"ധീരനായുള്ള കുമാരനും മെല്ലവേ
ചാരുസരോജനേത്രൻപദാംഭോരുഹം
മാനസതാരിലുറപ്പിച്ചു ഭക്തനാ-
യാനന്ദമോടേ നടന്നുതുടങ്ങിനാൻ-"
ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോട് സംസ്ഥാനവിസ്തൃതിയെ വർദ്ധിപ്പിച്ച് രാജ്യഭരണംചെയ്യുന്നകാലത്ത്, നവമായി സമ്പാദിക്കപ്പെട്ട ചങ്ങനാശ്ശേരി മുതലായ പ്രദേശങ്ങളിലെ പ്രജാസംഘങ്ങൾക്കിടയിൽ ചില അന്തച്ഛിദ്രങ്ങളും രാജദ്രോഹോദ്യമലക്ഷ്യങ്ങളായ കലാപങ്ങളും സംഭവിക്കുന്നു. പാണ്ഡ്യദേശീയന്മാരായ ചില പാളയത്തലവന്മാർ 927-ൽ കൗശലവിശ്രുതനായ രാമയ്യൻദളവയാൽ അമർത്തപ്പെട്ടുവെങ്കിലും, 'ദുഷ്ട് കിടക്കെ വരട്ടപ്പെട്ട' വ്രണം പോലെ വീണ്ടും തിരുവിതാംകൂറിൽ സംക്രമിപ്പാനുള്ള ദുർമ്മേദസ്സമുച്ചയലാഞ്‌ഛനങ്ങളെ കാട്ടിത്തുടങ്ങുന്നു. സിംഹപരാക്രമനായ ഹൈദരാലിഖാൻ ബഹദൂർ മൈസൂർ രാജാവിന്റെ പദ്ധതികൾ ചരിത്രവിശ്രുതരണശൂരനായ വെങ്കിട്ടറായ് സേനാധിപന്റെ നേതൃത്വത്തിൽ മധുരപട്ടണത്തിന്റെ ഉത്തരപ്രദേശങ്ങളെ നിരോധിച്ചിരിക്കുകയാൽ ആ അല്‌പായുഷ്‌പ്രഭാവത്തിന്റെ അത്ര ദൂരത്തുള്ള ആവിർഭാവവും രക്തവർഷസൂചകമായ കൊള്ളിമീനെന്നപോലെ ഒരു മഹാവിഭ്രാന്തിയെ വ്യാപരിപ്പിക്കുന്നു. ഈ ആപത്തുകളുടെ നിവാരണത്തിനായി മഹാരാജാവ് തന്റെ അക്ഷൗഹിണീബഹുലത്തെ ഭാഗിച്ച് രാജ്യത്തിൽ സഹ്യപർവതനിരയോടും സമുദ്രതീരത്തോടും ചേർന്ന ദേശങ്ങളിലും ഉത്തരപര്യന്തങ്ങളിലും പാളയങ്ങളുറപ്പിച്ചിരിക്കുന്നു. രാജ്യത്തിലെ പ്രഭുശക്തിയെ ഇതിന്മണ്ണം വിനിയോഗിച്ചതിനു പുറമെ വിദേശീയരിപുക്കളുടെ പ്രസ്ഥാനത്തെ തന്ത്രമാർഗ്ഗേണ നിരോധിക്കുന്നതിന്, ആർക്കാട്ടുനബാബ്, ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനി മുതലായ മഹച്ഛക്തികളുടെ ആസ്ഥാനങ്ങളിലേക്ക് മഹാരാജാവ് അത്യന്തവിശ്വസ്തനും കാര്യവിദഗ്‌ദ്ധനുമായ ഒരു സ്ഥാനാപതിയെ ഗൂഢമായി നിയോഗിക്കുകയും ചെയ്യുന്നു.
രാജ്യകാര്യങ്ങളുടെ ഏവംവിധങ്ങളായ സ്ഥിതിഗതികൾക്കിടയിലാണ് ഈ വിഷ്കംഭാദ്ധ്യായത്തിലെ സംഭവങ്ങൾ നടന്നത്. ദക്ഷിണതിരുവിതാംകൂർകാരായ ജനങ്ങൾ 'ആപദി ഭജന്തി’ ന്യായത്തെ അനുസരിച്ച് കൊല്ലം 929 ലെ ശിവരാത്രിവ്രതത്തെ പ്രത്യേക ശ്രദ്ധയോടും, ശിവപുരാണപ്രോക്തമായുള്ള മാർഗ്ഗത്തെ കൃത്യമായി അനുസരിച്ചും, അനുഷ്ഠിക്കുന്നു. സാമാന്യേന ആബാലവൃദ്ധം ഉപവാസം അനുഷ്ഠിക്കുന്ന ആ ദിവസത്തിൽ പുരാതനത്വം, പ്രഭുത്വം, ധനസമൃദ്ധി എന്നിവകൊണ്ട് അനേകശതവർഷങ്ങളായി, കിരീടധാരണക്രിയകൂടാതെ, രാജാധികാരത്തെ നടത്തിവന്നിരുന്ന ഒരു പ്രഭുകുടുംബത്തിലെ പരിചാരകനായ ഒരു ബാലൻമാത്രം വ്രതലംഘകനായിത്തീർന്നിരിക്കുന്നു. സ്വകുടുംബത്തെ വർജ്ജിച്ച്, അനന്യശരണനായി ഐശ്വര്യോൽകർഷദീക്ഷിതനായി, ആ ഗൃഹത്തിൽ പ്രവേശിച്ച ബാലൻ അതിന്റെ നാഥനായ മഹാപ്രഭുവിനെ രായസക്കാരനായി സേവിക്കുന്നതിന് ഉപയോഗപ്പെട്ടുപോന്നതിനാൽ കുടുംബാംഗങ്ങൾക്കും കേവലം ഭൃത്യൻമാർക്കും ഇടയിൽ, അങ്ങുമിങ്ങും ചേരാത്ത ഒരു മൂന്നാംകൂറ്റുകാരനായി, ആ രണ്ടു വർഗ്ഗക്കാരുടെയും അസൂയാപാത്രമായി അവിടെ പാർത്തുവന്നിരുന്നു. ശത്രുജയത്തിന് ഉപയുക്തമായിട്ടുള്ളത് ആരോഗ്യപൂർണ്ണമായ കായംതന്നെ എന്നുള്ള സിദ്ധാന്തത്താലായിരിക്കാം, ബാലൻ ആ രാത്രിയിലും പാചക ശാലയുടെ മുൻപിലുള്ളതളത്തിൽ നിയമപ്രകാരം അത്താഴത്തിന് ഇരുപ്പുപിടിച്ചു. ആ തക്കത്തെ കളയാതെ ചില ഭൃത്യനാരദന്മാർ ജവത്തിൽ ഗൃഹനായികയുടെ അന്തികം പ്രാപിച്ച് ഐശ്വര്യനാശകമായ ആ ദുർവൃത്താർശനസങ്കടത്തെ ധരിപ്പിച്ചു. സ്വന്തം കോട്ടയ്ക്കകത്തുള്ള ജലാശയത്തിൽ പ്രഥമമായും, കസവുചേല, ആഭരണസഞ്ചയം, സിന്ദൂരാദ്യലങ്കാരങ്ങൾ എന്നിവകളിൽ ആവർത്തിച്ചും മജ്ജനം കഴിച്ച്, സ്വന്തം അന്തിമാളമ്മൻകോവിലിലെ ശിവസന്നിധിയിൽ രണ്ടാം യാമപൂജയ്ക്ക് ദർശനംചെയ്‌വാനായി ചമയം കഴിഞ്ഞിരിക്കുന്ന പ്രഭുകുടുംബിനി, ഔദ്ധത്യംകൊണ്ട് പാഷണ്ഡതയെ അവലംബിച്ചിരിക്കുന്ന ബാലന്റെ ദുരാചാരത്തിനെ ശിക്ഷിപ്പാൻ,