ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വൃദ്ധ: “അതിന് തരം വരാതെന്തു ചെയ്യും? എല്ലാരും മരിച്ചൊടുങ്ങി. കുപ്പനും എനിക്കും ഇനി കാലമെന്തുണ്ട്? ഞങ്ങളെച്ചുറ്റിയിരിക്കുന്ന ആപത്ത് തീർന്നല്ലാതെ ഇവളെ ആരു കൊണ്ടുപോകും? അതിനു വഴിയെന്ത്? വേണ്ടതു ചെലവിടാം.” (വൃദ്ധയും മറ്റു ദാരിദ്ര്യസ്ഥിതിയിൽ ഇരിക്കയാണെന്നും, അതിന്റെ നിവൃത്തിക്ക് എന്തെങ്കിലും താൻ അപ്പഴപ്പോൾ സഹായിക്കണമെന്നും മാമൻ ആലോചിച്ചിരുന്നു. സമ്പത്തില്ലാത്ത കഷ്ടം അവരെ ബാധിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ മാമന്റെ മനസ്സിൽനിന്ന് വലുതായ ഒരു ഭാരം നീങ്ങി.) “സഹായിപ്പാൻ പ്രാപ്തിയും നേരും ഉള്ളവരെ ഇങ്ങ് കിട്ടണ്ടയോ? ഈ പരമാർത്ഥങ്ങൾ മുഴുവനും ചന്ത്രകാറനോടുതന്നെ പറവാൻ പാടില്ല. തന്നോടാകകൊണ്ട് പറഞ്ഞു.” (താൻ നാരായവേരായ ബന്ധുവാണെന്ന് മാമൻ അഭിനയിച്ചു.) “ഈ പ്രദേശംവിട്ട് ഇവൾക്ക് ഒരു പൊറുതി കിട്ടിയാൽ വല്യ ഭാഗ്യമായി. അതിനു വേണ്ട വഴി നോക്കാനാണ് ഇങ്ങോട്ടുപോന്നതുതന്നെ.”

കുപ്പശ്ശാർ കണ്ണുകൊണ്ട് മാമനെ സകല കാര്യങ്ങളും ഭരമേല്പിച്ചു. ‘വെങ്ണുശ്ശാമി’ എന്ന് സംബോധനചെയ്തുകൊണ്ട്, ബ്രാഹ്മണന്റെ ഉള്ളിൽ അങ്കുരിച്ചിട്ടുള്ള അഭിപ്രായങ്ങളെ സധൈര്യം പറവാൻ അയാൾ ഉത്സാഹിപ്പിച്ചു. മാമൻ ഇരുന്നിരുന്ന സ്ഥലത്തുനിന്ന് പല ആവൃത്തി ഇളകിയുറച്ച്, തുടയിൽ താളവും പിടിച്ച് ചുമച്ച്, കണ്ഠവും തെളിച്ച്, കരുണയോടെ അമ്മാളുക്കുട്ടിയെ കടാക്ഷം ചെയ്തപ്പോൾ, ആ ബാലിക അന്നു തനിക്ക് ഭർത്തൃവർഷമെന്നു വിചാരിച്ച് ഒന്നു പുഞ്ചിരിക്കൊണ്ടു.

മാമാവെങ്കിടൻ: “പുഞ്ചിരിപ്പൂ തൂകറയാ? നമുക്കും രാജാധികാരമിരുക്ക്. ബന്ധനം ചെയ്തുടറേൻ പാർ!” (വൃദ്ധയോടും) “നമ്മുടെ സ്വാധീനത്തിൽ ഒരു കുട്ടിയുണ്ട്. എഴുത്തുകുത്തിൽ ബുധൻ പഠക്കും; കണ്ടാലോ രാജകേസരി. മിണമിണന്നങ്ങനെ നിപുണത്വം വഴിയും. എന്തിനു വിസ്തരിക്കുന്നു? നമ്മുടെ കേശവൻകുഞ്ഞിനെ ഒന്നു കണ്ടാൽ—” അമ്മാളുക്കുട്ടി ഭൂമി പിളർന്ന് തിരോഹിതയായതുപോലെ മറഞ്ഞു. വൃദ്ധ അർദ്ധവ്യാജഗൗരവം നടിച്ചു. കുപ്പൻ “അങ്ങനെ! അരമനരഹസ്യം അങ്ങാടിപ്പാട്ട്” എന്നു സ്വഭാഷയിൽ വൃദ്ധയുടെ മോഹാനുകൂലമായി നടന്നുകൊണ്ടിരുന്ന ഒരു ശ്രമം പുറത്തു വന്നു പോയി എന്ന് അപഹസിച്ചു ചാഞ്ചാടി. മാമാവെങ്കിടൻ ലാക്കിനുകൊണ്ടു എന്ന് തന്റെ ബുദ്ധിയെ അഭിമാനിച്ച് ഉത്സാഹഭ്രമം കൊണ്ടിളകി, ഒരു രുഗ്മിണീസ്വയംവരകഥ നടത്താൻ ചേങ്ങലയും കോലും കൈക്കൊണ്ട് രാഗാലാപം തുടങ്ങി.


അദ്ധ്യായം ആറ്


“നീ മമ സഹായമായിരിക്കിൻ മനോരഥം
മാമകം സാധിച്ചീടുമില്ല സംശയമേതും.”

വിക്രമചോളകുലോത്തുംഗചെൽവപാദത്തരശരാന, ചേരനാട്ടീരോരായിരത്തുക്കും തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി എന്ന പ്രഭുവെ ക്രമോപചാരപുരസ്സരം വായനക്കാരുടെ സമക്ഷത്തു പ്രവേശിപ്പിച്ചുകൊള്ളട്ടെ. ഒന്നാം അദ്ധ്യായത്തിലെ ഭക്തസംഘത്തലവൻ ഇദ്ദേഹംതന്നെ ആയിരുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനമാനങ്ങൾ സ്വാക്രമസിദ്ധമല്ലെന്ന് ഖണ്ഡിച്ചു പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ കുടുംബോത്ഭവത്തെക്കുറിച്ച് ഗ്രന്ഥവരികളിൽനിന്നു ഗ്രഹിപ്പാൻ സാധിച്ചിടത്തോളം സംക്ഷേപത്തെ ഇവിടെ ചേർക്കുന്നു—ചേരഉദയ മാർത്താണ്ഡവർമ്മമഹാരാജാവ് നായന്മാരുടെ വസതിയായുള്ള ദേശത്തിന്റെ ദക്ഷിണപ്രാന്തത്തെ പാരദേശികമുഷ്കരന്മാരുടെ ആക്രമങ്ങളിൽനിന്നു രക്ഷിപ്പാനായി, ഇരണിയൽ, കൽക്കുളം എന്നീ താലൂക്കുകളുടെ തെക്കരുകോടടുത്ത്, ഏതാനും നായർഗൃഹങ്ങളെ പടിഞ്ഞാറ് സമുദ്രതീരംമുതൽ കിഴക്ക് സഹ്യപർവതതടങ്ങൾവരെ ഒരേ നിരയായി ഉറപ്പിച്ചു. ഈ ഏർപ്പാടിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/47&oldid=158542" എന്ന താളിൽനിന്ന് ശേഖരിച്ചത്