ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ളുടെ മദമമത്സരത്തോടുകൂടിയ വായ്ക്കുരവകളും ചേർന്ന് യോഗീശ്വരഘോഷയാത്രാവൃത്താന്തത്തെ ഇന്ദ്രപദത്തിൽ എത്തിക്കുന്നു. മുകളിൽ ചപ്രവിതാനംകൂടാതെ പുഷ്പമാലകളും കസവുകുഞ്ചങ്ങളും കേസരങ്ങളുംകൊണ്ട് അലങ്കരിക്കപ്പെട്ട ദണ്ഡത്തോടുകൂടിയ പല്ലക്കിൽ യോഗീശ്വരൻ ആരോഹണം ചെയ്യപ്പെട്ടു. വാഹകന്മാർ പല്ലക്കിനെ ഉയർത്തി, ബഹുശുഭ്രവസ്ത്രങ്ങൾകൊണ്ട് സവിശേഷം വിസ്തൃതനായ ചന്ത്രക്കാറൻ പാർശ്വസേവനത്തോടുകൂടി, യോഗീശ്വരഘോഷയാത്രയ്ക്ക് സകലതും തയ്യാറായി. വഞ്ചിരാജസേനാനായകൻ ആകാൻ പോകുന്ന ചന്ത്രക്കാറന്റെ നേത്രാഞ്ചലജ്ഞാബലം കൊണ്ട് ബഹുസഹസ്രജനസങ്കലനമായുള്ള ആ സംഘം വഴിമദ്ധ്യത്തിൽ വിരിക്കപ്പെട്ടു തുടങ്ങിയ രസികൻ കുന്നുമണലിന് ഭംഗിഭംഗം വരുത്താതെയും, കാലോടുകാലു തട്ടാതെയും, തോളോടുതോളുരുമ്മാതെയും കവാത്തുമുറയ്ക്കു നടകൊള്ളുന്നതിന് രണ്ടണിയായി നിരന്നുനിന്നു. പൊന്നണിഞ്ഞുള്ള ഗജങ്ങളും കൊടിതഴകളും പ്രസ്ഥാനത്തിന്റെ പ്രഥമാംഗമായി അണിയിട്ടു. ചെകിടുപൊടിപെടുത്തുന്ന പടഹാദിവാദ്യക്കാർ കാഹളാദിസമേദം ഗജനടകൾക്കു പുറകിൽ നിരന്നു. അനന്തരം കോലടിക്കാർ, കല്യാണക്കളിക്കാർ, പാണ്ടിവാദ്യക്കാർ എന്നിങ്ങനെ ഓരോ സംഘം അനുക്രമമായി നിലകൊണ്ടു. അതിനടുത്ത് പുറകിൽ ഭജനസംഘവും പിന്നീട് ബ്രാഹ്മണസംഘവും അതിനെത്തുടർന്ന് വിശേഷവിദഗ്ദ്ധന്മാരായ നാഗസ്വരക്കാരും, അവരുടെ പിന്നിൽ അഷ്ടമംഗല്യം വഹിച്ചുള്ള കന്യാജനങ്ങളും, രാജശാസനയാലെന്നവണ്ണം കൃത്യമായും കുഴപ്പങ്ങൾ കൂടാതെയും പുറപ്പാടുവട്ടത്തെ പുഷ്ടീകരിച്ചു. അനന്തരം യോഗീശ്വരബിരുദവാഹകന്മാരും പരിവാരങ്ങളും യോഗീശ്വരപര്യങ്കവും പൗരജനങ്ങളും, ഇങ്ങനെ പർവവിഭാഗം ചെയ്തു പുറപ്പെട്ടു തുടങ്ങിയ ഘോഷയാത്ര കേരളത്തിൽ "ന ഭൂതോ ന ഭവിഷ്യതി." തുരുതുരെ എത്തി സംഖ്യകൂട്ടുന്ന ബ്രാഹ്മണസംഘങ്ങളെ സ്ത്രോത്രഗീതങ്ങളും, ചെണ്ട മുതലായ വാദ്യങ്ങൾ താളസ്വരലംഘികളായിത്തകർക്കുന്ന ആരവവും ഇടയ്ക്കിടെ പുറപ്പെടുന്ന "ഗോവിന്ദനാമസങ്കീർത്തനം! ഗോവിന്ദാ! ഗോവിന്ദാ!" എന്നുള്ള ആർപ്പുകളും, വൃദ്ധന്മാരിൽ രോമാഞ്ചത്തേയും യുവാക്കളിൽ ഉന്മേഷത്തേയും ബാലന്മാരിൽ ക്രീഡോത്സാഹത്തേയും ഉടയാൻപിള്ളയുടെ മനഃപത്മത്തിൽ ചാരിതാർത്ഥ്യമധുവിനേയും ഉല്പാദിപ്പിക്കുന്നു. ഭക്തിപാരവശ്യംകൊണ്ട് പുരുഷന്മാരും, ബാധോപദ്രവതുല്യമായ ഭ്രമംകൊണ്ട് സ്ത്രീകളും, ചിലർ തുള്ളിത്തുടങ്ങുന്നു; ഉപവാസത്തിനിടയിൽ ഉദയസൂര്യരശ്മികൾ തട്ടുകയാലും, വാദ്യഘോഷത്തിന്റെ ഇടയ്ക്കിടെ തീരുന്ന വെടികളുടേയും ബഹളങ്ങൾകൊണ്ട് സിരാബന്ധങ്ങൾ ക്ഷീണിച്ചും ചിലർ മോഹാലസ്യപ്പെട്ടും വീഴുന്നു. ഇവരുടെ ആലസ്യപരിഹാരത്തിനായി ശ്രമിച്ച് മറ്റു ചിലർക്ക് ക്ഷീണം വർദ്ധിക്കുന്നതിനിടയിൽ, ഉത്സാഹമൂർച്ചയോടുകൂടി വാദ്യക്കാർ തങ്ങളുടെ മേളകളകളത്തെ മുറുക്കുന്നു. സങ്കീർത്തനക്കാരും, കല്യാണ ആർപ്പുകാരും, കുരവക്കാരികളും പുഷ്ടോത്സാഹരായി മത്സരം കലർന്ന് തങ്ങളുടെ ശബ്ദനാളശക്തിയെ പരീക്ഷിക്കുന്നു. എല്ലാത്തിനും സ്ഥായിസൂത്രമെന്നോണം യോഗീശ്വരന്റെ പ്രധാന അന്തേവാസിയായ ഉമ്മിണിപ്പിള്ള കൊമ്പനാനകളുടെ വാലുകൾതൊട്ട് കണ്ണിൽവച്ചും, കോലടിക്കാർക്ക് പാതാളച്ചൂണ്ട്, ആകാശവീച്ച്, എന്നു ചില പൊടിക്കൈകൾ ഉപദേശിച്ചും കല്യാണക്കളിക്കാരോടുചേർന്ന് ചില ചോടുകൾ ചവിട്ടിയും, പരിചിതരായ ബ്രാഹ്മണരുടെ വീശുപുടവകളെ തട്ടിത്തെറിപ്പിച്ചും, അഷ്ടമംഗല്യവാഹിനികളുടെ അണികൾ ശരിയിടീച്ചും; യോഗീശ്വരവാഹനത്തിന് അപ്രദക്ഷിണങ്ങൾ ചെയ്തും; അദ്ദേഹത്തിന്റെ ഭടന്മാരെ ദേശവിശേഷങ്ങൾ പഠനംചെയ്യിച്ചും, ചെണ്ടക്കോലിനടിയിലും കൊടക്കാരുടെ കക്ഷത്തിനിടയിലും വെടിക്കാരുടെ ചൂട്ടിന്മുനകളിലും ഏകകാലത്തിൽ പെരുമാറിയും, ഒരു കൈയിൽ വിശറിയും മറ്റതിൽ കച്ചമുണ്ടുമായി, അഴിഞ്ഞുപറക്കുന്ന കുടമ കെട്ടാൻ സമയം കിട്ടാതെ, അങ്ങോട്ടോടി, ഇങ്ങോട്ടു പാഞ്ഞ്, അവിടെത്തിക്കി, ഇവിടെത്തള്ളി, ഒരിടത്ത് ഒട്ടുവിശ്രമിച്ച്, മറ്റൊരിടത്ത് ഉത്സാഹം കൊണ്ട് ആടി, ഇങ്ങനെയുള്ള ചടുലഗതിക്കിടയിൽ തനിക്കും എല്ലാവർക്കും വീശിയും സർവാധികാരഭരണം നിർവഹിച്ച്, സർവ്വത്ര വിലസുന്നതു മാത്രം കൊണ്ട് ഈ പ്രസ്ഥാനത്തിന് ഘോഷയാത്ര എന്നപേര് പ്രത്യക്ഷരം അർത്ഥവത്തായിരിക്കുന്നു.

നീരാളപരിവേഷ്ടിതമായ പല്ലക്കിന്മേൽ ആരൂഢനായി നഭോദേശത്തേക്ക് ഉയർന്നപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/57&oldid=158553" എന്ന താളിൽനിന്ന് ശേഖരിച്ചത്