ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആ സാധുക്കൂട്ടത്തിന് നിദ്രയ്ക്കു കിട്ടുന്ന സ്വല്‌പസമയത്തെ കഴിയുന്നത്ര ദീർഘിപ്പിച്ച്, ക്ഷീണശമനം സാധിച്ചുകൊൾവാൻ മാത്രമായിരുന്നു. ഭൃത്യന്മാർ അർദ്ധപ്രബുദ്ധന്മാരായി വർത്തിക്കുന്നതിനിടയിൽ കുഞ്ചുത്തമ്പി ആത്മാകർഷണത്താലെന്നപോലെ ഉണർന്ന് പുറത്തുണ്ടായ കോലാഹലങ്ങളുടെ കാരണമെന്താണെന്ന് ആലോചിക്കുന്നതിന് ഭാര്യയെ ഉണർത്തുവാൻ ശ്രമിച്ചു. ആ മഹതി കോപഹാസ്യനീരസങ്ങളെ സൂചിപ്പിച്ചുള്ള ചില ആട്ടുകളോടുകൂടി തന്റെ ചപ്രമഞ്ചത്തിന്റെ ചട്ടവും കൂടവും കാലുകളും തകർന്നുപോമ്മാറ് ഒന്നു തിരിഞ്ഞുകിടന്നതല്ലാതെ ഭർത്തൃചോദ്യത്തിന് യാതൊരു ആഭിമുഖ്യത്തേയും നല്കിയില്ല. ‘എടാപാടെ’ എന്ന് തമ്പി തന്റെ അക്ഷമയെ ഉദ്വമിച്ചു. “അയ്യേ! കോട്ട! നിലംപാഞ്ഞു പോവൂടണൊ?” എന്ന് തമ്പിയുടെ രണ്ടു വാക്കിന് ഇരട്ടിയായി തങ്കച്ചി തന്റെ പ്രകൃതപർവതത്വത്തെ പ്രകടനംചെയ്തു. “ഒന്നു ചവപ്പാനെങ്കിലും എടുത്തുതന്നൂടയോ?” എന്ന് തമ്പിയും, “എക്കെന്റെ കുറുക്ക് നൂരട്ട്” എന്നു തങ്കച്ചിയും, “നമ്മക്കുള്ള പൊന്നുംകൊടതമ്മിണിയല്ലിയോ?” എന്ന് ശൃംഗാരമായി തമ്പിയും, “ഉദിക്കുംവേളയിൽ കെടന്നു വെളയണതു കണ്ടില്യൊ?” എന്ന് സരസമറുപടിയായി തങ്കച്ചിയും— ഇങ്ങനെ ആ ദമ്പതിമാർ അവർക്കു രസകരമെന്നു തോന്നിയ ഒരു രഹസ്സല്ലാപംകൊണ്ടു കുറച്ചുനേരം കഴിച്ചു. അപ്പോൾ അവർ കിടന്നിരുന്ന അറയുടെ തെക്കെവശത്തും, എന്തിനു പറയുന്നു, മറ്റുള്ള സ്ഥലങ്ങളിലും നിന്ന് “കൊച്ചമ്മ! അങ്ങുന്നേ! അമ്മച്ചീ” എന്ന് ഭൃത്യന്മാർ പരിഭ്രമത്തോടെ വിളികൂട്ടിത്തുടങ്ങി. തമ്പി ചന്ത്രക്കാറനെപ്പോലെ കണ്ടകനല്ലായിരുന്നു. സ്വകുടുംബത്തിലും ഒരു ദളവായോ സർവാധിയോ ഉണ്ടായിട്ടില്ലെന്നുള്ള അസൂയാശകലവും, ഉണ്ടാവാനുള്ള അതിമോഹശകലവും ഇതുകളിൽനിന്ന് ശാഖകളായി ബഹുദൂരം വീശീട്ടുള്ള ചില ചില്ലറ ചാപല്യശകലങ്ങളും അല്ലാതെ മറ്റൊരുവിധത്തിലും തമ്പിയുടെ സ്വഭാവം മനുഷ്യസാമാന്യത്തിന്റെ സ്വഭാവത്തിൽനിന്ന് വളരെ ഭിന്നമായിരുന്നില്ല. തമ്പിയുടെ സുഖനിദ്രാലംഘനമായി ഭൃത്യന്മാർ വിളികൂട്ടിയപ്പോൾ, അദ്ദേഹം തന്റെ ശയനമുറിയുടെ വാതിൽ തുറന്ന് അവരുടെ സംഭ്രമകാരണമെന്തെന്ന് അന്വേഷണംചെയ്തു.

അഞ്ചുനാഴിക വെളുപ്പോടുകൂടി ‘പടിക്കൽ’ വിളിച്ച പറയർക്കും മറ്റും കൃഷിയായുധങ്ങളെ എടുത്തുകൊടുപ്പാനായി അവിടത്തെ രണ്ടാം വിചാരിപ്പുകാരിൽ ഒരാൾ വാതിൽ തുറന്നപ്പോൾ, പൂമുഖത്ത് ഒരു കാഴ്ച കാണപ്പെട്ടു. ആ സംഗതി പരസ്യമാക്കാതെ യജമാനനെ ധരിപ്പിക്കാൻ ശ്രമിച്ചത്, ഉണർന്നിരുന്ന ഭൃത്യരുടെ ശ്രദ്ധയെ ആകർഷിച്ചു. വിചാരിപ്പുകാരനും ഭൃത്യരും തമ്മിൽ ശുഷ്കാന്തിമത്സരം ഉണ്ടായി. കാര്യം വലുതായ തിരക്കിൽ കലാശിച്ചു. തമ്പിയുടെ അന്വേഷണാരംഭത്തിൽ, സ്വമഞ്ചത്തിൽ കിടന്നുകൊണ്ടുതന്നെ എന്തെരെടാ, കൊളത്തിൽ തീ പിടിച്ചൂട്ടൊ?” എന്നു തങ്കച്ചി ചോദ്യം ചെയ്തപ്പോൾ “ചാമീര് പൂമൊവത്ത് അവസാനിക്കണാ” എന്ന് ഭൃത്യൻ അറപ്പുരത്തിണ്ണയിൽ കയറി തമ്പിയോടു സ്വകാര്യമായി ഉണർത്തിച്ചു. തമ്പിക്ക് ഭൃത്യൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി, അദ്ദേഹം പരമാനന്ദാബ്ധിയിൽ മുങ്ങി. തങ്കച്ചിയും ഭൃത്യന്റെ വാക്കു കേൾക്കയാൽ കൃതയുഗകാലത്തേക്കു ചേർന്ന ഭീമാകൃതിയുള്ള കാൽപ്പന്തുകണക്കെ കട്ടിലിൽനിന്ന് എക്കി ഉയർന്ന് ഭർത്താവിന്റെ പുറകിലെത്തി, സ്വമനസ്സാക്ഷ്യത്തിനു വിരോധമായി “ഇവിടെക്കിടന്നു പൂത്താനിക്കണം, ഞാനിതാ അനത്താനോ കാച്ചാനോ പോണേൻ” എന്നു പറഞ്ഞ് തന്റെ പാചകശാലാഭരണത്തിനെന്ന ഭാവത്തിൽ പുറപ്പെടാൻ ഭാവിച്ചു. “ആങ്ഹാ! ഇങ്ങനെയോ വേണ്ടപ്പം വേണ്ടത്?” എന്ന് കാര്യമായിത്തന്നെ പ്രണയപരിഭവം പറവാൻ തമ്പി ഭാവിക്കുന്നതിനിടയിൽ, തങ്കച്ചി ഭൃത്യരെ വിളിച്ച് ആ കെട്ടിടത്തിനകത്തുണ്ടായിരുന്നവയിൽ സ്വമഞ്ചമൊഴിച്ച് സകലതും അവിടെനിന്നും മാറ്റിച്ചു. തന്റെ ഭാര്യയുടെ സഹകാരിത്വം കണ്ടു സന്തുഷ്ടനായി, തമ്പി മുഖപാദക്ഷാളനാദ്യങ്ങൾക്കായി പോയി. അകത്തെ തളങ്ങളും മുറ്റങ്ങളും അടിച്ചുവാരിത്തളിപ്പിച്ച്, ജപപ്പലക, പുലിത്തോൽ, വലുതായ ഇരട്ടദ്ദീപം എന്നിവ തളത്തിലും, കംബളോപധാനങ്ങൾ, വീശുന്നതിന് ആലവട്ടം എന്നിത്യാദികൾ മഞ്ചത്തിന്മേലും, ജലപൂർണ്ണമായ വലിയ കലശപ്പാനകളും കിണ്ടികളും തിണ്ണയിലും ഒരുക്കംചെയ്തതിന്റെ ശേഷം, ശിഷ്ടം താൻകൂടിയ കാര്യമല്ലെന്നുള്ള ഗൗരവത്തോടുകൂടി അരത്തമപ്പിള്ളത്തങ്കച്ചി വടക്കേക്കെട്ടിലും മറ്റും നിന്ന് കുട്ടികളെ ശകാരിച്ചും തല്ലിയും ഉണർത്തിക്കൊണ്ട്, അടുക്കളക്കെട്ടിലേക്കു പൊയ്ക്കളഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/51&oldid=158547" എന്ന താളിൽനിന്ന് ശേഖരിച്ചത്