ആയിരുന്നു. സ്വപ്രജകളുടെ സന്താപങ്ങളേയും അഭിലാഷങ്ങളേയും ചാരമുഖേന ഗ്രഹിച്ച്, അന്നന്ന് അനുകരണീയങ്ങളായ നിവൃത്തികളെ അരുളി, സ്വരാജ്യരക്ഷണം ശ്രീപത്മനാഭനിവേദിതമായ ധർമ്മമെന്നു സങ്കല്പിച്ച് നടത്തിവന്നു. മഹാവിഷ്ണുപ്രസാദത്താൽ രാജവീര്യസഹിതം ക്ഷമാദിഗുണസമ്പത്തും, ലക്ഷ്മീപ്രസാദത്താൽ ഐശ്വര്യവും, ബ്രഹ്മപ്രസാദത്താൽ സൗന്ദര്യദീർഘായുസ്സുകളും, സരസ്വതീപ്രസാദത്താൽ കവന വൈദഗ്ദ്ധ്യവും, മഹേശ്വരപ്രസാദത്താൽ ഖലസംഹാരകത്വവും, പാർവ്വതീപ്രസാദത്താൽ കാര്യനിർവിഘ്നതയും, സുബ്രഹ്മണ്യപ്രസാദത്താൽ സംഗ്രാമവിജയിത്വവും സിദ്ധിച്ചിരുന്ന ഈ പുണ്യശ്ലോകന്റെ നാമധേയത്തെ മഹാജനങ്ങൾ ഇന്നും നിർവ്യാജഭക്തിപൂർവ്വം കൊണ്ടാടുന്നു.
ഈ സംഭവദിവസം പ്രഭാതത്തിൽ വലിയകൊട്ടാരത്തിലെ പലഹാരപ്പുരപ്പടിവാതൽ തുറന്നുനിൽക്കുന്നു. അതിനകത്തോ, പുറത്തു സമീപത്തോ, ആ ശാലയുടെ ഭാഗ്യവാന്മാരായ ഭരിപ്പുകാരുടെ സാന്നിദ്ധ്യത്തിന്റെ ലക്ഷണങ്ങൾ കാൺമാനില്ല. മുൻഭാഗത്തുകൂടി കൊട്ടാരത്തിലെ ജോലിക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതം ചെയ്യുന്നു. അവരിൽ അതിദുർമ്മദനായുള്ളവനും അത്യാകർഷണശക്തങ്ങളായ പദാർത്ഥങ്ങളുടെ സംഭാരസ്ഥലമായ ആ ശാലയ്ക്കകത്തേക്കു കടപ്പാൻ, എന്നുവേണ്ട, കണ്ണിടാൻപോലും ധൈര്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ, അവരെല്ലാവരും ആ ഹവ്യശാലാഹോത്രിയുടെ വക്ത്രതുണീരത്തിൽ നിക്ഷിപ്തമായുള്ള ജിഹ്വാജൃംഭകാസ്ത്രത്തിന്റെ നീളവും മുനമൂർച്ചയും കൊല്ലാക്കൊലചെയ്യാനുള്ള ശക്തിയും നല്ലതിന്മണ്ണം അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. പലഹാരപ്പുരയുടെ മുഖമുറിയിൽ; ഉയർന്നു 'മൊത്താണം' ഒന്ന് ഹോത്രീഭൂദേവന് അനന്തശയനം ചെയ്‌വാൻ ഉണ്ടാക്കപ്പെട്ടിരുന്നു. മറ്റുഭാഗങ്ങളിൽ നിരത്തി വയ്ക്കപ്പെട്ട പത്തായം, ഭരണി മൺകലം ഉരുളി മുതലായ സാധനങ്ങളും കാണാമായിരുന്നു.
ആരും പ്രവേശിക്കാത്തതായ ഈ മുറിക്കകത്ത് പ്രഭാതത്തിൽ വ്യായാമത്തിനായി സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതിനിടയിൽ വിശേഷിച്ചൊരുദ്ദേശ്യവും കൂടാതെ മഹാരാജാവു പ്രവേശിച്ചു. അവിടുന്ന് എഴുന്നള്ളുന്നതിനെ അങ്ങുമിങ്ങും നിന്നു കണ്ട ആളുകൾ അത്യാദരത്തോടു മുഖംകാണിച്ച് അവരവരുടെ പണിക്കായി ക്ഷണത്തിൽ പൊയ്ക്കളഞ്ഞു. മഹാരാജാവ് പലഹാരപ്പുരയിൽ സഞ്ചരിക്കുന്നതിനിടയിൽ "സ്വാമി, സ്വാമി," എന്നു വിളിച്ചുകൊണ്ട് വാതുക്കൽ ഒരാൾ വരികയാൽ അവിടുന്ന് ഒരു പത്തായത്തിന്റെ പുറകിൽ മറഞ്ഞു. രണ്ടാമതായി ആ സ്ഥലത്തെത്തിയ നമ്മുടെ കേശവപിള്ള സ്വാമിയെക്കാണായ്കയാൽ വാതൽപ്പടിയിൽ കയറി നില്പായി. ഹരിപഞ്ചാനനന്റെ തപോവാടത്തിൽ ഉദ്യോഗപ്രാഗല്ഭ്യത്തോടുചെന്ന് വിദഗ്ദ്ധവാഗ്മിയായി വാദംചെയ്ത ഉദ്ധതൻ, ശാന്തവും ലളിതശീലനുമായ ഒരു കോമളയുവാവായി അപ്പോൾ കാണപ്പെട്ടു. കുറെക്കഴിഞ്ഞ് പലഹാരപ്പുരസംസ്ഥാനാധിപന്റെ ആഗമനമായി. ചാക്യാന്മാരുടെ പാഞ്ചാലീസ്വയംബരകഥാപ്രസംഗങ്ങളിലെ 'പൊണ്ണബ്രാഹ്മണ'രൂപസങ്കല്പത്തിന്റെ അസൽ ഈ ബ്രാഹ്മണനായിരുന്നിരിക്കാം. ഈ അഭിപ്രായത്തിൽനിന്ന് അയാളുടെ ആകൃതിഗ്രഹണം ഒരുവിധം സാധിക്കാവുന്നതാണ്. എന്നാൽ, മുറുക്കിന്റെ ആധിക്യം കൊണ്ട് വായും ചുണ്ടും ചുകന്നു തഴമ്പിച്ച്, കീഴ്ചുണ്ടിന്റെ ഇരുഭാഗത്തും അരംഗുലംവീതം നീളത്തിൽ ദംഷ്ട്രാകൃതിയിൽ രണ്ടു ചാലുകൾ വീണിട്ടുള്ളവ അയാളുടെ ജീവചരിത്രഗ്രന്ഥത്തിൽ ഒരു പ്രധാനസ്ഥാനത്തിന് അവകാശപ്പെട്ടിരുന്ന സംഗതിയെക്കൂടി ഇവിടെ ചേർത്തുകൊള്ളുന്നു. നാമകരണമുഹൂർത്തം മദ്ധ്യമമായിരുന്നതുകൊണ്ടായിരിക്കാം, 'വെങ്കിടേശ്വരൻ' എന്നു സംസ്കരിക്കപ്പെട്ട ബാലൻ വൃദ്ധശയ്യയിൽ 'മാമാവെങ്കിടൻ' ആയി കലാശിച്ചു. 'വെങ്കിടഘനപാഠികൾ' എന്നിത്യാദി ബഹുമാനസൂചകങ്ങളായ പദങ്ങളെ പ്രയോഗിച്ചാലും വെങ്കിടേശ്വരനണ്ണാവി ചെകിടനെന്നു നടിച്ചുകളയും. സംബോധനയിൽ 'വെങ്കിടമാമ' എന്നും പ്രഥമപുരുഷപദമായി 'മാമാവെങ്കിടൻ' എന്നും അയാളുടെ ഇഷ്ടാനുസാരം ശരിയായി അഭിധാനംചെയ്തില്ലെങ്കിൽ ആ ബ്രാഹ്മണന്റെ ശ്രദ്ധയെ ലഭിപ്പാൻ മഹാരാജാവായിരുന്നാലും വിഷമിക്കുമായിരുന്നു. 'മാമാ' എന്നു മാത്രം പ്രയോഗിക്കുന്ന കന്നന്മാർക്ക് പലഹാരപ്പുരയെ മുഴുവനും അയാൾ നീർവാർത്തു ദാനംചെയ്യുകയും ചെയ്യുമായിരുന്നു.
മാമാവെങ്കിടന് പല നിലഭേദങ്ങളുണ്ട്. കെട്ടാതെ വിതിർത്തിട്ട കുടുമ, നാഭിക്കു താഴെവച്ചു