ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ൾക്കും ആ യോഗീശ്വരനെക്കുറിച്ചുണ്ടായിരുന്ന ബഹുമതിക്ക് അല്പം വിഘാതം സംഭവിച്ചു. രാമയ്യനും കേശവപിള്ളയും അവിടെനിന്നും യാത്രയായ ഉടനെ ഹരിപഞ്ചാനനൻ പുറത്തുവന്നു വാതലടച്ചിട്ട്, ഒരു യുവമനുഷ്യക്കരടിയെ വിളിച്ച് ഈർഷ്യാകോപങ്ങളോടുകൂടി ചില കല്പനകൾ കൊടുത്തു. അതിന്റെശേഷം ഉമ്മിണിപ്പിള്ളയെ വരുത്തി, തനിക്ക് ഒട്ടും താമസംകൂടാതെ ചന്ത്രക്കാറനെ കാണണമെന്നും, അതിലേക്കു താൻതന്നെ ചിലമ്പിനേത്തുഭവനത്തിലേക്കു യാത്രചെയ്‌വാൻ തയ്യാറാണെന്നും അരുളിച്ചെയ്തു.


അദ്ധ്യായം നാല്


"ഏവം നിങ്ങടെ ഭാവമെങ്കിലതു ഞാൻ ചെയ്തീടുവാൻ സാദരം
ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"


അനുഗ്രഹശാപങ്ങൾക്ക് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശനശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാണങ്ങൾ ഘോഷിക്കുന്നുണ്ട്. ഐശ്വരമായ ഈ ശക്തികൊണ്ടെന്നഭാവത്തിൽ മഹാരാജാവിന്റെ ധാരണത്തിനായി ഹരിപഞ്ചാനനനാൽ സമാദിഷ്ടങ്ങളായ ചില വിപ്ലവങ്ങൾ അടുത്തകാലത്തുതന്നെ സംഭവിച്ചു. രാജഭണ്ഡാരത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന മോതിരം ചാക്ഷുഷവിദ്യകൊണ്ടെന്നു തോന്നുമാറ് ആ മുറിയിൽ നിന്ന് അതിന്റെ ആറുവശങ്ങളിലും ബലപ്രയോഗത്തിന്റെ യാതൊരു ചിഹ്നവും കൂടാതെ മോഷ്ടിക്കപ്പെട്ടു. കൊട്ടാരം അധികാരികളും ഭണ്ഡാരരക്ഷികളും ജഡജീവങ്ങൾ യോജിച്ചിരിക്കേ ആത്മവിയോഗം സംഭവിച്ചതുപോലെ വിഷമിച്ചു. മോതിരവിക്രയത്തിന്റെ ഗൗരവത്തെ ഈ മോഷണം ശതഗുണീകരിച്ചു. ഹരിപഞ്ചാനനന്റെ ദീർഘദർശനഫലത്തെ ധരിച്ചിരുന്നവർ അദ്ദേഹത്തിനു കൈലാസാചലരത്നപീഠത്തിലേക്കു കയറ്റവും കൊടുത്തു. ദൃഢമനസ്കനായ മഹാരാജാവിന്റെ നിഷ്കർഷയായ കല്പനകൾകൊണ്ട് ഈ വൃത്താന്തം കൊട്ടാരമതിലുകൾക്കകത്ത് ഉപഗുഹനം ചെയ്യപ്പെട്ടു. അധികൃതന്മാർ ഗൂഢമായ കാവലുകൾ നാനാഭാഗങ്ങളിലും ഉറപ്പിച്ചു. വിദഗ്ദ്ധചാരന്മാർ വിവിധവേഷങ്ങൾ ധരിച്ച് ജനഗൃഹങ്ങളിലെ അന്തർവ്യാപാരങ്ങളെ ആരാഞ്ഞു എങ്കിലും, ഹരിപഞ്ചാനനയോഗീശ്വരന്റെ ഭക്തിമാർഗ്ഗപ്രചരണമല്ലാതെ യാതൊരു വിശേഷസംഭവത്തിന്റെ അറിവും ആർക്കും ലബ്ധമായില്ല. ആശ്ചര്യകരമായ ഈ മോതിരമോഷണത്തിന്റെ വാസ്തവം വെളിപ്പെടാതെ കഴിഞ്ഞ ഓരോ ദിവസവും, ദ്രോഹകേന്ദ്രം പരിചാരകചക്രത്തിനകത്തുതന്നെ എന്നുള്ള ഹരിപഞ്ചാനനയോഗീശ്വരന്റെ വെളിപാടിനെ മഹാരാജാവിന്റെ മനസ്സിൽ സംശയച്ചെടിയായി വേര് ഊന്നിച്ചു. എന്നാൽ അവിടുത്തെ നിഷ്കൽമഷബുദ്ധി സന്ദേഹാസ്പൃഷ്ടമായ തെളിവുകൂടാതെ യാതൊരു ഭൃത്യനേയും പ്രത്യേകം സംശയിപ്പാൻ സന്നദ്ധമാകാത്തതുകൊണ്ട്, അപന്യായമായുള്ള പീഡനങ്ങൾക്കു സംഗതിയുണ്ടായില്ല. അണ്ണാവയ്യന്റേയും മോതിരത്തിന്റേയും കഥകൾ ദിനാവർത്തനങ്ങൾക്കിടയിൽ ക്രമേണ മറഞ്ഞു.

ഏതാനും മാസങ്ങൾ കഴിഞ്ഞ് ഗ്രീഷ്മർത്തുവിൽ ഒരു പൗർണ്ണമി ദിവസം അടുത്തു. സ്വഭർത്തൃദ്രോഹമാകുന്ന അപരാധത്താൽ അവഭ്രഷ്ടമായി ഏകാന്തനിശ്ശബ്ദരോദനം ചെയ്യുന്ന കഴക്കൂട്ടത്തുദേശത്തിനെ പാദസ്പർശത്താൽ സംശുദ്ധമാക്കിച്ചെയ്‌വാൻ ഹരിപഞ്ചാനനൻ എഴുന്നെള്ളുന്ന ശുഭരാത്രി സമാഗതമാകുന്നു. ആ മഹാമഖത്തിന്റെ പൂർവദിവസം സൂര്യോദയത്തിനുമുമ്പ് 'നാം' എന്ന പദത്തെ പരസ്പരം ഉപയോഗിപ്പാൻ അവകാശമുള്ള രണ്ടു മഹാപുരുഷന്മാർ പരിചാരകാദിജനങ്ങളെ ബഹുദൂരത്താക്കീട്ട് അത്യന്തഗൗരവമുള്ളതെന്ന് ഊഹിക്കാവുന്നതായി ഒരു സംഭാഷണത്തെ രാജമന്ദിരത്തിനകത്ത് ഒരു പള്ളിയറയിൽവച്ച് ആരംഭിച്ചിരിക്കുന്നു. ജാമദഗ്ന്യനെപ്പോലെ കോപജ്യോതിഷ്മാനായി ഹരിപഞ്ചാനനയോഗീശ്വരൻ ഒരു പീഠത്തെ സംഭാവനംചെയ്യുന്നു. സംരംഭവേഗം, ധിക്കൃതി, ഭത്സനം, സോൽപ്രാശസ്ഥിതി, അപഹാസം എന്നിങ്ങനെ തപോധർമ്മവിരുദ്ധങ്ങളായ വികാരങ്ങളാൽ കലുഷമായി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/32&oldid=158526" എന്ന താളിൽനിന്ന് ശേഖരിച്ചത്