അർദ്ധോക്തിയിൽ വിരമിച്ചു. ഉത്തരമലയാളത്തെ ആച്ഛാദനംചെയ്തിരിക്കുന്ന ഹൈദരാലി മൈസൂർ മഹാരാജാവായ രാഹുബിംബം തിരുവിതാംകൂർ സംസ്ഥാനത്തെയും നിശ്ചയമായി ഗ്രസിക്കുമെന്നു ഹരിപഞ്ചാനനന്റെ അരുളപ്പാട് ഉമ്മിണിപ്പിള്ളയെ മനസ്സിലാക്കി. ഹൈദരാലിയുടെ സൈന്യവും മഹാരാജാവിന്റെ പുള്ളിപ്പട്ടാളവും തമ്മിൽ ഉണ്ടായേക്കാവുന്ന യുദ്ധത്തിൽ തനിക്കും തന്റെ സംബന്ധികൾക്കും അഭയപ്രദനായി ഹരിപഞ്ചാനനസ്വാമികളുണ്ടെന്ന് അയാൾ ആശ്വസിച്ചുകൊണ്ട് ഇങ്ങനെ സ്വന്തമായ ഒരു കാര്യത്തിന്റെ പ്രസ്താവനയിൽ പ്രവേശിച്ചു: “ചെമ്പകശ്ശേരിയിലെ അവളെ ഒന്നിണക്കുന്നതിന്” (താടിത്താളം പിടിച്ചുകൊണ്ട്) “തിലകവും തരൂല്ല, ആ പുത്തൻപെണ്ണിന്റെ കാര്യം പറഞ്ഞിട്ട് അനങ്ങുണുമില്ല– പോട്ട്!” (ഭജനഭാവത്തിൽ കണ്ണടച്ച്)‘സന്യാസവേളിമതി, അതിനേ തലയിൽ വരച്ചിട്ടൊള്ളു!” (വ്യസനം നടിക്കുന്നു.)
ഹരിപഞ്ചാനനൻ: “പൊറുത്തുക്കൊ അപ്പൻ! — പടത്തലവന്റെ പുത്രിയെ മോഹിച്ചൂടാ. പരഭാര്യാവരണം പാടില്ലെന്നു നാം പറയുന്നതു ഭോഷ്കോ? കർമ്മഫലം കിട്ടാത്ത ക്രിയയിൽ നമ്മുടെ സഹായം ഉണ്ടാവൂല്ലാ. ആ പുത്തൻകുട്ടിയുടെ കാര്യത്തിൽ —”(യോഗീശ്വരന്റെ സന്യസ്തസമഭാവനകൾ നീങ്ങി രാജസമായ ധർമ്മഭ്രംശശിക്ഷാഗൗരവം സ്ഫുരിച്ച്)“അന്ത ഉണ്ണിത്താനുടെ മകനിടത്തിൽ അവൾ പോകട്ടുമപ്പാ— ദാരേഷണത്തെ ഹതം ചെയ്തിട്— ശാന്തി!”
ഉമ്മിണിപ്പിള്ള: “എന്നാൽ കൊമ്മിണിയെ കിട്ടാൻ തിരുവുള്ളമുണ്ടായി അനുഗ്രഹിക്കണം.”
ഹരിപഞ്ചാനനൻ: “എന്നെടാ? അന്ത മോതിരത്തിലെ ഇവളവ് ആസ്തൈ വയ്പാനേ?” ഈ ചോദ്യത്തോടുകൂടി യോഗീശ്വരൻ ഒരു മൂളിപ്പാട്ടും അതിനടുത്ത താളവും തുടങ്ങി. അഷ്ടാദശാവധാനിയായ അദ്ദേഹം പുറത്തുണ്ടായ ചില ചോദ്യോത്തരങ്ങളെക്കേട്ടു. ഒരു ഭൃത്യൻ പ്രവേശിച്ച് മഹാരാജാവിന്റെ ആജ്ഞാകരന്മാർ സ്വാമിപാദങ്ങളെ സന്ദർശനംചെയ്‌വാനായി വന്നിരിക്കുന്നു എന്ന് ഉണർത്തിച്ചു. ഹരിപഞ്ചാനനൻ ചില ആജ്ഞകൾ കൊടുത്ത് അടുത്ത മുറിയിലേക്കു തിരിച്ചു. യോഗീശ്വരന്റെ ധ്യാനസമാധികൾക്കായി ഭൃത്യൻ മറ്റൊരു മുറിയിൽ പീഠമിട്ട് തയ്യാറാക്കി. തൈലമയംകൂടാതെ ചിതറിക്കിടക്കുന്ന ജടാദ്യങ്ങളും, അതുകളിന്മേലും മുഖത്തും കർണ്ണങ്ങളിലും വിതറിയ ഭസ്മവും കണ്ഠംമുതൽ പാദംവരെ മറയ്ക്കുന്ന ഒരു കാഷായനെടുംകുപ്പായവും അതിന്റെ മുകളിൽ വജ്രങ്ങൾ പതിച്ചുള്ള ഒരു ചെറിയ ഗൗരീശങ്കരസമന്വിതമായ കൃഷ്ണവർണ്ണരുദ്രാക്ഷമാലയും ധരിച്ച്, ധ്യാനഭാരത്താൽ നമ്രശിരസ്കനായി, വാമഹസ്തത്തെ അഭയമുദ്രയിൽ വഹിച്ച് ഹരിപഞ്ചാനനയോഗീശ്വരൻ പീഠസ്ഥനായി. ആ വേഷം കണ്ടു പരിചയമുണ്ടായിരുന്ന വലിയകൊട്ടാരം സമ്പ്രതി രാമയ്യനും നീട്ടെഴുത്തുകേശവപിള്ളയും അദ്ദേഹത്തെ യഥോചിതം അഭിവാദനങ്ങൾ ചെയ്കയും, അദ്ദേഹം ‘മഹാരാജോ വിജയീഭവതു!’ എന്ന് അനുഗ്രഹിച്ചുകൊണ്ട് രാമയ്യനു ഭസ്മം കൊടുക്കുകയും ചെയ്തു. ആ ബ്രാഹ്മണൻ അതിനെ വാങ്ങി ശിരോലലാടങ്ങളിൽ ധരിച്ചു കൊണ്ട് ശിഷ്ടത്തെ കേശവപിള്ളയ്ക്കു കൊടുക്കുന്നതിനു ഭാവിച്ചു. അതിനെ സ്വീകരിക്കുന്നതിനുള്ള ഭാവംകൂടാതെ കേശവപിള്ള നിന്നതിനെക്കണ്ട് ഹരിപഞ്ചാനനൻ കേശവപിള്ളയെ സമീപത്തു വിളിച്ചു കൈപിടിച്ച് ഒരനുഗ്രഹമന്ത്രത്തോടുകൂടി ഭസ്മപ്രദാനംചെയ്തു. ഇങ്ങനെ ഉണ്ടായ കരസമ്പർക്കം പരസ്പരവിരുദ്ധാത്മാക്കൾ എന്നപോലെ അനാസ്ഥാനുഭവത്തെ രണ്ടുപേർക്കുമുണ്ടാക്കി. പ്രസാദഭസ്മത്തെ വാങ്ങിക്കൊണ്ട് കേശവപിള്ള പുറകോട്ടു മാറി. പത്മനാഭസ്വാമിക്ഷേത്രത്തിനഭിമുഖമായിത്തിരിഞ്ഞു ധ്യാനത്തോടെ, അതിനെ ശിരസ്സിൽ ധരിച്ചു. സ്വാമികൾ ഏതോ ഭാഷയിൽ തന്റെ ഭൃത്യന് ഒരു ഉത്തരവു കൊടുത്തു. അവൻ സ്വൽപസമയത്തിനിടയിൽ വലിയ ഒരു സ്വർണ്ണധൂപക്കുറ്റിയിൽ നിറയെ കർപ്പൂരമിട്ടു കത്തിച്ച് യോഗീശ്വരന്റെ മുമ്പിൽ കൊണ്ടുവച്ചു. അപ്പോൾ മുറിയിൽ അതിവിശേഷമായ സുഗന്ധം പ്രവഹിച്ചു. രാമയ്യൻ ദീപത്തെ യഥാവിധി വന്ദിച്ചു. കേശവപിള്ള പുറത്തിറങ്ങി സഹചരന്മാരായ പട്ടക്കാർക്ക് ചില ആജ്ഞകൾകൊടുത്ത് സാവധാനത്തിൽ മടങ്ങിവന്നു. ഇച്ഛാഭംഗകാലുഷ്യംകൊണ്ട് ഹരിപഞ്ചാനന്റെ ദന്തനിരകൾ തമ്മിൽ ഉരുമ്മി, ആ യോഗിപഞ്ചാനനൻ ഒരു സമാധിയിരുപ്പിനു കോപ്പിട്ടു.