യേക്കാം.” ഈ ഉത്തരത്തോടുകൂടി ഒരു ചെറുചിരിയും പുറപ്പെടുവിച്ചു.
ഉമ്മിണിപ്പിള്ള: “മനസ്സിണങ്ങിവിളമ്പിയാലേ സ്വാദുണ്ടാവൂ. ഈ ക്ഷാമമൂർത്തിവേഷവും കളയണം. എന്നാൽ നമുക്കു സുഖമായി കഴിയാം. അമ്മാളുക്കുട്ടി അങ്ങനെ ചിരിക്കുന്നതിനെക്കാൾ നേരെ എന്റെ കണ്ണിലൊന്നു കുത്തുകയല്ലേ ഭേദം?”
മീനാക്ഷിക്കുട്ടി: “ഇതിലധികം എങ്ങനെയാണു മനസ്സിണങ്ങാനുള്ളത്? അമ്മാവനെക്കാണുമ്പോൾ എനിക്കെന്ത് ഉത്സാഹം? എന്തു സന്തോഷം? കണ്ണിൽ കുത്തുന്നത് അമ്മാവൻ തന്നത്താൻ ചെയ്യുന്നുണ്ടല്ലൊ.”
ഉമ്മിണിപ്പിള്ള: (ചെവി പൊത്തിക്കൊണ്ട്) “ഈ അമ്മാവൻ വിളി എന്നെ കൊല്ലുണു. തൽക്കാലത്തേക്ക് ചേട്ടാ എന്നൊ മറ്റൊ വിളിക്കരുതോ?”
മീനാക്ഷിക്കുട്ടി: “നാടു മറന്നാലും മൂടു മറക്കാമോ? അമ്മാവൻ ഈ ജന്മത്തേക്ക് എനിക്കിനി അമ്മാവൻതന്നെ. ചേട്ടാ എന്നു വിളിച്ചാൽ അമ്മാവന് അവസ്ഥക്കുറവാണ്.”
മീനാക്ഷിയുടെ മറുപടിയിൽ ആദ്യഭാഗം മീനാക്ഷിയുടെയും ഉമ്മിണിപ്പിള്ളയുടെയും കുടുംബവ്യത്യാസത്തെ സൂചിപ്പിച്ചു എന്ന് ഉമ്മിണിപ്പിള്ളയ്ക്കു തോന്നി. അതു വജ്രസൂചിപോലെ ഉമ്മിണിപ്പിള്ളയുടെ ഹൃദയത്തിൽ തറച്ചു. അയാൾ കോപാരംഭത്തോടുകൂടി ഇങ്ങനെ പറഞ്ഞു: “ആർക്കും സൗന്ദര്യത്തിളപ്പു കൊള്ളൂല്ല. അഹങ്കാരത്തിനും വേലി വേണം. നാടും മൂടുംകൊണ്ടു തിളച്ച്, ഒരിക്കൽ കഴുകും തുറയും കേറി — ഇനിയും കാടു കേറരുത്, പറഞ്ഞേക്കാം.”
മീനാക്ഷിക്കുട്ടി: (കോപവ്യസനങ്ങൾ ഇടകലർന്ന് കലുഷവദനയായി) “കഴുകേറിയവർക്കുണ്ടോ കാടിനെ ഭയം? ഇതൊന്നും അമ്മ കേൾക്കരുത്.”
ഉമ്മിണിപ്പിള്ള: (കുറച്ചുകൂടി ദേഷ്യത്തോടുകൂടി) “കേട്ടാൽ പച്ചപ്പച്ചാത്തിന്നുകളയുമോ? ഞാൻ ക്ഷമിക്കൂല്ല. നാളത്തേക്കു നിങ്ങളുടെ കാര്യമെല്ലാം എന്നെ ചുമതലപ്പെടുത്തിയിരിക്കയാണ്. സ്വാമി തിരുവടികൾ എഴുന്നള്ളുന്നതിനു മുമ്പ് രണ്ടിലൊന്നു തീർച്ചയാക്കണം. നമ്മുടെ കാര്യമെല്ലാം ഞാനവിടെ ധരിപ്പിച്ചിട്ടുണ്ട്. ഇവിടെ വരുമ്പോൾ തീർച്ചയാക്കാമെന്ന് ഒടുക്കം അരുളിച്ചെയ്തിട്ടുമുണ്ട്.”
മീനാക്ഷിക്കുട്ടി: “സ്വാമി അവർകൾ വരുമ്പൊഴേക്കുരണ്ടിലൊന്നു തീർച്ചയാക്കിവയ്ക്കാൻ അദ്ദേഹം എന്റെ അച്ഛനോ? അമ്മാവനോ? കൊച്ചമ്മിണിഅമ്മേടടുത്തും ഇങ്ങനെതന്നെയാണോ മല്ലിനുനിന്നതും? പെണ്ണുണ്ടാക്കാൻ വേട്ടക്കോലുമെടുത്തോണ്ട് പുറപ്പെടാറുണ്ടോ? ഒന്നു ഞാൻ തീർച്ചപറയാം—അമ്മാവൻ അമ്മാവനായിരിക്കേയുള്ളു. വേറെവിധം അവകാശം കൊണ്ടുവരികയാണെങ്കിൽ ഇനിമേൽ അതുമില്ല.”
ഉമ്മിണിപ്പിള്ള: “ഈ വീരവാദമെല്ലാം ഏതുവരെ? എന്റെ കൈയിൽ ചില മന്ത്രങ്ങളുണ്ട്. ഒരേ ഒരു വാക്കിൽ നിങ്ങടെ സ്ഥിതി എവിടെക്കിടക്കും?”
മീനാക്ഷിക്കുട്ടി: “ചന്ത്രക്കാറമ്മാവനുണ്ട് ഞങ്ങളുക്കു സഹായം.”
ഉമ്മിണിപ്പിള്ള: (ചന്ദ്രക്കാറസ്വരത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട്) "ആ അമ്മാവൻ കിമ്മാവനുമാകാം! ഈ അമ്മാവന്റെ കാര്യത്തിൽ ശാസ്ത്രമെടുക്കും, മുറയെടുക്കും, തറയെടുക്കും—അതെ, മിനുമിനാന്നിരിക്കും, മനസ്സിനെ കിരുകിരാന്ന് ചൊറിയിക്കും. ചക്രം! ഹേഹേ! മിഴിക്കണ്ട, ആ അമ്മാവനും ഭാര്യയാക്കാൻതന്നെ കെട്ടിച്ചമഞ്ഞു നടക്കുന്നത്. അല്ലാണ്ടുണ്ടോ അക്കോമര് തുള്ളുണു?"
മീനാക്ഷി ഒന്നു പുറന്തിരിഞ്ഞു പാചകശാലക്കെട്ടിലേക്കു നട തുടങ്ങി. ഉമ്മിണിപ്പിള്ള ധർമ്മവും മര്യാദയും മറന്ന്, ആ കന്യകയെ കൈയ്ക്കു പിടിച്ചു തടുത്തു. സിംഹശക്തിയോടുകൂടി കൈ തട്ടീട്ട് സിംഹിയെപ്പോലെ കോപംകൊണ്ടു ജൃംഭിതമായ മുഖത്തോടുകൂടി മീനാക്ഷി തിരിഞ്ഞുനിന്നു. ജംബുകനെപ്പോലെ താടി വിറച്ച്, താണ്, സ്വല്പനേരം നിന്നിട്ട്,