ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നിന്നു തൊഴാൻ പ്രത്യേനം പെരയൊണ്ട്. അമ്മാളുക്കുട്ടി വേണം, വീട്ടുകാറിയായി മിന്തിനിപ്പാൻ. എല്ലാം നമ്മുടെ മട്ടില് ഉടുത്തൊരുങ്ങി —കുറയ്ക്കണതെന്തിന്? വേണ്ട പൊന്നും പൊടിയുമൊക്കെ അണിഞ്ഞ്, ധ്വജംപ്രഭ (സ്വയംപ്രഭ)മാരായി വന്ന്, അവിടമൊക്കെ ഔലസ(ഉല്ലാസ)മാക്കൂടണം—എന്തു കുഞ്ഞേ? ചിരികൊണ്ടു വെളുപ്പിക്കണതെല്ലാം നാളെ, ചിലമ്പിനേത്തുവീട്ടില്, വെളുത്തവാവുപൊലെ അങ്ങനെ തൊളങ്ങിക്കൊണ്ട് നിയ്പാൻ നമ്മുടെ വീട്ടിലും ഒരു തയ്യലാൾ വേണ്ടയോ? എല്ലാത്തിനും സാരധി(സാരഥി)യായി ഉമ്മിണിയെ വിട്ടേയ്ക്കാം—നമ്മുടെ മച്ചമ്പിയേ–”

വൃദ്ധ: “ഞങ്ങളെ ഉപദ്രവിക്കേണ്ട. എനിക്ക് നടക്കാനും കൂട്ടത്തിൽ കൂടാനും ശക്തിയില്ല. ഗതികെട്ട കൂട്ടത്തിനെന്ത് സംക്രാന്തിയും തിരുവോണവും?”

ചന്ത്രക്കാറൻ: “ഗെതിയും ഘെതികേടും ചന്ത്രക്കാറന്റെ എമയടച്ച തൊറപ്പിലല്ല്യോ? കുഞ്ഞമ്മ അനുവധിച്ചാൽ, അമ്മാളുക്കുട്ടി ഈ മുഹൂത്രത്തിൽ ചിലമ്പിനേത്ത് അകത്തെക്കെട്ടിലമ്മ–പിന്നെ, പണ്ടാരവക വെലക്കും വെളംബരവും, ചാക്കടിപ്പും പോക്കടിപ്പും കൊണ്ടുവരാൻ ഉയിരാർക്ക്?”

ഈ പ്രേമവാദം അതിശയമായും തന്റെ നിലയ്ക്കു ചേരുംവണ്ണം അന്തസ്സായും സാധിച്ചു എന്ന് സന്തുഷ്ടനായി, ചന്ത്രക്കാറൻ ആകർണ്ണഗതമായ ദന്തക്കവടിമേഖലയെ തെളുതെളെ വിളങ്ങുമാറ് കാട്ടിക്കൊണ്ട്, നന്തുണി മീട്ടുന്ന സ്വരത്തിൽ ഒന്നു ചിരിച്ചു. വൃദ്ധയുടെ മനസ്സ്, 'ഇതിനും കാലം വന്നല്ലൊ ഭഗവാനേ’ എന്നുള്ള വ്യസനത്തെ സർവ്വലോകവ്യാപ്തമായുള്ള പാദങ്ങളിൽ സമർപ്പണംചെയ്തുകൊണ്ടും സ്വകുടുംബത്തേയും ഭർത്താവിനേയും ധ്യാനിച്ചും, നിശ്ചേഷ്ടമായിരുന്നു. ചന്ത്രക്കാറന് വൃദ്ധയുടെ അന്തർഗ്ഗതം മനസ്സിലായി, അവരുടെ തൽക്കാലമനോഗതത്തിന് അനുകൂലമായി ഇങ്ങനെ പറഞ്ഞു: “പെണ്ണെന്ത്! പൊറുതി എന്ത്? മനുക്ഷജയ്മമെടുത്താൽ നിർമ്മാണപദം തേടണം, അതു തരാൻ സാമിയെപ്പോലെക്കൊള്ളവേദാന്ധികളല്ലതാരൊണ്ട്! അവരെ തൃക്കാലിൽ ഒരൊറ്റ കുമ്പിട്ടാല്, ഒരായിരം കൈലാഷം!” ശൃംഗാരരസത്തിന്റെ തിങ്ങൽ കൊണ്ട് ഭാഷാപരിഷ്കൃതിയോടുകൂടി അരുളപ്പെട്ട ഈ നവോമോക്ഷസംഹിത അമ്മാളു എന്ന ബാലികയുടെ മുഖഗൗരവത്തെ ഭഞ്ജിച്ച് ചില മന്ദസ്മിതങ്ങളെ പുറപ്പെടുവിച്ചു. ചന്ത്രക്കാറൻ അതു കണ്ട് സംപ്രീതനായി, തന്റെ വാമകരത്തിലെ ഊർദ്ധ്വഭാഗഗോളത്തിന്മേൽ ദക്ഷിണഹസ്താഗ്രം ചേർത്ത് വിജയസൂചകമായ താളം തുടങ്ങി. “അമ്മാളുക്കുട്ടിക്ക്— ചന്ത്രക്കറമ്മാവൻ കാലത്ത് അമ്മാവൻ, വൈയ്യുമ്പം വേറേയുമാമേ— പറഞ്ഞതൊക്കെയും സമ്മധിച്ചു. അങ്ങനെ ഇരിക്കട്ട—കുപ്പണ്ണനെന്തു പറയുണു?”

ഈ സംഭാഷണത്തെ കേൾപ്പാൻ പുറത്തു വാതൽപ്പടിക്കടുത്ത് ഹാജരായി നിന്നിരുന്ന കുപ്പശ്ശാർ എന്ന പരിചാരകനോടായിരുന്നു ഒടുവിലത്തെ ചോദ്യം. ചോദ്യത്തോടുകൂടിത്തന്നെ മറുത്തുപറഞ്ഞാൽ ആ ക്ഷണത്തിൽ കഥകഴിച്ചുകളയും എന്നൊരു നോട്ടവും പുറപ്പെട്ടു. കുപ്പശ്ശാർ മിണ്ടാതെ നിന്നു.

ചന്ത്രക്കാറൻ: “മൗനം അനുവാസം. എല്ലാം ഞാൻ പറഞ്ഞപോലെതന്നെ. ഉമ്മിണി വന്നിട്ടുണ്ട്. ചേട്ടത്തി ശമയിക്കാനും മറ്റും വല്യ ശട്ടമ്പിയാണവൻ. എല്ലാം ഒരുക്കി അമ്മാളുക്കുട്ടിയെ അവൻ ലംഭയാക്കി മോടിപിടിപ്പിക്കും.” എന്നു പറഞ്ഞുകൊണ്ട് വിപരീതവാക്കുകൾക്കിടകൊടുക്കാതെ യാത്രയായി. അവിടെ ശേഷിച്ച സംഘക്കാർ ഫണക്ഷതമേറ്റ സർപ്പത്താന്മാരെപ്പോലെ ക്ഷീണവീർപ്പോടുകൂടി പുളച്ചു. ഉമ്മിണിപ്പിള്ളയുടെ ആഗമനം ഉണ്ടാകുമെന്നുള്ള ബോധം വൃദ്ധയ്ക്കും പൗത്രിക്കും ഒരു ദുസ്സംഗമഹാഭയത്തെ ജനിപ്പിച്ചു.

ഏകദേശം ഒമ്പതു നാഴിക പുലർച്ചയായപ്പോൾ വൃദ്ധ കുളികഴിഞ്ഞ് പടിഞ്ഞാറുവശത്തുള്ള തിണ്ണയിലിരുന്ന് ജപം തുടങ്ങി; മീനാക്ഷിഅമ്മയും കുളികഴിഞ്ഞ് രാവിലത്തെ ഭക്ഷണത്തിന് മാതാമഹികൂടി വന്നുചേരുന്നതിനായി, നനഞ്ഞിരുന്ന തലമുടിയെ മാടിഉണക്കുന്ന ശ്രമത്തോടുകൂടി നാലുകെട്ടിനകത്തു നടന്നുകൊണ്ടിരുന്നു. ബാലികയുടെ സാന്നിദ്ധ്യത്താൽ ആ ഭവനത്തിലെ ആഭിചാരമൂർത്തികൾ പ്രീണിപ്പിക്കപ്പെട്ടതുപോലെ അവിടം ശോഭിച്ചിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/41&oldid=158536" എന്ന താളിൽനിന്ന് ശേഖരിച്ചത്