭീരമായുള്ള നഗരാഘോഷവും, അസംഖ്യം ചേങ്ങലകളുടെ നാദവും സന്നിഹിതരായ ജനങ്ങളിൽനിന്നു പുറപ്പെട്ട ഭക്തിപൂരിതമായ ഉൽഘോഷങ്ങളും ചന്ത്രക്കാറന്റെ മനസ്സിനേയും ഇളക്കി. അയാളെകൊണ്ടും ഒന്നു തൊഴുവിച്ചു. ദീപാരാധന അവസാനിച്ചു. വലുതായ ധൂപക്കുറ്റിയിൽ രംഭാപത്രത്തിന്റെ ആകൃതിയിൽ ജ്വലിക്കുന്ന കർപ്പൂരദീപത്തെ ഓരോരുത്തർ തള്ളിത്തിരക്കി അക്ഷിപ്രോക്ഷണം ചെയ്യുന്നതിനിടയിൽ സാക്ഷാൽ വേട്ടയ്ക്കൊരുമകൻതന്നെ പാവകദീപ്തിയോടുകൂടി അവതീർണ്ണനായതുപോലെ ഒരു പുരുഷൻ പ്രത്യക്ഷനായി. ആ പ്രദേശം ശ്വാസോച്ഛ്വാസപര്യന്തം സ്തബ്ധശബ്ദം ആക്കപ്പെട്ടു. ഇപ്രകാരമുണ്ടായ വിഭ്രമണത്തിനിടയിൽ ചന്ത്രക്കാറൻ പുറകോട്ടു കൈനീട്ടി, താൻ കൊണ്ടുവന്നിരുന്ന പട്ടാംബരം, സ്വർണപ്പനിനീർക്കുപ്പി, ഫലപുഷ്പകന്ദങ്ങൾ എന്നീ സാധനങ്ങളെ വാങ്ങി, പഞ്ചമഹാദാനമായി യോഗീശ്വരപാദങ്ങളിൽ സമർപ്പണംചെയ്തു. വരദാനഹസ്തത്തെ ഉയർത്തി യോഗീശ്വരൻ അനുഗ്രഹിച്ചു. യോഗീശ്വരന്റെ മുഖവും ചേഷ്ടകളും ചന്ത്രക്കറന്റെ മനസ്സിൽ ബഹുദൂരമായ ഭൂതകാലത്തെ സ്മൃതികളും തന്മയത്വത്തോടും പക്ഷേ അവ്യക്തമായും ഉണർത്തി, അദ്ദേഹത്തെ അശ്ചര്യസരസ്സിൽ വീഴിച്ചു. ആ അനുഭവത്തിന്റെ രഹസ്യത്തെ ഗ്രഹിപ്പാൻ ബുദ്ധിക്ലേശംചെയ്ത് പരവശപ്പെടുന്ന അദ്ദേഹത്തിന്റെ കർണ്ണങ്ങളിൽ മൂലമന്ത്രോപദേശവും, ഹസ്തത്തിൽ സൂത്രബന്ധവും, ലലാടാദിദേശങ്ങളിൽ മുദ്രാധാരണവും, ശിരസ്പർശം ചെയ്ത് ആത്മസംസ്കരണവും യോഗീശ്വരഗുരുവര്യൻ യഥാനുഷ്ഠാനം നിർവഹിച്ചു. ചന്ത്രക്കാറന്റെ ആത്മാവ് കാന്തത്താൽ അയശ്ശകലമെന്നവണ്ണം യോഗീശ്വരപ്രഭവത്താൽ ആകർഷിക്കപ്പെട്ടു. ചന്ത്രക്കാറന്റെ ഹസ്തങ്ങളെ ഗ്രഹിച്ച്, ബന്ധുവത്സലത്വംകൊണ്ട് ശുദ്ധകേരളീയവാണിയിൽ യോഗീശ്വരൻ കുശലപ്രശ്നങ്ങൾ തുടിങ്ങിയപ്പോൾ ഹ്രസ്വനായ ശിഷ്യ‘മഹിഷൻ’ ഉന്നതനും ഉദ്ധതനും ആയ യോഗീശ്വരന്റെ വൈദ്യുതകാന്തി ഉജ്ജ്വലിക്കുന്ന മുഖത്ത് കൃതജ്ഞതാസൂചകമായി തല ഉയർത്തി ഒന്നു നോക്കുന്നതിനു തുനിഞ്ഞു. യോഗീശ്വരന്റെ കാഞ്ചനപ്രഭമായ മുഖതലത്തിൽ നേത്രമണികൾ കൃഷ്ണസ്ഫടികമയതയോടെ തിളങ്ങി. ചന്ത്രക്കാറന്റെ താമ്രക്ഷശക്തിയെ ആവാഹിച്ച്, അതിന്റെ ചേഷ്ടകളെ ഉദ്വസനംചെയ്തു. യോഗീശ്വരന്റെ കൃഷ്ണമണികളിലെ അണുക്കൾക്ക് അചിന്ത്യമായ വേഗത്തിൽ ഒരു സമ്മിശ്രചലനം തുടങ്ങി. ക്ഷണംകൊണ്ട് സ്ഫടികനൈർമ്മല്യത്തോടുകൂടി പ്രശാന്തനിലയെ പ്രാപിക്കയും, ഉത്തരക്ഷണത്തിൽ ആ നേത്രങ്ങൾ ആകാശമാത്രങ്ങളായ സുഷിരങ്ങളായി ചന്ത്രക്കാറനു തോന്നുകയും ചെയ്തു. നിർജ്ജീവവീക്ഷണനായി നിന്നു പോയ ചന്ത്രക്കാറന് ഭൂഗർഭസ്ഥമായുള്ള ഒരു ദ്രവ്യനിക്ഷേപേത്തെ ‘അഞ്ജനപുട’ പ്രയോഗംകൊണ്ടെന്നപോലെ യോഗീശ്വരന്റെ അനന്തമെന്നു തോന്നപ്പെട്ട നേത്രവിലം കാട്ടിക്കൊടുക്കയും ചെയ്തു. ചന്ത്രക്കാറന്റെ സർവധാതുക്കളും ജ്വാരധിക്യം