ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കുമറിക്കുമറി എവിടെ എല്ലാം കേറിപ്പിടിക്കുമെന്നു ദൈവത്തിനെ അറിയാവൂ.”

ഹരിപഞ്ചാനനൻ: “ന്യായമായ സംശയം. സംഗതി രാജദ്രോഹം — രാജകക്ഷം, ജനകക്ഷം ഈ രണ്ടിലൊന്നിന്റെ നാശംകൊണ്ടേ അതിൽ നിവൃത്തിയുണ്ടാവു. മോതിരം കഴക്കൂട്ടത്തുപിള്ളയുടെ സ്വത്ത് — ”(ശബ്ദം താഴ്ത്തി പാരദേശികത്വത്തെ അവലംബിച്ച്)“നമത് ചന്ത്രക്കാറർക്ക് അന്ത സ്ഥാനിഗൃഹവുമാക ഗോത്രബന്ധമെപ്പടി? എന്ന ഉമ്മിണിപ്പിള്ളെ? നിജത്തെ ശൊല്ലും. ഉടയാൻപിള്ള അവാളെ കാപ്പാത്തവേണ്ടിയത്.”

ഇത്രയും സൂചകം കൊണ്ടുതന്നെ കാര്യം എങ്ങനെ പരിണമിച്ചേക്കാമെന്ന് ഉമ്മിണിപ്പിള്ളയ്ക്ക് സ്പഷ്ടമാവുകയാൽ തനിക്ക് ഉദ്യോഗക്കയറ്റം ഉണ്ടാവാനുള്ള പടി നഷ്ടമായിപ്പോകാമെന്ന് അയാൾ ഭയപ്പെട്ടു. സ്വല്‌പം ഉണർച്ച വന്നപ്പോൾ അതിദയനീയമായ സ്വരത്തിൽ തന്റെ അഭിപ്രായത്തെ യോഗീശ്വരസമക്ഷത്തിൽ ഇങ്ങനെ ധരിപ്പിച്ചു: “ഈ അപവാദം വല്ലതും മച്ചമ്പി കേട്ടാൽ ഉടവാളെടുത്തോണ്ട് വെളിച്ചപ്പെടും. പിന്നത്തെ കഥ പടേനിതന്നെ. നൊണയ്ക്കു നടക്കുന്ന കൂട്ടങ്ങൾ ഇതുവല്ലതും കേട്ടാൽ പൊടിപ്പും തൊങ്ങലുംവച്ച് തിരുമുമ്പിൽ കൊണ്ട് അടിയറവയ്ക്കും. അപ്പോൾ നാട്ടുരാജാ പൂപ്പടവാരും. മച്ചമ്പി കാട്ടുരാജാ കളവുമഴിക്കും. പിന്നെ, ഇന്ദ്രനും ചന്ദ്രനും പൊടി. അല്ലെങ്കിൽ മച്ചമ്പിക്കും അവിടെ ചേർന്നവർക്കും മേക്കാമണ്ഡപം[1] തന്നെ ശരണം. അതും ഒരു യശസ്സുതന്നെ, സ്വാമിതിരുവടികൾ ഇവിടെ ആളുകളെക്കുറിച്ച് എന്തറിഞ്ഞു?”

‘അതും ഒരു യശസ്സുതന്നെ’ എന്നുള്ള വാക്കുകൾ ഉമ്മിണിപ്പിള്ളയുടെ നാവിൽനിന്നും പുറത്തായപ്പോൾ ആ തപോധനപഞ്ചാസ്യന്റെ ശരീരം രോമാഞ്ചംകൊണ്ട് ഒന്നു ചലിച്ചു. ഉമ്മിണിപ്പിള്ളയുടെ ഒടുവിലത്തെ വാക്കുകൾ അദ്ദേഹത്തിന്റെ അധരസൗന്ദര്യത്തെ ഒരു വികടപ്പുഞ്ചിരികൊണ്ട് വക്രിപ്പിക്കുകയും ചെയ്തു. ആവശ്യം പോലെ ചന്ത്രക്കാറനെ തന്റെ ഒരായുധമാക്കി പ്രയോഗിപ്പാൻ സന്ദർഭം ലഭിച്ചിരിക്കുന്നു എന്നു കണ്ട് യോഗീശ്വരൻ കൃഥാർത്ഥനായി, ഉമ്മിണിപ്പിള്ളയുടെ അഭിപ്രയങ്ങളെക്കുറിച്ചു വീണ്ടും പരിചിന്തനം ചെയ്ത്, ‘ചിന്താ നാസ്തി കിലാ നാസ്തി’ എന്നു വീണാനാദത്തിന്റെ സുഖകരമായ മാധുര്യത്തോടുകൂടി കീഴ്സ്വരത്തിൽ ഗാനം ചെയ്തുകൊണ്ട് ചിന്താഗ്രസ്തനായിരുന്നു. യോഗീശ്വരന്റെ ഗാനത്തെ കേട്ടു രസിപ്പാൻ ഉമ്മിണിപ്പിള്ളയുടെ മനസ്സിന്റെ അപ്പോഴത്തെ അസ്വാസ്ഥ്യം അനുവദിച്ചില്ല. ഗാനത്തെത്തടഞ്ഞ് അയാൾ ഇപ്രകാരം പറഞ്ഞു: “മച്ചമ്പി ഈ തിരുസന്നിധികളിൽ മാത്രമേ തോറ്റിട്ടൊള്ളു. ഇവിടെ കുമ്പിട്ടുപോയതു ശരിതന്നെ. മറ്റെടത്തെല്ലാം മച്ചമ്പിതന്നെ രാജാധിരാജൻ, വീരാധിവീരൻ. കാണാൻപോണ പൂരം ഞാനിപ്പോൾ വിസ്തരിച്ചു കേൾപ്പിക്കുന്നതെന്തിന്? അങ്ങനെ ഉള്ള ആൾക്കു വല്ലതും ഇടിവുവന്നാൽ—”

ഹരിപഞ്ചാനനൻ: (സന്ദർഭംപോലെ ചന്ത്രക്കാക്കാറനെ കുടുക്കിലാക്കാൻ വഴിയുണ്ടെന്നു മനസ്സിലാവുകയാൽ കൃതാർത്ഥനായി) “അഹോ, ശുദ്ധാത്മൻ! നമത് ശിഷ്യാപ്രധാനർ—ചന്ത്രക്കാറപ്പിള്ളൈ അവാളുക്ക്” (ഹിന്ദുസ്ഥാനിയിൽ ചില ഗർജ്ജനങ്ങൾ ചെയ്തുകൊണ്ട്) “അഭയസ്ഥലം, ചൊക്ക്ടാമണ്ഡപ[2] നഭോമണ്ഡലം—”

ഈ യുക്തിവാക്കുകൾ ഊദ്യാഗപ്പാൽപ്പായസം നിറഞ്ഞുള്ള ഒരു വാർപ്പിനെ സാദ്ധ്യാസാദ്ധ്യാവിവേചനശൂന്യനായ ഉമ്മിണിപ്പിള്ളയ്ക്കു ദൃശ്യമാക്കി. അയാൾ തന്റെ സംബന്ധിയായ ചന്ത്രക്കാറൻ രാജ്യഭരണം ചെയ്യുന്ന പ്രതാപത്തെക്കുറിച്ച് അഹസ്സ്വപ്‌നങ്ങൾ കണ്ടു രസിക്കുന്നതിനിടയിൽ, ഹരിപഞ്ചാനനൻ അഭൗമമായുള്ള ഒരു അനിവാര്യശക്തിയുടെ പ്രേരണംകൊണ്ടെന്നപോലെ നിവർന്നിരുന്ന് കണ്ണുകൾ അടച്ച് ശ്വാസവേഗത്തോടുകൂടി ഇങ്ങനെ വെളിപാടുകൊണ്ടു: “ഉത്തരദിശിയിലെ തീക്ഷ്ണഭാസ്കരൻ ഉദയംശെയ്ക്കുറാർ— ഓ! അംബികേച്ഛൈ അപ്പടിയാ? അസ്തമനം മഹേന്ദ്രാദ്രിയിലെയാം അരരെ! അവരുടെ ചണ്ഡകിരണംഗൾ—” ദൈവികമായ ഒരു ഉദ്യോഗത്തോടുകൂടി വിറച്ചുംകൊണ്ട് യോഗീശ്വരൻ


  1. എട്ടുവീട്ടിൽപ്പിള്ളമാരെ നിഗ്രഹിച്ച വിജനപ്രദേശം.
  2. രാമയ്യൻദളവായ്ക്ക് മഹാരാജാവ് മന്ത്രിപദത്തെ നല്കിയ മണ്ഡപം. ഈ ഇടക്കാലത്തും ഈ സ്ഥലം ഈ വക ആവശ്യങ്ങൾക്ക് ഉപയോഗപ്പെട്ടിട്ടുണ്ട്.

27

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/27&oldid=205278" എന്ന താളിൽനിന്ന് ശേഖരിച്ചത്