സ്ഥലത്തും താമസിച്ചിരുന്നു. കേരളത്തിൽ പ്രധാനക്ഷേത്രങ്ങളെ സന്ദർശനം ചെയ്ത്, കേരളീയാചാരങ്ങളും ഭാഷയും ഗാഢമായി അദ്ദേഹം ഗ്രഹിച്ചിരുന്നു.
മുൻ പ്രസ്താവിച്ച അംഗുലീയവിക്രയാനന്തരം അടുത്തൊരു ദിവസം ഹരിപഞ്ചാനനസ്വാമി അന്നത്തെ മുത്താഴഭിക്ഷ അമൃതേത്തും കഴിഞ്ഞ് തന്റെ തപോവാടത്തിൽ അന്തർഭാഗത്ത് ഒരു വിശാലശാലയിൽ ഇരുന്ന് സ്വർണ്ണധൂപകുഴലിൽനിന്ന് ഹുക്കാ കുടിക്കുന്നതിനിടയിൽ, ചിലമ്പുക്കൂസായിലെ ജലത്തെക്കൊണ്ട് ഗുളുഗുളുമൃദുവർണ്ണാലാപം ചെയ്യിച്ചു വിഹരിക്കുന്നു. ഇടയ്ക്കിടെ ധൂമത്തെ കൃത്രിമാകൃതികളാക്കി ബഹിഷ്കരിക്കയും ആ രൂപങ്ങളുടെ വിവിധത്വത്തെ കണ്ടു രസിക്കയും ഭിക്ഷാമൃതത്തിന്റെ ഹൃദ്യതയും സമൃദ്ധിയും തിങ്ങിത്തിമർത്തു വിങ്ങുകയാൽ ചില ഓങ്കാരധ്വനികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. തന്റെ അടുത്തു വച്ചിരിക്കുന്ന വാൽക്കണ്ണാടിയെ എടുത്തു നോക്കി, കോതി ഒതുക്കി പുറകോട്ടിട്ടിരിക്കുന്ന ജടാഭാരത്തേയും, ക്ഷൗരകർമ്മംകൊണ്ട് അരികുകൾ ഭംഗിയാക്കപ്പെട്ട ലലാടദേശത്തേയും, സുന്ദരികൾക്കു ലഭിച്ചിരുന്നാൽ ചക്രവർത്തികളേയും കറക്കുമായിരുന്ന വിജയതോരണഭ്രൂക്കളേയും, നാട്യതരംഗദ്രുതപരമ്പരയാൽ ഭരതശാസ്ത്രപാരംഗതന്മാരേയും വലയ്ക്കുന്ന നേത്രങ്ങളേയും, മധ്യത്തിൽവച്ചു വകുന്ന് ഇരുഭാഗത്തോട്ടും ചീകി ഒതുക്കി മെഴുകിട്ട് കൃഷ്ണമൃഗശൃംഗങ്ങൾപോലെ തിരുകിനിർത്തീട്ടുള്ള മീശയേയും, മല്ലയോഗ്യമായി വിരിഞ്ഞ് ഘനംപൂണ്ടുള്ള വക്ഷപ്രദേശത്തേയും നോക്കി, ‘നാഥനാകുന്നിതു ഞാൻ ജഗത്തിന്ന്’ എന്നു സമർത്ഥിക്കാവുന്നതായ ‘അഹമേവ ജഗത്സർവ്വം’ എന്നുള്ള പരമതത്വത്തെ അഭിനയപരിശീലനംചെയ്യുന്നു. ഏതാണ്ട് ചില ആത്മഗതങ്ങളോടു കൂടി ചിലുമ്പിയുടെ സ്വർണ്ണമുഖത്തെ വായിൽനിന്നും എടുത്ത്, ധൂമത്തെ ഉദ്വമിച്ച് സ്വവക്ത്രത്തിന് ഒരു തിരസ്കൃതിയെ സൃഷ്ടിക്കുന്നു. ധൂമത്തിര നീങ്ങിയതിന്റെ ശേഷം വിജയനോട്ടങ്ങളോടുകൂടി തിരിവിതാംകോട്ടുള്ള ചില പ്രഭുക്കന്മാരുടെ നാമങ്ങളെ ഉച്ചരിച്ച് വിരലുകൾ മടക്കി അവരുടെ എണ്ണത്തെ കണക്കുക്കൂട്ടുന്നു. അനന്തരം വീണ്ടും ധൂമാശനം ആരംഭിച്ച് ചിന്താമഗ്നനായിരിക്കുന്നു. വിശാലനേത്രങ്ങളെ തുറിച്ച്, അതിഭയങ്കരനാട്യത്തോടുകൂടി ‘കേശവൻ’ എന്ന നാമത്തെ ഉദ്ധരിച്ച് ഫൂൽക്കാരത്തോടുകൂടി പുകയെ കഫാദിസഹിതം തുപ്പുന്നു. ഈ അശുദ്ധഹോമത്തിങ്കൽനിന്നും ഉൽഭൂതനായതുപോലെ നെറ്റി മുതലായ സ്ഥലങ്ങളിൽ തിരുവനന്തപുരത്തുള്ള സകലക്ഷേത്രങ്ങളിലെയും ചന്ദനകുങ്കുമമഞ്ചാണാദിപ്രസാദങ്ങളും കുടുമയ്ക്കിടയിലും ചെവിമടക്കിലും നിർമ്മാല്യസഞ്ചയങ്ങളും കരസന്ധികളിൽ ഉദ്യോഗമുദ്രയായ ചൊറിയുടെ ശൽക്കങ്ങളും തന്റെ നിയമേനയുള്ള വിദ്യുല്ലതികാത്വവും വഹിച്ച് പകടശ്ശാലവ്യാസരായ ഉമ്മിണിപ്പിള്ള ആവിർഭവിച്ചു. യോഗീശ്വരന്റെ വിശേഷവിശ്വസ്തതയ്ക്കു പാത്രമായതിനാൽ ആ മഠത്തിൽ ഏതു സ്ഥലത്തും ഏതു സമയത്തും പ്രവേശിക്കുന്നതിന് ഉമ്മിണിപ്പിള്ളയ്ക്കു പൂർണ്ണസ്വാതന്ത്യം കിട്ടിയിരുന്നു. ആ അദ്വൈതാദ്ധ്യേതാവ് തന്റെ നെറ്റിയെ നിലത്തു തൊടുവിക്കാതെ ഒരു കസർത്തുകൊണ്ടു ഗുരുപാദങ്ങളിൽ സാഷ്ടാംഗപ്രണാമംചെയ്ത് എഴുനേറ്റുനിന്നു. ഹരിപഞ്ചാനനൻ തന്റെ ചണ്ഡമായ സ്തോഭങ്ങളെ വെടിഞ്ഞ് പൈത്ര്യമായ വാത്സല്യത്തെ സന്ധാനംചെയ്തുള്ള മുഖത്തോടുകൂടി ഉമ്മിണിപ്പിള്ളയ്ക്ക് ആശിസ്സും സ്വാഗതവും അരുളിച്ചെയ്തു. ആ ശബ്ദഗ്രാഹിയന്ത്രം കൊട്ടാരത്തിലും നഗരവീഥികളിലുംനിന്ന് മോതിരസംഗതി സംബന്ധമായും മറ്റും ഗ്രഹിച്ചിരുന്ന കഥകളെല്ലാം ഒന്നൊഴിയാതെ ഗുരുപാദപത്മങ്ങളിൽ സ്വനവമനംചെയ്തു. യോഗീശ്വരൻ ഒരു ഭൃത്യരെ വിളിച്ച് ചിലുമ്പിയെ അവിടെനിന്നും മാറ്റിച്ചതിന്റെശേഷം ഇങ്ങനെ ശാന്തമായി അരുളിച്ചെയ്തു: “പ്രപഞ്ചം നടക്കത്താൻ ചെയ്യുമപ്പ!—കീരവിത്തു മുളച്ച് അശ്വത്ഥമായി എന്ന് ആരുതാൻ കേട്ടിട്ടുണ്ട്? ആ മോതിരവില്പന ക്ഷീരാബ്ധിജലത്തിലെ ലവണ പ്രവാഹത്തെ ഉണ്ടാക്കിടുമോ? നിസ്സാരമായ ഭയങ്ങൾ! മഹാരാജാ ഘനബുദ്ധി എന്നല്ലോ നാം ചിന്തകൊണ്ടിരുന്നത്? ഹായ്! എന്തു ജളത്വം? ”
ഉമ്മിണിപ്പിള്ള: “ഊഹും! സ്വാമി ഇങ്ങനെയോ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അ കൊച്ചുമോതിരം ആരുടെ തലയിലെല്ലാം അപരാധം കേറ്റുമെന്നു സ്വാമിക്കറിയാമോ? ഇങ്ങനെ ചില കളികളിച്ച് തലവീച്ചും തൊറകേറ്റും നടന്ന് തലമുറ ഒന്നു കഴിഞ്ഞിട്ടില്ലാ, ഈ തീപ്പൊരി